തേന്‍ത്തൊട്ടെയിലെ പൊട്ടിപ്പൊളിഞ്ഞ ജീവിതങ്ങള്‍

Published : Mar 22, 2022, 04:34 PM IST
തേന്‍ത്തൊട്ടെയിലെ പൊട്ടിപ്പൊളിഞ്ഞ ജീവിതങ്ങള്‍

Synopsis

തേന്‍ത്തൊട്ടെയിലെ പൊട്ടിപ്പൊളിഞ്ഞ ജീവിതങ്ങള്‍ വേറിട്ടൊരു യാത്രാനുഭവം

അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് യാത്ര പോയിട്ടുണ്ടോ? ഇല്ലെങ്കില്‍ പോകണം. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന രണ്ട് സംസ്ഥാനങ്ങളാണല്ലോ ഉള്ളത്. തമിഴ്‌നാടും കര്‍ണാടകയും.പിന്നെയുള്ളത് മാഹിയാണ്.മലയാളവും ഫ്രഞ്ചും.ശ്രദ്ധിച്ചിട്ടുണ്ടോ,അതിര്‍ത്തി കടന്ന് അപ്പുറത്തേക്ക് എത്തുന്നത് ഒരു നഗരത്തിലേക്കേ ആവില്ല.അതൊരു ഗ്രാമത്തിലേക്കാവും.ഉറപ്പ്.അതും പച്ചയായ ഗ്രാമങ്ങള്‍. തമിഴ്ഗ്രാമമാണെങ്കിലും മലയാളം തെരിയുന്നവര്‍. ഇപ്പുറത്തും അങ്ങനെ തന്നെ. തമിഴ് അറിയുന്നവര്‍.ഇനി കര്‍ണാടക അതിര്‍ത്തിയാണെങ്കില്‍ അവിടെയും ഭാഷ സങ്കരമായിരിക്കും.കന്നട ഗൊത്തുന്ന മലയാളത്താന്മാരും മലയാളം അറിയുന്ന കന്നഡികരും.ഒരു ചെക്‌പോസ്റ്റ് കൊണ്ട് തടഞ്ഞ് നിര്‍ത്താവുന്നതല്ലല്ലോ ഭാഷയും സംസ്‌കാരവും.അത് പരസ്പരം കൂടിക്കലരുന്നതും അങ്ങനെ പരസ്പരം പോഷിപ്പിക്കുന്നതും കൂടിച്ചേര്‍ന്ന് പുതിയരൂപം പ്രാപിക്കുന്നതുമൊക്കെയാണ്.

അങ്ങനെയുള്ള  ഗ്രാമങ്ങളാണ് തെന്മലയ്ക്കടുത്തുളള അതിര്‍ത്തിഗ്രാമങ്ങള്‍. തെന്മല ചെങ്കോട്ട റോഡില്‍ ലോക പ്രശസ്തമായ13 കണ്ണറപാലം കടന്ന് 8 കിലോമീറ്റര്‍ പോയാല്‍ തമിഴ്അതിര്‍ത്തി ഗ്രാമത്തിലെത്താം. പിന്നെയും ഇത്തിരികൂടി പോകണം ജനവാസ കേന്ദ്രത്തിലേക്കെത്താന്‍. അതിശയിപ്പിക്കുന്നത് അതൊന്നുമല്ല. തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് കടന്നാലുടന്‍ മൊബൈലില്‍ സന്ദേശമെത്തും. തമിഴ്‌നാട്  മൊബൈല്‍ സര്‍ക്കിളിലേക്ക് സ്വാഗതം ചെയ്ത്. എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന കാര്യമാണത്.

