മുകളിലൂടെ കയറിയിറങ്ങിയ കാറില്‍ നിന്നും കുട്ടിയെ രക്ഷിച്ചത് സ്കൂള്‍ ബാഗ്; വീഡിയോ വൈറല്‍

By Web DeskFirst Published Nov 24, 2017, 5:58 PM IST
Highlights

ഭാഗ്യം കൊണ്ടാവും ചിലര്‍ വന്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്. അത്തരമൊരു രക്ഷപ്പെടലിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.  തന്‍റെ മുകളിലൂടെ കയറിയിറങ്ങിയ കാറില്‍ നിന്നും ആ കുട്ടിയെ രക്ഷിച്ചത് കേവലമൊരു ബാഗാണ്.

ചൈനയിലാണ് സംഭവം. റോഡരികിലെ ഒരു കാര്‍ പാര്‍ക്കിങ് ഏരിയയിലാണ് അപകടം. നിലത്തിരുന്ന്  അഴിഞ്ഞുപോയ തന്റെ ഷൂ ലെയ്‌സ് കെട്ടുകയായിരുന്ന കുട്ടി പിറകില്‍ നിന്നും കാര്‍ വരുന്നത് കണ്ടില്ല. പെട്ടെന്ന് നിര്‍ത്താന്‍ കഴിയാതെ കാര്‍ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങി. കുട്ടിയെ ഇടിച്ചിട്ട് അല്‍പദൂരം കൂടി കാര്‍ മുന്നോട്ടുരുളുന്നത് വീഡിയോയില്‍ കാണാം. റോഡില്‍ പലയിടത്തായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചതാണ് ഈ ദൃശ്യങ്ങള്‍.

തുടര്‍ന്ന് വണ്ടി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി വരുന്നതും റോഡിലുള്ളവരെല്ലാം തന്നെ ഓടിയെത്തി പയ്യനെ കാറിന്റെ അടിയില്‍ നിന്നും വലിച്ചു പുറത്തെടുക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ കാര്യമായ പരിക്കൊന്നുമില്ലാതെ കുട്ടി രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടസമയത്ത്  പുറകിലുണ്ടായിരുന്ന സ്‌കൂള്‍ ബാഗ് ആയിരുന്നു മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ചതെന്നാണ് കുട്ടി പറയുന്നത്. ബാഗ് കാരണം കാര്‍ പയ്യന്റെ മേല്‍ കേറി ഇറങ്ങാന്‍ കഴിയാതെയാണ് വാഹനം നിന്നത്.

click me!