
തിരുവനന്തപുരം: പകലും ലൈറ്റിട്ട് പോകുന്ന ഇരുചക്രവാഹനങ്ങള്‍ കണ്ടാല്‍ ഇനി ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടേണ്ട കാര്യമില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരികയാണ്. ഇതോടെ ഇരുചക്രവാഹനങ്ങള്‍ പകല്‍ ലൈറ്റ് തെളിയിച്ച് മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂ.
അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന 1.4 ലക്ഷം പേരില്‍ 32,524 പേരും ബൈക്ക് യാത്രികരാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യത്തും നിയമം നിലവില്‍ വരുന്നത്. 2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പാക്കിയ സംവിധാനമാണ് രാജ്യത്തും നിലവില്‍ വരുന്നത്.
ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനമുളള വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഇരുചക്രവാഹനങ്ങളുടെ എഞ്ചിന്‍ ഓണാക്കി കഴിഞ്ഞാല്‍ ഒപ്പം ഹെഡ് ലൈറ്റും തെളിയും. ലൈറ്റ് ഓഫ് ചെയ്യാനോ ഓണ്‍ചെയ്യാനോ സ്വിച്ചുണ്ടാകില്ല. വെളിച്ചത്തിന്റെ തീവ്രതകുറയ്ക്കാന്‍ കഴിയും.
പകലും ലൈറ്റ് തെളിക്കുന്നതോടെ തിരക്കുള്ള റോഡുകളില്‍ വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടും. പകലും ലൈറ്റ് തെളിയിച്ച് കടന്നു പോകുന്ന ഇരുചക്രവാഹനങ്ങള്‍ ഇതിനകം തന്നെ റോഡുകളില്‍ വ്യാപകമായി കഴിഞ്ഞു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.