നിരന്നു നില്‍ക്കുന്ന ചായക്കടകളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്.വേണമെങ്കില്‍ ഓരോ ചൂട് ചായയാകാം.ചായ ഊതിയൂതി തണുപ്പിച്ച് കുടിച്ച് വീണ്ടും മുന്നോട്ട് പോകാം. ചായ വേണ്ടാത്തവര്‍ക്ക് പനംനൊങ്ക് പരീക്ഷിക്കാം.അല്ലെങ്കില്‍ ഉപ്പിലിട്ട എന്തെങ്കിലും കഴിക്കാം.അതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോഴേക്കും തനി തമിഴ്ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് നമ്മളെത്തും.ഏത് സീസണിലും ഇവിടുത്തെ പാടശേഖരങ്ങളില്‍ കൃഷിയുണ്ടാകും.എന്നാലും നെല്‍കൃഷിയുടെ കാലമാണ് തമിഴ് ഗ്രാമങ്ങളെ സുന്ദരിയാക്കുന്നത്.നോക്കെത്താ ദൂരത്തോളം പച്ചപ്പ്.ആ പച്ചപിടിച്ച കതിരുകളില്‍ കാറ്റ് വന്ന് തിരയടിപ്പിക്കും.ആ തിരയ്‌ക്കൊപ്പം മനസും പതിയെ ആ പച്ചപ്പിലേക്ക് പറന്നു പോകും.പതിയെ മനസിനെ തിരികെ വിളിച്ച് മുന്നോട്ട് പോയാല്‍ പൂപ്പാടങ്ങളുണ്ടാകും.

സീസണാണെങ്കില്‍ നിറയെ പൂത്തുലഞ്ഞ് മുല്ലയും ചെണ്ടുമല്ലിയും സൂര്യകാന്തിയുമൊക്കെയുണ്ടാകും.വേണമെങ്കില്‍ സൂര്യകാന്തിക്കും ചെണ്ടുമല്ലിക്കുമൊപ്പം ഫോട്ടോയെടുക്കാം. ഓര്‍ത്ത് വെക്കാന്‍ ചില നിമിഷങ്ങള്‍ സ്വന്തമാക്കാം.കൃഷിക്കു മുന്‍പുമുണ്ട് ചില സുന്ദരകാഴ്ചകള്‍.നിരന്ന് നിന്ന് ഞാറുനടുന്നത് കാണേണ്ട കാഴ്ചയാണ്.മലയാളത്തിന് അന്യമായ ഒരു കാഴ്ച.അതിനും മുന്‍പുണ്ട് മറ്റൊരു കാഴ്ച.കാളന്മാരെ പൂട്ടിയ കലപ്പകൊണ്ട് നിലമുഴുന്ന കര്‍ഷകര്‍.ഇങ്ങനെ കാര്‍ഷിക വൃത്തിയുടെ നൂറ് നൂറ് കാഴ്ചകളാണ് തമിഴ്ഗ്രാമങ്ങള്‍ നമുക്ക് തരുന്നത്.

ഓരോ തമിഴ് കൃഷിയിടത്തിനും കാര്‍ഷിക ഗ്രാമത്തിനും ഒരു കാവല്‍ ദൈവമുണ്ടാകും. ആ ദൈവമാണ് അവരുടെയെല്ലാം. ആ കാവല്‍ദൈവം പ്രസാദിച്ചാല്‍ ഭൂമി നല്ല വിളവ് കൊടുക്കും.ഇനി അതല്ല കാവല്‍ദൈവം കോപിക്കുമ്പോഴാണത്രേ മടപൊഴിയുന്നതും അതിവര്‍ഷം വരുന്നതും കൃഷിനാശം വരുന്നതുമെല്ലാം.അത് കൊണ്ട് കൃഷിയിടത്ത് അരുതായ്കകള്‍ ചെയ്യാന്‍ തമിഴ്കര്‍ഷകര്‍ തയ്യാറാവില്ല.പക്ഷേ കാലം മാറിയതോടെ തമിഴ്കര്‍ഷകന്റെ വിശ്വാസത്തിലും മാറ്റങ്ങള്‍  വന്നുതുടങ്ങി.

വിളവെടുപ്പാണ് തമിഴ്ഗ്രാമങ്ങളുടെ മറ്റൊരു മറ്റൊരു ഉത്സവകാഴ്ച. നീണ്ടു കിടക്കുന്ന പാടത്ത് മുഴുവന്‍ നെല്‍ക്കതിര്‍ കെട്ടുകളാകും.പച്ചപ്പ് പതിയെ സ്വര്‍ണ നിറത്തിലേക്ക് മാറും.പിന്നെ കാറ്റിനനുസരിച്ച് മെതി തുടങ്ങും.കാര്‍ഷിക വൃത്തിയുടെ ഏറ്റവും സുന്ദരമായ കാഴ്ച. ഈ സൗന്ദര്യത്തിന് ഒരു മറുപുറവുമുണ്ട്. കാര്‍ഷിക ഗ്രാമങ്ങള്‍ ചങ്ക് തകര്‍ന്ന് വിങ്ങിപ്പൊട്ടുന്ന കാഴ്ചയും ഇതേ കൃഷിയിടങ്ങളില്‍ നിന്ന് കാണേണ്ടി വരുന്നതാണ്  സഞ്ചാരികളുടെ ദുര്യോഗം.

