1.65 കോടിമുടക്കി വാങ്ങിയ വാഹനം രണ്ടാംദിനം കട്ടപ്പുറത്ത്! എംഎല്‍എക്കു കിട്ടിയ എട്ടിന്‍റെ പണി!

By Web DeskFirst Published Apr 2, 2017, 12:50 PM IST
Highlights

വോള്‍വോ അവതരിപ്പിച്ച അള്‍ട്രാ മോഡേര്‍ണ്‍ ലക്ഷ്വറി മോഡലായ വോള്‍വോ XC 90 T9 നെ സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ ഉപഭോക്താവായിരുന്നു മംഗലാപുരം എം എല്‍ എ മൊഹയുദ്ദീന്‍ ബാവ. പക്ഷെ, മോഡലിനെ കണ്ട് ആസ്വദിക്കാന്‍ പോലും ബാവയ്ക്ക് സമയം കിട്ടിയില്ല. വോള്‍വോ XC 90 T9 നെ വാങ്ങി രണ്ടാം ദിനം തന്നെ തിരികെ ഷോറൂമിലേക്ക് റിപ്പയറിന് നല്‍കേണ്ട ഗതികേടാണ് ബാവയെ തേടിയെത്തിയത്. കാരണം കേട്ടാല്‍ ആദ്യം ഞെട്ടും. പിന്നെ ഒരു പക്ഷേ പൊട്ടിച്ചിരിക്കും. പെട്രോളിന് പകരം പുത്തന്‍ മോഡല്‍ വോള്‍വോയില്‍ ഒഴിച്ചത് ഡീസലായിരുന്നു!

സംഭവം ഇങ്ങനെയാണ്. പുത്തന്‍ വോള്‍വോ X C 90 T9 ല്‍ ഇന്ധനം നിറയ്ക്കുന്നതിനായി മുഹ്‌യുദ്ദീന്‍ ബാവയുടെ മകന്‍ പമ്പില്‍ കൊണ്ട് പോയി. എന്നാല്‍ പെട്രോള്‍ ഹൈബ്രിഡ് വാഹനത്തില്‍ പമ്പ് ജീവനക്കാരന്‍ നിറച്ചത് ഡീസലായിരുന്നു. ഇന്ത്യയിലെ മിക്ക എസ്‌യുവികളും ഡീസലിലാണ് ഓടുന്നതെന്ന നിഗമനത്തിലാകാം വോള്‍വോ XC 90 T9 ലും ജീവനക്കാരന്‍ ഡീസല്‍ നിറച്ചത്.

എന്തായാലും ജീവനക്കാരന്റെ അബദ്ധത്തില്‍ ഉടമസ്ഥന് ചെലവാകുന്നത് കോടികള്‍. പമ്പില്‍ വെച്ച് തന്നെ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ വലിയ തകരാര്‍ ഒഴിവായെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഫ്യൂവല്‍ ടാങ്കില്‍ നിന്നും ഡീസല്‍ ഊറ്റി കളഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കാം. അതേസമയം, ഡ്രൈവര്‍ ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ കുഴയാനാണ് സാധ്യത. കാരണം പെട്രോള്‍ എഞ്ചിനിലേക്ക് ഡീസല്‍ കേറിയാല്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പമ്പ് തകരാറിലാവും. മാത്രമല്ല കത്താതെയുള്ള ഡീസല്‍ അനിയന്ത്രിതമായ തോതില്‍ ഉയര്‍ന്ന താപം ഉത്പാദിപ്പിക്കും. ഇത് കാറ്റാലിസ്റ്റുകളുടെ ഓവര്‍ഹീറ്റിംഗിന് കാരണമാകും.  ബംഗളൂരുവിലെ വോള്‍വോ ഷോറൂമില്‍ നിന്നുമാണ് പുത്തന്‍ എസ് യുവി മോഡലിനെ ബാവ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അബദ്ധത്തെ തുടര്‍ന്ന് ഫ്യൂവല്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി എസ് യുവിയെ ഷോറൂമിലേക്ക് തന്നെ തിരികെ അയച്ചിരിക്കുകയാണ്.

താന്‍ ബംഗളൂരുവില്‍ നിയമസഭാ സമ്മേളനത്തിലായിരുന്നൂവെന്നും മകനാണ് ഇന്ധനം നിറയ്ക്കുന്നതിനായി എസ് യുവിയെ പമ്പിലേക്ക് കൊണ്ട് പോയതെന്നും ബാവ പിന്നീട് വ്യക്തമാക്കി. വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കാനാണ് മകന്‍ നിര്‍ദ്ദേശിച്ചതെങ്കിലും പണം നല്‍കാന്‍ നേരത്ത് ജീവനക്കാരന്‍ ഡീസലാണ് നിറച്ചതെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ബാവ കൂട്ടിച്ചേര്‍ത്തു. എന്തായാലും 1.65 കോടി മുടക്കി വാങ്ങിയ എസ് യുവി റിപ്പയറിംഗിന് ഷോറൂമില്‍ കയറ്റിയ ബാവയെ രാജ്യത്തെ വാഹന പ്രേമികള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

പുത്തന്‍ സാങ്കേതികതയില്‍ എത്തുന്ന മോഡലുകളെപ്പറ്റിയുള്ള അറിവില്ലായ്മയാണ് പലരേയും പലപ്പോഴും അബദ്ധങ്ങളില്‍ ചാടിക്കുന്നത്. നൂതന സാങ്കേതികതയ്ക്ക് ഒപ്പം വാഹന ഉടമയും അപ്‌ഡേറ്റഡായിരിക്കണം എന്നാണ് ഈ സംഭവങ്ങള്‍ നല്‍കുന്ന പാഠം.

click me!