കനലെരിയുന്ന ഇന്ത്യന്‍ സമതലങ്ങള്‍ കടന്ന് ശാന്തബുദ്ധന്‍റെ നാട്ടിലേക്ക്

Published : Aug 08, 2017, 03:18 PM ISTUpdated : Oct 04, 2018, 06:43 PM IST
കനലെരിയുന്ന ഇന്ത്യന്‍ സമതലങ്ങള്‍ കടന്ന് ശാന്തബുദ്ധന്‍റെ നാട്ടിലേക്ക്

Synopsis

കഥകളിൽ മാത്രം കേട്ട സ്ഥലങ്ങളിലൂടെയായിരുന്നു ആ യാത്ര. പുറപ്പെടും മുമ്പ് കിട്ടിയ പല ആശംസകൾക്കുമൊപ്പം "സൂക്ഷിക്കണേ, പ്രശ്നങ്ങൾ ഒരുപാടു നടക്കുന്ന സ്ഥലമാണ്" എന്നൊരു ടാഗും കൂടെയുണ്ടായിരുന്നു. പക്ഷേ മണിപ്പൂരിലെ നാല് ദിവസം ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരുന്നു. സംസ്കാരങ്ങൾ അടുത്തറിയാൻ ലഭിച്ച നിമിഷങ്ങൾ. ബുള്ളറ്റിൽ കുണ്ടും കുഴിയും കാര്യമാക്കാതെ ചീറിപ്പാഞ്ഞതും ട്രക്കില്‍ മലകയറിയതും ഭക്ഷണം വെച്ചതും രണ്ടാംലോക മഹായുദ്ധഭൂമിയിലൂടെ നടന്നതും ലോക്റ്റേക് തടാകവുമെല്ലാം. ഒടുവില്‍ നിറകണ്ണുകളോടെ അവർ കെട്ടിപ്പിടിച്ചു യാത്രയാക്കിയപ്പോള്‍ ആദ്യം ലഭിച്ച ആശംസാ ടാഗുകള്‍ വെറുതെ ഓര്‍ത്തു.

മണിപ്പൂരില്‍ റോഡ് ഒഴികെ ബാക്കിയെല്ലാം വർണ്ണിക്കാൻ പാടാണ്. പക്ഷേ എടുത്തുപറയേണ്ട ഒന്നാണ് അവരുടെ സ്നേഹം. അതിഥികളെ ആദരിക്കുന്നതിൽ ഒരുപക്ഷെ അവരെകഴിഞ്ഞിട്ടെ ഉള്ളു ബാക്കി ഇന്ത്യൻ സംസ്ഥാനങ്ങൾ. പേടിച്ചിട്ടു ആരും അങ്ങോട്ട് പോകാറില്ല എന്നതാണ് വാസ്തവം.

ഒരിക്കൽ അവിടെനിന്നും പഠനത്തിനും ജോലിക്കുമായി പുറത്തുപോയവർ പിന്നീട് സ്വന്തം സംസ്ഥാനത്തു തങ്ങാൻ വിരസത കാണിക്കുന്നു. അത്രത്തോളംവരും അവിടുത്തെ സർക്കാരും പോലീസുമൊക്കെ.

ആരെങ്കിലും ശബ്ദമുയർത്തിയാൽ അവരുടെ അന്ത്യമുറപ്പാണ്. സ്വന്തം വീട്ടിലേക്കാളും പരിചരണങ്ങളാണ് അവിടെ സുഹൃത്തുക്കളിൽനിന്നും ലഭിച്ചത്.