മഴ ഒരു ദിവസം കൂടുതല്‍ പെയ്താല്‍ മതി തമിഴ്ഗ്രാമങ്ങളുടെ സ്വപ്നം മുഴുവന്‍ ഇല്ലാതെയാകും.ഊരുകള്‍ ശോകമൂകമാകും.നെല്ലും പൂവും നിലക്കടലയും തക്കാളിയും പച്ചക്കറിയുമെല്ലാം താഴെ വീഴും. തണ്ടൊടിഞ്ഞ് പോകുന്നത് ചെടികള്‍ക്ക് മാത്രമല്ല.തമിഴ്ജീവിതത്തിന്റെ കൂടിയാണ്.

അങ്ങനെ കാര്‍ഷികവൃത്തിയുടെ എത്രയോ ഭാവഭേദങ്ങളാണ് അതിര്‍ത്തിഗ്രാമങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. അത്തരത്തില്‍ ഒരു ഗ്രാമത്തിലേക്കാണ് ഇത്തവണ യാത്ര പോകുന്നത്. കാര്‍ഷിക ഗ്രാമത്തിലേക്കല്ലെന്ന് മാത്രം.തെന്മലയും കഴുതുരുട്ടിയും ആര്യങ്കാവും പിന്നിട്ട് തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ്. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുന്ന കുശവന്മാരുടെ ഗ്രാമത്തിലേക്ക്.ചെങ്കോട്ടയ്ക്കടുത്ത് പംബ്ലിയ്ക്ക് സമീപമുള്ള തേന്‍ത്തൊട്ടെയ് ഗ്രാമത്തിലേക്കാണ് യാത്ര പോകുന്നത്.

തനി തമിഴ്ഗ്രാമമാണ് തേന്‍ത്തൊട്ടെയ്. ആര്യവേപ്പും പശുക്കളുമെല്ലാമുള്ള ഗ്രാമം. മണ്‍പാത്ര നിര്‍മ്മാണം തേന്‍ത്തൊട്ടെയ് ഗ്രാമത്തിന്റെ കുലത്തൊഴിലാണ്. ഗ്രാമത്തിലേക്ക് കടക്കുമ്പോഴേ കാണാം പലയിടത്തും മണ്‍കൂനകള്‍. പൊടിച്ചെടുത്ത മണ്ണ് മറ്റൊരിടത്ത്.പ്ലാസ്റ്റിക് ഷീറ്റുകളില്‍ മണ്ണ് ഉണങ്ങാനിട്ടിരിക്കുന്നു ഇനിയൊരിടത്ത്. അതെല്ലാം കടന്ന് വേണം ഗ്രാമത്തിലെ മണ്‍പാത്ര നിര്‍മ്മാണ സ്ഥലത്തേക്ക് എത്താന്‍. ഏറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് അത്.ഭിത്തികള്‍ പലയിടത്തും പൊട്ടിയിട്ടുണ്ട്. മേല്‍ക്കൂരയിലും പലയിടത്തും മേച്ചിലില്ല.പലയിടത്ത്കൂടിയും സൂര്യന്‍ നേരെ കെട്ടിടത്തിന് ഉള്ളിലേക്ക് വരുന്നു.എന്തൊരു വിരോധാഭാസമാണ് അത്. ഒരു സുഷിരം പോലും ഇല്ലാതെ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികളുടെ പണിശാലയാകട്ടെ മൊത്തം പൊട്ടിയും പൊളിഞ്ഞും.

