മൈലേജ് വേണോ? ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത്

By Web TeamFirst Published May 20, 2019, 4:35 PM IST
Highlights

ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ക്കും മൈലേജ് കുറയുമ്പോള്‍ ഉപഭോക്താക്കള്‍ സ്വാഭാവികമായും നിര്‍മാതാക്കളെ കുറ്റം പറയും. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലത്തിലെ പിഴവുകളാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം

1. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുന്നതും ഇന്ധനം പാഴായിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങളാണെന്ന് 40 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കും അറിയില്ല. ആക്‌സിലറേറ്റര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍

2. നിരന്തര സര്‍വീസുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കുമെന്ന വസ്‍തുത മൂന്നിലൊന്ന് ഡ്രൈവര്‍മാര്‍ക്കും അറിയില്ല

3. കാറിന്റെ ടയറിലെ പ്രഷര്‍ നിരന്തരം പരിശോധിക്കുന്നത് ഇന്ധനലാഭം ഉണ്ടാക്കുമെന്നത് 58 ശതമാനത്തോളം പേര്‍ക്കും അറിയില്ല

4. നിര്‍ത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന കരുതുന്നവരാണ് 26 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാരും. എന്നാല്‍ എന്‍ജിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നതെന്ന വസ്തുതയും പലര്‍മാര്‍ക്കും അറിയില്ല

5. വേഗമെത്തുന്ന എളുപ്പവഴി കണ്ടെത്താന്‍ വാഹനം പുറപ്പെടുന്നതിന് മുമ്പ് ജിപിഎസ് സംവിധാനം ഉപയോഗിക്കാനറിയാവുന്നത് 27 ശതമാനം പേര്‍ക്കു മാത്രം. യാത്ര പുറപ്പെടുന്നതിനുമുമ്പ് ജിപിഎസ് നോക്കി പാത കണ്ടെത്തുന്നതുവഴി സമയവും പണവും ലാഭിക്കാനാകും

6. ഇന്ധന നഷ്ടം ഇല്ലാതാക്കാന്‍ അധുനിക മോഡല്‍ വാഹനങ്ങളിലുള്ള ഒരു സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. കൃത്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്‌സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭവും നേടാനുമാകും. നിയമപ്രകാരമുള്ള പരമാവധി വേഗത്തില്‍ വാഹനം ഓടിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. എന്നാല്‍ ഈ ക്രൂസ് കണ്‍ട്രോളിനെക്കുറിച്ച് 78 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാരും അജ്ഞരാണ്

7. മലമ്പ്രദേശത്തെ വാഹനയോട്ടം ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 52 ശതമാനം പേര്‍ക്കും അറിയില്ല. ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ നേര്‍പാതയിലൂടെയുള്ള യാത്രയേക്കാള്‍ മലമുകളിലേക്കുള്ള യാത്രയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും. തണുത്തതും(73%) ചൂടേറിയതുമായ(64%) കാലാവസ്ഥകള്‍ വാഹനത്തിന്റെ ഇന്ധന ക്ഷമതയെ ബാധിക്കും

8. ഏറ്റവും കാര്യക്ഷമമായ താപനിലയില്‍ വാഹനത്തിന്റെ എന്‍ജിന്‍ എത്താനായി തണുത്ത കാലാസ്ഥയില്‍ കൂടുതല്‍ സമയം എടുക്കുന്നതു മൂലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നത്. അതിനാല്‍ തണുത്ത കാലാവസ്ഥയില്‍ ചെറിയ യാത്രകള്‍ പോകുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം. ചൂടേറിയ കാലാവസ്ഥയില്‍ എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം

9. വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും

10. വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ പൊക്കിവെയ്ക്കുകയും എന്നാല്‍ വേഗം കുറഞ്ഞ യാത്രയില്‍ വിന്‍ഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്

11. വാഹനത്തില്‍ നിന്നും ഭാരമേറിയ വസ്തുക്കളും മറ്റ് അനാവശ്യ സാധനങ്ങളും എടുത്തു മാറ്റുന്നത് കൂടുതല്‍ ഇന്ധനക്ഷമത നല്‍കുമെന്ന് തിരിച്ചറിയുന്നത്  35 ശതമാനം മാത്രം.  അധിക ഭാരം കൂടുതല്‍ ഇന്ധനം കത്തിച്ചുകളയുന്നതിന് ഇടയാക്കും. അധികമായി 20 കിലോയോളം ഭാരം വണ്ടിയില്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത ഏകദേശം ഒരുശതമാനം കുറയും

click me!