അടുത്ത യാത്ര ഷില്ലോങ്ങിലേക്കായിരുന്നു. മണിപ്പൂർ നാഗാലാ‌ൻഡ് ബോർഡറിൽ ഏതോ ഒരു കാട്ടിൽവെച്ചാണ് അതു സംഭവിച്ചത്. വണ്ടി കേടായിരിക്കുന്നു. മിലിറ്റന്റ്‌സുള്ള ഏരിയയാണത്രെ. അവരുടെ കണ്ണിൽപെട്ടാൽ കൈയിലുള്ളതെല്ലാം പോകുമെന്നുറപ്പാണ്. രണ്ടരമണിക്കൂറിന്റെ അധ്വാനത്തിനു ശേഷം വണ്ടി വീണ്ടുമെഴുന്നേറ്റുപാഞ്ഞു. മണിപ്പൂർ ബോർഡർ കഴിഞ്ഞിരിക്കുന്നു. 'എന്താണത്?' ഞൊടിയിടയിൽ ആരോപറഞ്ഞു 'കൊഹിമ നഗരത്തിന്റെ രാത്രിക്കാഴ്ചയാണത്.'

ആകാശത്തിൽ നിന്നു കൂട്ടത്തോടെ ഭൂമിയിലേക്കുതിർന്നുവീണ നക്ഷത്രകൂട്ടത്തെപ്പോലെ തിളങ്ങുന്ന കൊഹിമ നഗരത്തെ നോക്കി വണ്ടി മലയിറങ്ങി. മനസ്സിപ്പോഴും മണിപ്പൂരിലാണ്!

ഗൗവാഹട്ടിയിൽ നിന്നും നേരത്തെ പുറപ്പെടണമെന്നു വിചാരിച്ചു. പക്ഷേ ഉറക്കത്തിന് വിവര വിചാരങ്ങളൊന്നുമില്ലാത്തതുകൊണ്ട് ഉച്ചക്ക് ഒരുമണിയായി പുറപ്പെടുമ്പോള്‍. ബാഗ് ബൈക്കിന്റെ പുറകിൽ വെച്ചുകെട്ടി നട്ടുച്ചവെയിലത്തു ഒരു കൂളിങ് ഗ്ലാസ്സും ഹെൽമെറ്റുമൊക്കെ വച്ചു വണ്ടിയെടുത്തങ്ങുവിട്ടു. ഭൂട്ടാനിലേക്കാണ് പായുന്നത്. ബൈക്കിൽ രാജ്യം വിടുന്നതിന്റെ സന്തോഷവും ആകാംഷയും മുഖത്തു കാറ്റടിക്കുമ്പോൾ ഇരട്ടിച്ചുകൊണ്ടേയിരുന്നു. നീണ്ടുനിവർന്നുകിടക്കുന്ന വിശാലമായ റോഡ്. വാഹനങ്ങളധികമൊന്നുമില്ല. ഉള്ളത് കൂടുതലും കൂറ്റൻലോറികളാണ്. ബ്രഹ്മപുത്ര നദിക്കുമീതെയുള്ള പാലം ചിന്തകളെ വഴിതെറ്റിക്കാൻ തുടങ്ങി.

ഉല്ലസിച്ചടിക്കുന്ന കാറ്റ് മനസ്സിനെ കൊഹിമ നഗരത്തിന്റെ ഭംഗിയാസ്വദിച്ചുകൊണ്ട് മലയിറങ്ങുന്നിടത്തെത്തിച്ചു. കഴിഞ്ഞ രണ്ടുദിവസം ഷില്ലോങ്ങിൽ സുഹൃത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഷില്ലോങ്ങ് നഗരം മറ്റു നോർതേയ്സ്റ് നഗരങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഒരു മാധ്യമവിദ്യാർത്ഥിയായതുകൊണ്ടാവാം ആദ്യം ശ്രദ്ധപോയത് അവിടെയുള്ള പരസ്യങ്ങളിലേക്കാണ്.

എടുത്തുപറയേണ്ട ഒന്നാണ് അവരുടെ ഫോണ്ട്സെലെക്ഷനും കളർസെൻസും

വിഷയത്തിൽനിന്ന് തെന്നിമാറുന്നില്ല, ക്ഷീണിച്ചെത്തിയ ഞങ്ങളെ സ്വീകരിക്കാൻ അവർ കാത്തുനിന്നിരുന്നു. എല്ലാംകൊണ്ടും അവനോട് അസൂയതോന്നിപ്പോയി. സ്നേഹംനിറഞ്ഞ വീട്ടുകാരും സഹിക്കാൻപറ്റാതെ കുളിരുന്ന ഒരു നഗരത്തിൽ അത്രയും ഭംഗിയുള്ളൊരു വീടും. രണ്ടു ദിവസം ഞങ്ങളും അതിന്‍റെയൊരു ഭാഗമായിരുന്നു.