ജീവന്‍ തന്നെ പണയം വെച്ചാണ് ഈ പണിശാലയുടെ പൊട്ടിപ്പൊളിഞ്ഞ ഭിത്തിക്കും നിലംപൊത്താറായ മേല്‍ക്കൂരയ്ക്കും കീഴില്‍ സ്ത്രീത്തൊഴിലാളികള്‍ പണിയെടുക്കുന്നത്.അറുപത് വര്‍ഷത്തിന് മേലെ ആയി സൊസൈറ്റിക്ക് കീഴില്‍ ആ പണിശാല കെട്ടിയുയര്‍ത്തിയിട്ട്.അത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ തൊഴിലെടുക്കുന്ന നടരാജനെന്ന ചെറുപ്പക്കാരന്‍ വര്‍ഷങ്ങളായി സമരത്തിലായിരുന്നു.ഒടുവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടരാജന്റെ ആവശ്യം കേട്ടു.പണിശാല പുതുക്കിപ്പണിയാന്‍ 66 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.കുലത്തൊഴില്‍ നിലച്ചു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ അത് നിലനിര്‍ത്താനായി സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.ഇതേ ഘട്ടത്തിലാണ് കൊട്ടാരക്കരയ്ക്ക് സമീപം ഓയൂര്‍ കാളവയലെന്ന സ്ഥലത്തെ കുശവഗ്രാമത്തില്‍ നിന്ന് മണ്‍പാത്ര നിര്‍മ്മാണം അപ്രത്യക്ഷമായി പോയ കാര്യം ഓര്‍ത്തത്.ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നതോടെ കുലത്തൊഴില്‍ വിട്ട് എല്ലാവരും മറ്റ് ജോലികള്‍ തേടി.അതേ അവസ്ഥയില്‍ ആകുമായിരുന്ന ഒരു ഗ്രാമമാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൈത്താങ്ങ് നല്‍കി നിര്‍ത്തിയിരിക്കുന്നത്.

പൊഴിഞ്ഞു വീഴാറായ പണിശാലയുടെ കുറേ ഭാഗം ഞങ്ങള്‍ എത്തുമ്പോഴും സജീവമായിരുന്നു. പുറത്ത് നിന്ന് മണ്ണുമായി സ്ത്രീകളും കൊച്ചുകുട്ടികളും അടക്കം ഉള്ളിലേക്ക് പോകുന്നു. മണ്ണ് എത്തിച്ച് കൊടുക്കുന്ന പുരുഷന്മാരുമുണ്ട്. ഒന്ന് രണ്ട് ചക്രങ്ങള്‍ക്ക് മുന്നില്‍ പുരുഷന്മാരുണ്ട്. മറ്റുചിലവയുടെ മുന്നില്‍ സ്ത്രീകളും. ചക്രങ്ങളിലിരിക്കുന്ന കുഴഞ്ഞ മണ്ണിനെ ഏത് രൂപത്തിലേക്കും പരുവപ്പെടുത്തും അവര്‍. കുഴഞ്ഞ മണ്ണ് ഓരോരോ രൂപങ്ങള്‍ പ്രാപിക്കുന്നത് കാണുമ്പോള്‍ മണ്ണിന് ജീവനുണ്ടെന്ന് തോന്നും. അവയെ തൊട്ടുണ്ണര്‍ത്തുന്ന കുശവര്‍ ദൈവങ്ങളാണെന്നും തോന്നും.ഒരു പിടി മണ്ണില്‍ നിന്ന് പതിയെപ്പതിയെ പലകയില്‍ ഉയര്‍ന്ന് വരുന്ന , ഒരൊറ്റ വിരല്‍ സ്പര്‍ശംകൊണ്ട് രൂപം മാറി മാറി വരുന്ന അത്ഭുതം കണ്ടിരുന്നു പോകും ആരായാലും. അവരുടെ മനസില്‍ വരുന്ന ഒരൊറ്റ നിമിഷത്തിലെ ചിന്തകൊണ്ട് കുടവും കലവും ചട്ടിയുമെല്ലാമായി മുന്നിലിരിക്കുന്ന ഒരു പിടി മണ്ണ് മാറും. രൂപം പ്രാപിച്ച സൃഷ്ടിയെ എത്ര കരുണയോടെയാണ് അവര്‍ കൈകളില്‍ കോരിയെടുക്കുന്നത്. കൊച്ചുകുഞ്ഞുങ്ങളെ ആദ്യമായി എടുക്കും പോലെ.

