ബി എം ഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

By Web DeskFirst Published Mar 18, 2017, 4:53 PM IST
Highlights

ബി എം ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. ബി എം ഡബ്ല്യു, മിനി ശ്രേണിയുടെ വിലയില്‍ രണ്ടു ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും പുറമെ വാഹനങ്ങള്‍ ആകര്‍ഷക നിരക്കില്‍ വായ്പ ഉറപ്പാക്കാന്‍ കമ്പനിയുടെ സാമ്പത്തിക സേവന വിഭാഗവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈയിലെ നിര്‍മാണശാലയ്ക്കും മുംബൈയിലെ പാര്‍ട്‌സ് വെയര്‍ഹൗസിനും ഗുരുഗ്രാമിലെ പരിശീലന കേന്ദ്രത്തിനും പ്രധാന നഗരങ്ങളിലെ വിപണന കേന്ദ്രങ്ങള്‍ക്കുമൊക്കെയായി മൊത്തം 490 കോടിയോളം രൂപയാണു കമ്പനി ഇതുവരെ നിക്ഷേപിച്ചത്. രാജ്യത്ത് 41 വില്‍പ്പന കേന്ദ്രങ്ങളുള്ള ബി എം ഡബ്ല്യുവിന് ഇന്ത്യയില്‍ അറുനൂറ്റി അന്‍പതോളം ജീവനക്കാരുണ്ട്.

ബി എം ഡബ്ല്യു വണ്‍ സീരീസ്, ത്രീ സീരീസ്, ത്രീ സീരീസ് ഗ്രാന്‍ ടുറിസ്‌മൊ, ഫൈവ് സീരീസ്, സെവന്‍ സീരീസ്, എക്‌സ് വണ്‍, എക്‌സ് ത്രീ, എക്‌സ് ഫൈവ് തുടങ്ങിയവയാണു കമ്പനി പ്രാദേശികമായി നിര്‍മിക്കുന്നത്. കൂടാതെ സിക്‌സ് സീരീസ് ഗ്രാന്‍ കൂപ്പെ, എക്‌സ് സിക്‌സ്, സീ ഫോര്‍, എം ഫോര്‍ കൂപ്പെ, എം ത്രീ സെഡാന്‍, എം ഫൈവ് സെഡാന്‍, എം സിക്‌സ് ഗ്രാന്‍ കൂപ്പെ, എക്‌സ് ഫൈവ് എം, എക്‌സ് സിക്‌സ് എം, ഐ എയ്റ്റ് എന്നിവ കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തും വില്‍ക്കുന്നുണ്ട്.

ത്രീ ഡോര്‍, ഫൈവ് ഡോര്‍, കണ്‍വെര്‍ട്ട്ബിള്‍, കണ്‍ട്രിമാന്‍, പുതിയ ക്ലബ് മാന്‍ എന്നിവ ഉള്‍പ്പെടുന്നതാണു മിനിയുടെ ഇന്ത്യന്‍ ശ്രേണി. മിനിക്കായി അഞ്ചു പ്രത്യേക ഡീലര്‍ഷിപ്പുകളും ഇന്ത്യയിലുണ്ട്.

പുതുമയുള്ള ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചും ലോകോത്തര നിലവാരമുള്ള ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചുമൊക്കെ ഇന്ത്യക്കാര്‍ക്കു ഡ്രൈവിങ്ങില്‍ ആഹ്ളാദം പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ പറഞ്ഞു.

click me!