ഇന്നോവ വിയര്‍ക്കും; പുത്തന്‍ എര്‍ട്ടിഗ എത്താന്‍ ദിവസങ്ങള്‍ മാത്രം

By Web TeamFirst Published Oct 15, 2018, 10:15 PM IST
Highlights

രാജ്യത്തെ മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലെ ജനപ്രിയ വാഹനം മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ പതിപ്പ് നവംബര്‍ 21ന് ഇന്ത്യന്‍ വിപണിയിലെത്തും. 

മുംബൈ: രാജ്യത്തെ മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലെ ജനപ്രിയ വാഹനം മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ പതിപ്പ് നവംബര്‍ 21ന് ഇന്ത്യന്‍ വിപണിയിലെത്തും. 

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് പുതുതലമുറ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും.  ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളാണ് പുത്തന്‍ വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ടെന്നതാണ് പുതിയ വാഹനത്തിന്.

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെയാണ്. കൂടുതല്‍ സ്റ്റൈലിഷാണ് ഡിസൈന്‍. പുതുമയുള്ള ഗ്രില്ലും എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്‍ ഭാഗത്തെ മനോഹരമാക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമാണ് സി പില്ലറുകള്‍. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഭാവങ്ങള്‍ വാഹനത്തിനുണ്ട്. ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഇന്നോവ ക്രിസ്റ്റയെ ഓര്‍മ്മിപ്പിക്കുന്നു.

ബീജ് നിറത്തില്‍ മനോഹരമാണ് ഇന്‍റീരിയര്‍. സ്വിഫ്റ്റിലും ഡിസയറിലുമുള്ള അതേ ഡാഷ്ബോര്‍ഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതു പോലെ ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ്. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിങ്ങനെ അകത്തളത്തിലെ പ്രത്യേകതകള്‍ നീളുന്നു.

പുത്തന്‍ 1.5 ലിറ്റര്‍ K15B DOHC VVT പെട്രോള്‍ എഞ്ചിനാണ് ഇന്തോനേഷ്യയില്‍ അവതരിപ്പിച്ച വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന് പരമാവധി 104 bhp കരുത്തും 138 Nm ടോര്‍ഖും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഇന്ത്യയിലും ഇതേ എഞ്ചിന്‍ പതിപ്പുകളായിരിക്കും എത്തുക. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാകും തുടരുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും ഡീസല്‍ എര്‍ട്ടിഗയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും മഹീന്ദ്ര മരാസോ കൂടി വിപണിയിലെത്തിയതോടെ രാജ്യത്തെ എംപിവി സെഗ്മെന്‍റില്‍ ഇനി കനത്ത പോരാട്ടമാവും നടക്കുക. 


 

click me!