പിന്നെയുമുണ്ട് രൂപപ്പെടലിന്റെ വഴികള്‍ കുറേ. എത്ര അടികാണ്ടാലാണ് നല്ലൊരു കലമായോ ചട്ടിയായോ ആ മണ്ണ് മാറുന്നത്. ചക്രത്തില്‍ നിന്ന് അത്രയേറെ ശ്രദ്ധയോടെ ഇളക്കിയെടുക്കുന്ന പാത്ര രൂപങ്ങളെ വെള്ളം വലിയാനായി സൂക്ഷിക്കും. ആവശ്യത്തിന് വെള്ളം വലിഞ്ഞതിന് ശേഷം കൈകളിലെടുത്ത് ചെറിയ തടികൊണ്ട് തല്ലി തല്ലി പരുവപ്പെടുത്തി സുഷിരങ്ങളില്ലെന്ന് ഉറപ്പു വരുത്തി നല്ല കലങ്ങളും ചട്ടികളുമാക്കി മാറ്റും. ഇങ്ങനെ തല്ലിയൊരുക്കാന്‍ ഇരിക്കുന്നത് തന്നെ പ്രത്യേക രീതിയിലാണ്. കാല്‍ നീട്ടിയിരുന്ന് തുടയിലേക്ക് ചേര്‍ത്ത് വെച്ചാണ് പാത്രങ്ങള്‍ തല്ലിയൊരുക്കുന്നത്. പിന്നെയാണ് ചുട്ടെടുക്കാനായി മാറ്റുന്നത്. ചുട്ടെടുത്ത് ചൂള പൊട്ടിച്ചാല്‍ മാത്രമേ ഉപയോഗയോഗ്യമായി എത്ര മണ്‍പാത്രങ്ങള്‍ കിട്ടിയെന്ന് അറിയാനാകൂ.

മിക്ക കൂട്ടത്തിലും ചൂട് കൂടിയും അടുക്കുന്നതില്‍ വരുന്ന ചെറിയ പിഴവുകളും ഒക്കെക്കൊണ്ട് കുറേയെണ്ണം ഉപയോഗിക്കാനാവാതെയാകും. ഇങ്ങനെ ചുട്ടെടുക്കുന്ന പാത്രം ഉപയോഗ ശൂന്യമായാല്‍ പിന്നെ ആ മണ്ണ് വീണ്ടും ഉപയോഗിക്കില്ല. പിന്നെ എത്ര പൊടിച്ചെടുത്താലും മണ്ണിന്റെ 'ഇലാസ്തികത' നഷ്ടമായിട്ടുണ്ടാകും. അതില്ലാതെ ഇഷ്ടപ്പെടുന്ന രൂപത്തിലേക്ക് അവയെ മാറ്റിയെടുക്കാനാവില്ല. ആ പാത്രങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. അല്ലെങ്കില്‍ പൊട്ടിച്ച് വീടുകളും മറ്റും പണിയുമ്പോള്‍ തറയുടെ ഭാഗമാക്കി മാറ്റും.

കാലത്തിന് അനുസരിച്ച് മണ്‍പാത്ര വിപണിയും വികസിച്ചിട്ടുണ്ട്. പേരിനു മാത്രമായെങ്കിലും. ചട്ടിയും കലവും മാത്രമല്ല, കൂജയും അപ്പച്ചട്ടികളും പിന്നെയും പലതരം കറിച്ചട്ടികളും അരികുകളില്‍ ചിത്രപ്പണികള്‍ ചെയ്‌തെടുത്ത ചട്ടികളുമെല്ലാം ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്. പോരാത്തതിന് ചെടിച്ചട്ടികളും ഇവിടെ വാര്‍ത്തെടുക്കുന്നുണ്ട്. കുലത്തൊഴില്‍ പഠിക്കുന്ന കുട്ടികളാണ് ചെടിച്ചട്ടികളുണ്ടാക്കുന്നത്.അതില്‍ തഴക്കം വന്ന് ഉദ്യേശിക്കുന്ന രീതിയില്‍ കൈവിരലുകള്‍ വഴങ്ങിക്കിട്ടിയാലാണ് മറ്റ് നിര്‍മ്മാണത്തിലേക്ക് അവര്‍ കടക്കുന്നത്.