ചിന്തകളങ്ങനെ ഉയരത്തിലോട്ടു പറക്കുമ്പോൾ തല്ലിക്കൊഴിച്ചു താഴെയിടുന്ന പോലെ എന്തോ ഒന്ന് കണ്ണിൽപെട്ടു. ആഹാ..! മുന്നിലുള്ളവന്റെ ബൈക്കിന്റെ ബാക്ക് ടയർ പൊട്ടിയിരിക്കുന്നു. ചുറ്റും മൂകത മാത്രം. വണ്ടിയൊതുക്കി ഊരക്ക് കൈയുംവച്ചു മൂന്നുപേരും മുഖത്തോടുമുഖം നോക്കി നിന്നു. ആസ്സാമിലെ ഏതോ ഒരു കുഗ്രാമമാണ് പടച്ചോനെ!

ഒരുവിധത്തിൽ അവൻ വണ്ടിയുരുട്ടി മൂന്നുകിലോമീറ്റർ അപ്പുറത്തുള്ള കടയിലെത്തിച്ചു. മാറ്റേണ്ടതൊക്കെ മാറ്റിയപ്പോൾ വണ്ടി കുട്ടപ്പനായി. യാത്ര തുടരുകയാണ്. ഇരുവശവും കണ്ണെത്താദൂരം പരന്നുകിടക്കുന്ന വയലുകളാണ്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. റോഡ് അൽപം മോശമാണ്. മോശമാണെന്നു പറഞ്ഞാൽ നാഷണൽ ഹൈവേയിൽ ടാറില്ല. കല്ലും പൊടിയും മാത്രം. എതിരെ ഒരു വണ്ടിവന്നാൽ പിന്നെ കണ്ണുംമൂക്കും പൊടികൊണ്ട് അടഞ്ഞുകിട്ടും.

വഴിയിലെങ്ങും ഒരാളുമില്ല. ഇച്ചിരിവെട്ടംപോലുമില്ല. ആകാശംമുട്ടെ പൊടിപറത്തി ഇടക്ക് വരുന്ന കൂറ്റൻലോറികളാണ് സമാധാനം.

രാത്രിയായിരിക്കുന്നു. ആസ്സാം വെസ്റ്റ് ബംഗാൾ ബോർഡർ ആണ്. സംഗതി ലേശം കൊഴപ്പംപിടിച്ച സ്ഥലമാണെന്നറിയാം. മുന്നിൽ അവനുണ്ടെന്ന ധൈര്യത്തിൽ ഞങ്ങളങ്ങു പാഞ്ഞു. പിന്നിൽ ഞാനാണെന്ന ധൈര്യമാവും അവന്. കൊടുംകാടാണ്. ഇടക്ക് ആനയുടെയും കടുവയുടെയുമൊക്കെ ഫോട്ടോ വച്ച ബോർഡുകളുണ്ട്. വണ്ടിക്കൊരു കൂസലുമില്ല. ആസ്സാം കഴിഞ്ഞു വെസ്റ്റ് ബംഗാൾ ആയിരിക്കുന്നു. ഇനിയുമുണ്ട് നൂറിലേറെ കിലോമീറ്റർ. അടുത്തു കാണുന്ന ടൗണിൽ തങ്ങാമെന്നു തീരുമാനിച്ചു. വിചാരിച്ച പോലെത്തന്നെ അന്നുരാത്രി അവിടെയൊരു കൊച്ചുമുറിയിൽ ഞങ്ങളുറങ്ങാൻകിടന്നു. എനിക്കെന്തോ ഉറക്കം വരാത്തപോലെ. നാളെ നേരംപുലരുമ്പോൾ രാജ്യം വിട്ടിരിക്കും. ചിന്തകൾ പതിയെ ഷില്ലോങ്ങിലോട്ടോടി.

