കുറുവയിലെ വിരുന്നുകാര്‍

By പ്രിന്‍സ് പാങ്ങാടന്‍First Published Mar 22, 2018, 12:52 AM IST
Highlights
  • കുറുവയിലെ വിരുന്നുകാര്‍
  • വേറിട്ടൊരു യാത്രാനുഭവം

നടന്ന് നടന്ന് ചെല്ലുമ്പോള്‍ ഒരു മരം. ആ മരത്തില്‍ നിരയെ ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍, അല്ല പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍. നോക്കുന്നിടത്തെല്ലാം ചിത്രശലഭങ്ങള്‍. അങ്ങനെയൊരു കാഴ്ച കാണാനാണ് കുറുവയിലേക്ക് അത്തവണ പോയത്.

വയനാട്ടിലെ , ലോക പ്രശസ്തമായ ദ്വീപ് സമൂഹം. പലതിലേക്കും ഇനിയും ആളുകള്‍ക്ക് എത്തിപ്പെടാനാകില്ല. 950 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു കുറുവ ദ്വീപ്. ചെറുതും വലുതുമായ നൂറ്റി അന്‍പതോളം ദ്വീപുകളാണ് കുറുവയിലുള്ളത്. കുറുമ ദ്വീപാണ് കുറുവ ദ്വീപായി പരിണമിച്ചതെന്നാണ് പേര് സംബന്ധിച്ച ഒരു വാദം. കുറുമര്‍ വയനാട്ടിലെ ഗോത്രവിഭാഗമാണ്. അത് അങ്ങനെ തന്നെ ആകാനാണ് സാധ്യതയും.കുറുവയ്ക്ക് സമീപം പാക്കത്താണ് കുറുമ രാജാവ് താമസിക്കുന്നത്. കുറുവയിലെ പല ദ്വീപുകളിലും ആളുകള്‍ക്ക് എത്തിച്ചേരാനാകില്ല. ആളുകള്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളത് കുറച്ച് ദ്വീപുകള്‍ മാത്രമാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവസമ്പത്തിലും കുറുവയ്ക്കുള്ള സ്ഥാനം എത്രയോ വലുതാണ്.കബനിയിലെ ഡെല്‍റ്റ കാരണം നിത്യഹരിത വനമേഖല കൂടിയാണ് കുറുവ. ഔഷധ സസ്യങ്ങളുടെ കലവറ. അപൂര്‍വ്വയിനം പക്ഷികളുടെ ആവാസ സ്ഥാനം. അവിടേയ്ക്കാണ് ചിത്രശലഭങ്ങളെ തേടി പോകുന്നത്.

കുറുവയുടെ പുറം ചട്ടയിലൊന്നും ചിത്രശലഭങ്ങളെ കാണാനാകില്ല. പക്ഷേ അവരെവിടെയുണ്ടാകുമെന്ന് ദ്വീപിലെ വാച്ചര്‍മാര്‍ക്ക് കൃത്യമായി അറിയാം. അവരിലൊരാളോട് സ്ഥലം ചോദിച്ച് മനസിലാക്കി സ്ഥിരം വഴി വിട്ട് ഇത്തിരി ഉള്ളിലേക്ക് നടന്നു. മുന്നോട്ട് പോകാനാവാത്തത്ര ഇടതൂര്‍ന്ന കാടാണ്. വഴിക്ക് കുറുകെ വലിയ ചിലന്തിവലകള്‍. അതൊക്കെ ഒഴിഞ്ഞ് മാറി വേണം ഉള്ളിലേക്ക് പോകാന്‍. അടുത്തെങ്ങും അവിടേയ്ക്ക് മനുഷ്യരാരും കടന്നു ചെന്നിട്ടില്ലെന്ന് ഉറപ്പ്. അത്രയ്ക്കും ഉള്ളിലേക്കാണ് പോകുന്നത്. കുറുവയിലേക്കുള്ള ചിത്രശലഭങ്ങളുടെ ദേശാടനം ചിത്രീകരിക്കുകയാണ് ലക്ഷ്യം.