തോന്‍ത്തൊട്ടെയിലെ ഓരോ വീടും ഓരോ മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റുകളാണ് ഇപ്പോള്‍. സൊസൈറ്റിക്ക് കീഴിലുള്ള പണിശാല പുതുക്കിപ്പണിയുന്നതിനാല്‍ ഇപ്പോള്‍ വീടുകളിലാണ് ജോലികള്‍ നടക്കുന്നത്. മണ്ണ് കിട്ടാനില്ലാത്തതൊക്കെ ഇവരുടെ ജോലിയെ ബാധിക്കുന്നുണ്ട്. പക്ഷേ എവിടെ നിന്നെങ്കിലുമൊക്കെ മണ്ണ് എത്തിച്ച് തേന്‍ത്തൊട്ടെയ്ക്കാര്‍ കുലത്തൊഴില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്.പക്ഷേ ചെയ്യുന്ന ജോലിയ്ക്ക് അത്ര തന്നെ കൂലി കിട്ടുന്നുണ്ടോ എന്ന് മാത്രം ആരോടും ചോദിക്കരുത്. ദിവസം മുഴുവന്‍ കലം തല്ലിയാല്‍ ഒരാള്‍ക്ക് കിട്ടുന്നത് 30 രൂപയാണ്.

അധ്വാനത്തെപ്പറ്റി ആലോചിക്കുമ്പോള്‍ അത് എത്രയോ തുച്ഛമാണ്. അടിസ്ഥാനവര്‍ഗ്ഗ ജീവിതങ്ങള്‍ ഇപ്പോഴും ഇങ്ങനെയൊക്കെയാണ്. പക്ഷേ ചൂളപൊട്ടിക്കുമ്പോഴേക്കും ഇടനിലക്കാരെത്തും. സൊസൈറ്റി വഴിയാണ് മണ്‍പാത്രങ്ങള്‍ വില്‍ക്കുന്നതും. വില്‍പ്പനയുടെ അവകാശം സൊസൈറ്റിക്ക് മാത്രമാണ്. കേരളത്തിലെ ഉത്സവ കാലത്തും പൊങ്കാലക്കാലത്തും തേന്‍ത്തൊട്ടെയില്‍ ജോലി കൂടും. ആറ്റുകാലിലേക്കും ചക്കുളത്തേക്കുമൊക്കെ എത്തുന്ന പൊങ്കാലക്കലങ്ങളില്‍ ഏറിയ പങ്കുമെത്തുന്നത് തേന്‍ത്തൊട്ടെയ്ല്‍ നിന്നാണ്.

ഇരുപത് രൂപയ്ക്കും മറ്റും അവിടെ നിന്ന് പോരുന്ന പാത്രങ്ങള്‍ അതിര്‍ത്തി കടന്നെത്തുമ്പോള്‍ 80 രൂപയ്ക്കാവും ആവശ്യക്കാരന് ലഭിക്കുക.മണ്ണിനെ കലമാക്കി മാറ്റിയവര്‍ അപ്പോഴും തുച്ഛമായ പണം മാത്രം കിട്ടി ജീവിതം മുന്നോട്ട് തള്ളി നീക്കുന്നു. മണ്‍പാത്രങ്ങളുടെ വിപണിയില്‍ ഏറിയ പങ്കുമുണ്ടായിരുന്ന കേരളം അലുമിനിയം, സ്റ്റീല്‍ വിപണിയിലേക്ക് ചുവട് മാറിയതോടെ മണ്‍പാത്ര വിപണി കുത്തനെ ഇടിഞ്ഞു. അത് അവരുടെ ജീവിതത്തെയും കാര്യമായി തന്നെ ബാധിച്ചു.

കുലത്തൊഴില്‍ സാമൂഹിക പരിസരത്ത് നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന കാലത്തും പൈതൃകമായി പകര്‍ന്നു കിട്ടിയ തൊഴിലിനെ മുറുകെ പിടിച്ചിരിക്കുകയാണ് തേന്‍ത്തൊട്ടെയ്. ഒരു വിരല്‍ സ്പര്‍ശം കൊണ്ട് മണ്ണിന് ജീവന്‍ കൊടുക്കുകയും അതിന് സുന്ദരമായ രൂപം കൊടുക്കുകയും ചെയ്യുന്ന കുശവന്റെ ജീവിതത്തിന് മാത്രം പറയത്തക്ക സൗന്ദര്യമില്ലാതെ ഇന്നും തുടരുന്നു. തേന്‍ത്തൊട്ടെയ്‌ലെ പൊട്ടിപ്പൊളിഞ്ഞ സൊസൈറ്റി കെട്ടിടം പോലെ.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ കാർ വിപണി: ഫെബ്രുവരിയിലെ വമ്പന്മാർ ആര്?
ഹോണ്ട ഓഫർ: ഈ മാസം കാർ വാങ്ങിയാൽ വൻ ലാഭം!