രണ്ടുകിടിലന്‍ ട്രക്കുകളുമായി അശോക് ലെയ്‍ലാന്‍റ്

By Web DeskFirst Published Jan 5, 2018, 6:38 PM IST
Highlights

രാജ്യത്തെ വാണിജ്യ വാഹന നിര്‍മ്മാണ രംഗത്തെ അതികായരായ അശോക് ലെയ്‍ലാന്‍റ് രണ്ടു പുതിയ മോഡല്‍ ട്രക്കുകളെ അവതരിപ്പിച്ചു.  ക്യാപ്റ്റന്‍ ഹോലേജ്, 3718 പ്ലസ് എന്നീ ട്രക്കുകളെയാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ബി.എസ്. നാല് നിലവാരത്തിലുള്ള സംയോജിത എക്സ്ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ (ഐ.ഇ.ജി.ആര്‍.) സംവിധാനത്തോടു കൂടിയതാണ് ഈ ട്രക്കുകള്‍.

അന്താരാഷ്ട്ര നിലവാരത്തിലെ സൗകര്യങ്ങളും സ്‌റ്റൈലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ രൂപകല്‍പ്പനയും ഉള്ള ക്യാപ്റ്റന്‍ ട്രക്കുകള്‍ ഈ വിഭാഗത്തിലെ മികച്ച കാബിനാണു നല്‍കുന്നത്. എ.സി. ഉള്ളതും ഇല്ലാത്തതുമായി ഇത് അവതരിപ്പിക്കുന്നുണ്ട്. സുരക്ഷാ സംവിധാനമായ ഫ്രണ്ടല്‍ ക്രാഷ് പ്രൊട്ടക്ഷനുമായാണ് ട്രക്ക്‌ അവതരിപ്പിച്ചിട്ടുള്ളത്. നേര്‍ക്കുനേര്‍ കൂട്ടിമുട്ടിയാല്‍ ആഘാതം വാഹനം പിടിച്ചെടുത്ത് ഉള്ളിലുള്ളവരെ സുരക്ഷിതരാക്കുന്നതാണ് ഈ സംവിധാനം.

25 ടണ്‍, 31 ടണ്‍, 37 ടണ്‍ ഭാര വിഭാഗങ്ങളില്‍ ക്യാപ്റ്റന്‍ ഹോലേജ് ട്രക്കുകള്‍ ലഭ്യമാണ്. മാര്‍ക്കറ്റ് ലോഡ്, പാര്‍സല്‍, ടാങ്കറുകള്‍, മൊത്തമായുള്ള സിമന്റ് കൈമാറ്റം, കണ്ടയ്നറുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനാകും വിധമാണ് ഈ ശ്രേണിയെന്ന് അശോക് ലെയ്ലാന്റിന്റെ ഗ്ലോബല്‍ ട്രക്സ് പ്രസിഡന്റ് അനൂജ് കത്താരിയ  വ്യക്തമാക്കി.

ലോജിസ്റ്റിക് വ്യവസായ മേഖല ആവശ്യപ്പെടുന്ന രീതിയില്‍ സവിശേഷമായ രൂപകല്‍പ്പനയാണ് ക്യാപ്റ്റന്‍ ഹോലേജ് ട്രക്കുകള്‍ക്കുള്ളത്. എച്ച് പരമ്പരയിലുള്ള ഐ.ഇ.ജി.ആര്‍. സാങ്കേതികവിദ്യയോടു കൂടിയ സി.എസ്.ആര്‍. എഞ്ചിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. തുടക്കത്തിലേ ഉള്ള ഉയര്‍ന്ന പിക്ക് അപ്പ്, മികച്ച ഡ്രൈവിങ് സൗകര്യം, അതുല്യമായ ഇന്ധന ക്ഷമത എന്നിവയാണിതിലൂടെ ലഭിക്കുന്നത്.

 

 

click me!