കൂടെ വന്ന ഗൈഡ് സുബ്രഹ്മണ്യന്‍ പതിയെ വരാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. കാട്ടില്‍ പോകുമ്പോള്‍ പലപ്പോഴും വാക്കുകള്‍ക്കാണ്ടുള്ള ആശയവിനിമയത്തേക്കാളേറെ ആംഗ്യഭാഷയായിരിക്കും ഉപയോഗിക്കുക.ചിലപ്പോളൊക്കെ തലേ ദിവസം തന്നെ കുളി ഒഴിവാക്കും. സുഗന്ധവസ്തുക്കളൊന്നും ഉപയോഗിക്കില്ല. യാത്ര കുറുവയിലേക്കെന്ന തീരുമാനിച്ചപ്പോള്‍ തന്നെ ഇതെല്ലാം ഒഴിവാക്കിയിരുന്നു. പോകേണ്ടത് കുറുവയില്‍ സന്ദര്‍ശകര്‍ക്കുള്ള സ്ഥിരം വഴിയിലൂടെയല്ല. ആ വഴി വിട്ട് ഉള്ളിലേക്കാണല്ലോ യാത്ര. ഗൈഡായ സുബ്രഹ്മണ്യന്‍ ചേട്ടന്‍ കൈ കാണിച്ചതും എല്ലാവരും പതിയെയായി യാത്ര. തൊട്ടടുത്ത് തന്നെയാണ് ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രം. അവരെ ശബ്ദം കൊണ്ട് പോലും അലോസരപ്പെടുത്താന്‍ പാടില്ല.കാരണം അത് അവരുടെ ആവാസവ്യവസ്ഥയും നമ്മള്‍ അവിടെ വിരുന്നുകാരുമാണ്.

ഒരു മെക്‌സിക്കന്‍ ശലഭ അപാരത
രാജ്യങ്ങള്‍ പിന്നിട്ട് ദേശാടനം നടത്തുന്ന പൂമ്പാറ്റകളുണ്ടെന്ന് പറഞ്ഞാല്‍ പെട്ടന്ന് വിശ്വസിക്കാനാവില്ല. ഈ ഇത്തിരിക്കുഞ്ഞന്മാര്‍ ദേശാടനം നടത്തുകയോ എന്ന് അത്ഭുതപ്പെടും. പക്ഷേ അതാണ് സത്യം. മൊണാര്‍ക്ക് എന്ന് വിളിക്കുന്ന ചിത്രശലഭങ്ങളാണ് ഏറ്റവും വലിയ ദേശാടന പൂമ്പാറ്റകള്‍. നാലായിരം കിലോമീറ്ററാണ് ഇവര്‍ പിന്നിടുന്നത്. നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മൊണാര്‍ക്കുകള്‍ക്കാവും. വടക്കന്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ തണുപ്പ് തേടി മെക്‌സിക്കോയുടെ ശൈത്യമേഖലയിലേക്ക് ദേശാടനം നടത്തുന്നവരാണ് മൊണാര്‍ക്കുകള്‍.ഇവരുടെ സഞ്ചാരം തുടങ്ങുന്നത് സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ്.നവംബറോടെ മെക്‌സിക്കന്‍ ശൈത്യ മേഖലകളിലേക്ക് മൊണാര്‍ക്കുകള്‍ എത്തിച്ചേരും.അവിടെ അനുകൂല കാലാവസ്ഥയില്‍ കഴിച്ചു കൂട്ടുന്ന മൊണാര്‍ക്കുകള്‍ മാര്‍ച്ചില്‍ തിരികെ യാത്ര തുടങ്ങും.പക്ഷേ ഒരു കാര്യമുള്ളത് പുറപ്പെട്ട പൂമ്പാറ്റകളാവില്ല തിരികെയെത്തുക എന്നതാണ്. സെപ്തംബറിലോ ഒക്ടോബറിലോ വടക്കന്‍ കാനഡയില്‍ നിന്ന് പുറപ്പെടുന്ന പൂമ്പാറ്റകളുടെ നാലാം തലമുറയില്‍പ്പെട്ടവയായിരിക്കും മെക്‌സിക്കോയില്‍ നിന്ന് തിരികെ കാനഡയിലേക്ക് പോരുന്നത്. അതാണ് അവയുടെ ദേശാടനചക്രം.