എന്തൊരു തണുപ്പാണവിടെ. വെള്ളച്ചാട്ടങ്ങളുടെ നാട്. മഴയായതുകൊണ്ട് അന്ന് സുഹൃത്തിന്റെ കാറിലാണ് ചിറാപ്പുഞ്ചിക്ക് പോയത്. വീട്ടില്‍ നിന്നും ഭക്ഷണമെല്ലാം പാക്ക് ചെയ്തു തന്നിട്ടുണ്ടായിരുന്നു. ഒരുപക്ഷെ ഈ യാത്രയിൽകണ്ട ഏറ്റവും ഭംഗിയുള്ള സംസ്ഥാനമായിരുന്നു മേഘാലയ. ഒരു ചെറിയ ചാറ്റൽമഴ എപ്പോഴുമുണ്ടാകും. ചുരംകയറി വളരെ ഉയരത്തിലെത്തിയിരിക്കുന്നു ഞങ്ങൾ. തണുപ്പ് സഹിക്കാൻ കഴിയുന്നില്ല. ഏതോ ഒരു വ്യൂപോയിന്റിൽ വണ്ടി പാർക്കുചെയ്തു. ക്യാമറയും കൈയിൽപിടിച്ചു പുറത്തിറങ്ങി. നല്ല മഴയാണ്. കുടയൊന്നുമില്ല. ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് ക്യാമറ സുരക്ഷിതമാക്കി. സ്ഥലം വേറെ ലെവലാണ്. കണ്ണുകൊണ്ട് കാണുന്ന ഭംഗി ലെൻസിലൂടെ പകർത്താൻ പറ്റാത്തതിന്റെ നിരാശയോടെ വീണ്ടും കാറിൽകയറി. റൈൻബോ വെള്ളച്ചാട്ടമാണ് ലക്ഷ്യം. അതത്ര എളുപ്പമല്ല. ആറുകിലോമീറ്റർ കട്ട ട്രെക്കിങ്ങ് ആണ്. ക്യാമറബാഗും വാടകക്കെടുത്ത ഒരു മുളവടിയും കൊണ്ട് 'പടച്ചോനേ'ന്നും വിളിച്ചു അങ്ങുതുടങ്ങി.

വിചാരിച്ചപോലെ അത്രയെളുപ്പമായിരുന്നില്ല കാര്യങ്ങൾ. കാലിന്റെ പണികഴിഞ്ഞിരിക്കുന്നു. എങ്ങനെയൊക്കെയോ അവിടെയങ്ങു എത്തിപ്പെട്ടു. ലോകത്തിലെ ഏറ്റവുമുയരത്തിൽ മഴപെയ്യുന്ന സ്ഥലങ്ങളിലൊന്നാണത്. കൂടുതലൊന്നും ആലോചിക്കാതെ കുപ്പായമൊക്കെയൂരി അവിടെ ചെന്നിരുന്നു. വെള്ളം ഒരു വലിയ പറയിലാണ് വന്നുപതിക്കുന്നത്. അവിടെയിരുന്നു ജീവിതത്തെപ്പറ്റി ഒരു അവലോകനം തന്നെ നടത്തി. ഇരുട്ടുന്നതിനു മുമ്പേ തിരിച്ചെത്തണം. കാലിന്റെ അവസ്ഥ നോക്കുമ്പോൾ തിരിച്ചെത്തുമോന്ന് സംശയമായിരുന്നു. തിരിച്ചുപോകുന്നവരുടെ മുഖത്തു അത്ര സന്തോഷമില്ല. തളർന്നിരിക്കുന്നവർ കൂടുതലും സ്ത്രീകളാണ്. മറ്റാരേക്കാളും വേഗത്തിലോടുന്ന സ്ത്രീകളെയുംകണ്ടു. വഴിയിലിടക്കുവച്ചു ചെറിയ ഗ്രാമങ്ങളുണ്ട്. ഒരുവിധംകയറി തിരിച്ചെത്തിയിരിക്കുന്നു.

