
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യാജരേഖകളുമായെത്തുന്ന ബുള്ളറ്റുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് ബുള്ളറ്റിലും വ്യാജന്‍ കണ്ടെത്തിയതായി വിവരം. കേരളത്തില്‍ ബുള്ളറ്റുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചതു കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന ബുള്ളറ്റുകള്‍ ഇങ്ങോട്ട് കൊമ്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് എത്തിക്കുന്നതായാണ് വിവരം. തുടര്‍ന്ന് കേരളത്തിലെ ഇടനിലക്കാരാണ് ബൈക്കുകള്‍ വില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ബുള്ളറ്റ് വാങ്ങിയ ഒരു സംഘം രജിസ്ട്രേഷന്‍ മാറ്റാന്‍ ആര്‍.ടി. ഓഫീസില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രേഖകളുടെ സ്ഥിരീകരണത്തിന് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നു നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്.
സംഭവത്തില്‍ എറണാകുളം ജില്ലക്കാരനായ ഒരു ഇടനിലക്കാരനു വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ് കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് സംശയം. ബുള്ളറ്റുകളില്‍ വ്യാജ രജിസ്ട്രേഷന്‍ നമ്പര്‍ പതിച്ചും എന്‍ജിന്‍ നമ്പരും ഷാസി നമ്പരും രാകിക്കളഞ്ഞ് വ്യാജമായി പഞ്ച് ചെയ്തും വ്യാജ എന്‍.ഒ.സി. സംഘടിപ്പിച്ചുമൊക്കെയാണ് ബുള്ളറ്റ് ബൈക്കുകള്‍ കേരളത്തിലേക്ക് കടത്തുന്നത്.
തമിഴ്‍നാട്ടിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പിടിയിലായ കള്ളന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ബുള്ളറ്റുകള്‍ മോഷ്‍ടിക്കുന്നത് എങ്ങനെയെന്ന് പൊലീസിന് കാണിച്ചു കൊടുക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.