കുറുവയിലേക്ക് നീളുന്ന ശലഭപാത
കുറുവയിലേക്ക് ചിത്രശലഭങ്ങള്‍ കുളിര് തേടിയെത്തുന്നത് നവംബര്‍ - ഡിസംബര്‍ മാസത്തിലാണ്. കൂര്‍ഗ് മലനിരകളില്‍ നിനാണ് വയനാട്ടിലേക്കുള്ള ദേശാടനപാത ആരംഭിക്കുന്നത്.അങ്ങനെയെത്തിയ ചിത്രലഭങ്ങളെ കാണാനാണ് എത്തിയിരിക്കുന്നത്.

ഇതാ തൊട്ടുമുന്നില്‍ മാന്ത്രികമരം പോലെ ഒന്ന്. നിറയെ പൂമ്പാറ്റകള്‍. ചിറകടിച്ച് ചിറകടിച്ച് അവരിങ്ങനെ സന്തോഷിക്കുകയാണ്.ഒരു മരം നിറയെ ഇലകള്‍ കാണാനാവാത്തത്ര , സൂചികുത്താന്‍ ഇടമില്ലാത്തത്ര പൂമ്പാറ്റകള്‍. ചിത്രശലഭങ്ങള്‍.ആ കാഴ്ച എത്ര കണ്ടാലാണ് മതി വരിക. ഒരൊറ്റ പൂമ്പാറ്റയെ കണ്ടാല്‍ തന്നെ കുട്ടിക്കാലം മനസിലേക്ക് പാഞ്ഞുവരും.അപ്പോഴാണ് പതിനായിരക്കണക്കിന് പൂമ്പാറ്റകള്‍ ഒന്നിച്ച് മുന്നില്‍ ഇങ്ങനെ കാണുന്നത്.ഇടയ്ക്ക് കാറ്റൊന്ന് വീശുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ഇളകും.അപ്പോഴേക്കും ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഒന്നിച്ചിളകും.എന്നിട്ടവ അന്തരീക്ഷത്തില്‍ പറന്ന് നില്‍ക്കും.ചിലതൊക്കെ താഴെ വീഴും.പിന്നെ ചിലത് ചിലന്തിവലയില്‍ അകപ്പെടും.ആ മരത്തിന്റെ ചുറ്റും തറയിലാണ് ഏറ്റവും സങ്കടകരമായ കാര്യം.നൂറ് കണക്കിന് ചിത്രശലഭങ്ങളാണ് ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നത്.അവയിലൊക്കെ ഉറുമ്പരിക്കുന്നുണ്ടാകും.ജൈവിക വ്യവസ്ഥയുടെ പൂരക പ്രവൃത്തി.

ചിലപ്പോളൊക്കെ ഉടല്‍ നഷ്ടപ്പെട്ട ചിറകുകള്‍ നമുക്കരികിലേക്ക് പറന്നു വരും. ശരീരത്തില്‍ പറ്റിപ്പിടിക്കും.ആ സങ്കടക്കാഴ്ചകളെ തത്കാലം മറക്കാം. വീണ്ടും മരത്തിലേക്ക് കണ്ണ് പായിക്കാം. മാന്ത്രിക ലോകത്തെത്തിയതുപോലെ മനസുകൊണ്ട് നമുക്കും പറന്ന് നടക്കാം. നിശബ്ദതയില്‍ , മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചരിച്ചെത്തുന്ന സൂര്യപ്രകാശത്തിലൂടെ പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ നമുക്ക് മുകളില്‍ വട്ടമിട്ട് പറക്കും. അവയുടെ ചിറകുകളില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്നു. കറുപ്പും വെളുപ്പും നീലയുമെല്ലാം ചേര്‍ന്ന് പ്രകൃതി തന്നെ ഒരുക്കിയ ഒരു പെയിന്റിംങ്. അത്രമേല്‍ സുന്ദരമാണ് ആ കാഴ്ച.കണ്ടാലും കണ്ടാലും കൊതിതീരില്ല. ഏതോ മഹാനിദ്രയില്‍ കണ്‍മുന്നില്‍ തെളിയുന്ന ഏറ്റവും സുന്ദരമായ സ്വപ്‌നം പോലെ.സ്വപ്‌നം തന്നെയാണത്.ജീവിതത്തില്‍ ഇന്നു വരെ കണ്ടിട്ടുള്ള എല്ലാ കാഴ്ചകളും ഈ പൂമ്പാറ്റകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായിപ്പോകും.കാണും തോറും പിന്നെയും പിന്നെയും കാണാന്‍ തോന്നും.ലോകത്തെ സര്‍വ്വ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ് അവര്‍ക്കൊപ്പം പറന്നുയരാന്‍ തോന്നും.ഭാരമില്ലാതെ , ചിറകുകള്‍ക്കു പോലും ഭാരമില്ലാതെ അവരോടൊപ്പം അവിടെത്തന്നെ കൂടാന്‍ തോന്നും.പക്ഷേ ആവതില്ലല്ലോ..തിരികെ പോയേ പറ്റൂ.