തിരിച്ചുള്ള യാത്രയിൽ മലമുകളിൽനിന്നൊരു സൂര്യാസ്തമനംകണ്ടു. കൂട്ടത്തിലൊരുത്തൻ ചോദിക്കുന്നത് കേട്ടു. 'അളിയാ.. സ്വർഗ്ഗം ഇവിടെയാണോ?' എന്ന്. പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ താണുകൊണ്ടിരുന്നു. ഭക്ഷണമൊക്കെ കഴിച്ചു ചെന്നുകിടന്നതെ ഓർക്കുന്നുള്ളു. പിറ്റേന്ന് ഉച്ചക്കാണ് എണീറ്റത്. മേഘാലയയോട് യാത്രപറയാൻ സമയമായിരിക്കുന്നു. എല്ലാവരുംകൂടി ഒരു ഫോട്ടോയൊക്കെ എടുത്ത് വീണ്ടുംവരാമെന്ന പ്രതീക്ഷയോടെ ഷില്ലോങ്ങിനോട് യാത്രപറഞ്ഞു. മേഘാലയ ബോർഡറിലെ ആ നീണ്ട ട്രാഫിക് ബ്ലോക്കിലാണെന്നു തോന്നുന്നു ചിന്തകൾ അവസാനിക്കുന്നത്.

അറിയാതെ എപ്പഴോ ഉറക്കത്തിലേക്ക് തെന്നിവീണിരിക്കുന്നു. സ്വപ്നങ്ങളിൽ നിറയെ ഭൂട്ടാൻ ആണ്

 

സൂര്യോദയത്തിനു മുമ്പേ വീണ്ടുമെഴുന്നേറ്റ് യാത്ര തുടങ്ങിയിരുന്നു. ഹൈവേയിൽ ഇടയ്ക്കുകാണുന്ന ഭൂട്ടാൻ റെജിസ്ട്രേഷൻ വാഹനങ്ങൾ ചിന്തകളെ കീറിമുറിച്ചു. ഇരുവശങ്ങളിലും തേയിലത്തോട്ടങ്ങളാണ്. കൂടുതലാസ്വദിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. റോഡിൽ നിറങ്ങൾകൊണ്ടുണ്ടാക്കിയ ഒരു പടുകൂറ്റൻ കവാടം കാണാം. അതെ, ലക്ഷ്യസ്ഥാനമെത്തിയിരിക്കുന്നു. പൊടുന്നനെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചതുപോലെ തോന്നി. മാറ്റമെന്താണെന്നു എടുത്തുപറയാൻ കഴിയുന്നില്ല. എല്ലാംകൊണ്ടും വളരെ വിചിത്രമാണിവിടം. ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചതു ട്രാഫിക് നിയമങ്ങളോടാണ്.

ബൈക്ക് പാർക്കുചെയ്തു നേരെപോയത് ഇമിഗ്രേഷൻ ഓഫീസിലേക്ക്. ഒരു ദിവസം മുഴുവൻ ഭൂട്ടാനില്‍ തന്നെയായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു ഭൂട്ടാൻ സമ്മാനിച്ചത്. എല്ലായിടത്തും രാജാവും കുടുംബവും നിൽക്കുന്ന ഫോട്ടോകൾ കാണാം. കൊച്ചുകൊച്ചു കടകൾക്കുള്ളിൽപോലും വളരെ ഭംഗിയായി ഫ്രെയിംചെയ്തുവെച്ചിരിക്കുന്നു. ഒരു രാജ്യത്തിലെ ജനത തങ്ങളുടെ ഭരണാധികാരിയെ നെഞ്ചിലേറ്റിയതിന്റെ പച്ചയായ ആവിഷ്കാരമായിരുന്നു അത്. പിന്നെയും കുറെ അത്ഭുതം ജനിപ്പിച്ച കാഴ്ചകൾ. തികച്ചും വ്യത്യസ്തമായ സംസ്കാരങ്ങളും കാഴ്ചകളും. കൂടുതലും പ്രകൃതിരമണീയതയും ബുദ്ധരുടെ ആരാധനാലയങ്ങളും.