കൂര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആറളം വഴിയാണ് പൂമ്പാറ്റകള്‍ കുറുവയിലേക്ക് എത്തുന്നത്.ഇവിടെ നിന്ന് നിലമ്പൂര്‍ വനമേഖല വഴി സൈലന്റ് വാലിയിലേക്ക് പോകും. ഇതാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശലഭപാത. ജനുവരിയോടെ കേരളത്തിലെ മിക്ക വനമേഖലയിലും കാടുകള്‍ ഇലപൊഴിക്കും. എന്നാല്‍ കുറുവ നിത്യഹരിതമായതിനാല്‍ ചിത്രശലഭങ്ങള്‍ക്ക് ഇഷ്ടകേന്ദ്രമാണ്. പുതിയ ഇലകള്‍ പൊടിച്ചതിന് ശേഷം മാത്രമേ കുറുവയിലെ മരങ്ങള്‍ പഴയ ഇല പൊഴിക്കാറുള്ളൂ. തളിരിലകള്‍ കളിക്കുകയുമാവാം. ഒപ്പം തണുപ്പും കിട്ടും. ഇതാണ് കുറുവചിത്രശലങ്ങളുടെ ഇഷ്ടകേന്ദ്രമാകുന്നതിന് പിന്നിലെ കാരണം.

മെക്‌സിക്കോയിലെ മൊണാര്‍ക്കുകളെപ്പോലെ കുറുവയിലേക്ക് എത്തുന്നത് ബ്ലൂ ടൈഗറും , ഡാര്‍ക്ക് ബ്ലൂ ടൈഗറുമാണ്.അവരെക്കൂടാതെ 197 ഇനം പൂമ്പാറ്റകളെക്കൂടി കുറുവയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലതാകട്ടെ അപൂര്‍വ്വയിനം പൂമ്പാറ്റകളുമാണ്. കേരളത്തില്‍ 40 ഇനം പൂമ്പാറ്റകളാണ്  ദേശാടനത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശാടന കാലത്ത് കുറുവയില്‍ ഇവയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ മൊത്തം ശലഭ ദേശാടനപാതകളെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ക്കുന്നവര്‍ പറയുന്നത്. എങ്കിലും അജ്ഞാതമായ ഏതോ കാരണം കൊണ്ട് എല്ലാവര്‍ഷവും പൂമ്പാറ്റകള്‍ കിലോമീറ്ററുകള്‍ നീളുന്ന ശലഭപാതകള്‍ താണ്ടി കുറുവയിലേക്ക് വിരുന്നെത്തുന്നുണ്ട്.

 

ഋതുഭേദങ്ങള്‍പ്പുറത്ത് നിന്നും നിന്നെ ഒന്ന് തൊടാന്‍..
നിന്റെ ഗന്ധമറിയാന്‍
നിന്നോടൊപ്പം പാറി നടക്കാന്‍ വന്ന നിന്റെ കൂട്ടുകാരന്‍ ഞാന്‍
നിനക്കായി ആകാശങ്ങള്‍ക്കപ്പുറത്ത് നിന്നും
കുഞ്ഞു മാലാഖമാരുടെയും നക്ഷത്രങ്ങളുടെയും പാരിതോഷികം'

                                                          (ചിത്രശലഭം മനുവിന്റെ കഥകള്‍)

 

click me!