വിടപറയാൻ സമയമായിരിക്കുന്നു. ബുള്ളറ്റ് ഒരു കൂസലുമില്ലാതെ ഭൂട്ടാൻ വിട്ടു ഇന്ത്യയിലോട്ടോടി. സമയം വളരെ വൈകിതുടങ്ങിയിരിക്കുന്നു. ആലോചനകൾ കിലോമീറ്ററുകളെ കാറ്റിൽ പറത്തികൊണ്ടേയിരുന്നു. വെസ്റ്റ് ബംഗാൾ ബോർഡർ കഴിഞ്ഞു വീണ്ടും ആസ്സാമിലെ ഹൈവേയാണ്. പെട്ടെന്ന് റോഡിൽ എന്തോ കണ്ടിട്ടായിരുന്നു ഞാൻ വണ്ടിനിർത്തിയത്. ഒരു യാത്രയുടെ അവസാനനിമിഷത്തിൽ ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച്ചയായിരുന്നു അത്.

ഒരു പച്ചമനുഷ്യൻ റോഡിൽ ചതഞ്ഞരഞ്ഞുകിടക്കുന്നു. ട്രാക്കോ മറ്റോ ഇടിച്ചിട്ടതാണ്. മുഖം മുഴുവനായും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വണ്ടിപോലും നിർത്തുന്നില്ല. ആരും തിരിഞ്ഞുനോക്കുന്നുപോലുമില്ല. ഞങ്ങൾ കുറച്ചുനേരം തരിച്ചുനിന്നുപോയി. വാഹനങ്ങൾ ശ്രദ്ധിക്കുന്നുപോലുമില്ല. ആ മഴയത്തു പോലീസ് സ്റ്റേഷൻ തിരഞ്ഞിട്ട് കിട്ടിയില്ല. ഒടുവിലാണ് റോഡിൽനിൽക്കുന്ന പോലീസിനെ ഞങ്ങൾ കണ്ടത്. അവരെ വിളിച്ചു സംഭവസ്ഥലത്തേക്ക് വീണ്ടുംപോയി. ഗതാഗതം നിലച്ചത് അവരെത്തിയതിനുശേഷമാണ്. ഷില്ലോങ്ങിൽ വച്ചു എന്റെ സുഹൃത്ത് എന്നോട് ഒരുചോദ്യം ചോദിച്ചിരുന്നു, ഇത്രയും സൗന്ദര്യമുള്ള കാഴ്ചകളും മനുഷ്യരുമുള്ള നോർത്ത് ഈസ്റ് ഉണ്ടായിട്ടും നിങ്ങൾ കേരളത്തിനെയെന്തിന് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കുന്നത് എന്ന്.

ആ സമയത്തു എനിക്കുത്തരം മുട്ടിപ്പോയെങ്കിലും ഇപ്പോള്‍ ഞാൻ ഉറപ്പിച്ചു പറയുന്നു. കേരളത്തിൽ ഒരിക്കലും നിങ്ങൾക്കിതുപോലെ ഒരുകാഴ്ച കാണാൻ കഴിയില്ലെന്ന്. കേരളം പല കാരണങ്ങൾ കൊണ്ടും ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. ഒന്നും വേണ്ടിയിരുന്നില്ല എന്ന നിലയിൽ ഞങ്ങൾ വീണ്ടും തുടർന്നു.

ഈ യാത്രയാവസാനിപ്പിക്കുകയാണ്. തിരിച്ചുപോവുകയാണ്. കിഴക്കൻചക്രവാളത്തിലെവിടെയോ സൂര്യൻ ഉദിച്ചുതുടങ്ങിയിരുന്നു

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?