ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറാനെത്തിയ ആടിനു സംഭവിച്ചത്!

First Published Aug 3, 2018, 3:22 PM IST
Highlights
  • ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യാനെത്തി
  • ആടിന്‍റെ കദനകഥ സോഷ്യല്‍മീഡിയയിലും സഞ്ചാരികളുടെ ഇടയിലും വൈറലാകുന്നു

മുംബൈ: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്താല്‍ എന്താണ് സംഭവിക്കുക? പിഴയടയ്ക്കുകയാണ് സര്‍വ്വസാധാരണം. എന്നാല്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ ഒരു ആടിന്‍റെ കദനകഥ സോഷ്യല്‍മീഡിയയിലും സഞ്ചാരികളുടെ ഇടയിലും ഇപ്പോള്‍ വൈറലാണ്. ഈ ആടിനെ' റെയില്‍വേ ലേലം ചെയ്തു വിറ്റെന്നാണ് വാര്‍ത്തകള്‍. 

ചൊവ്വാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ മസ്ജിദ് സ്റ്റേഷനിലാണ് സംഭവം. ആടിനെയും കൂട്ടി എത്തിയ യാത്രക്കാരനെ പ്ലാറ്റ്‌ഫോമില്‍ വച്ച്‌ കണ്ട ടിക്കറ്റ് പരിശോധകന്‍ ടിക്കറ്റും ആടിനെ കൊണ്ടുപോകാനുള്ള അനുമതിപത്രവും ആവശ്യപ്പെട്ടു.

എന്നാല്‍ യാത്രക്കാരന്റെ കൈയ്യില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് പരിശോധകന്‍റെ ചോദ്യം കേട്ട് ഭയന്നു പോയ യാത്രക്കാരന്‍ ആടിനെയും ഉപേക്ഷിച്ച് മുങ്ങിയെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

തുടര്‍ന്ന് ആടിനെ ഏറ്റെടുത്ത റെയില്‍വേ ജീവനക്കാര്‍ അതിനു ബസന്തി എന്നു പേരും നല്‍കി. തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലെത്തിച്ച ആടിനെ റെയില്‍വേ നിയമപ്രകാരം ലേലം ചെയ്യുകയായിരുന്നു. 2500 രൂപയ്ക്ക് പശ്ചിമ ബംഗാള്‍ സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്നയാളാണ് ആടിനെ ലേലം ചെയ്ത് സ്വന്തമാക്കിയത്.

റെയില്‍വേ നിയമം അനുസരിച്ച് മറ്റു യാത്രക്കാര്‍ക്ക് അസൗകര്യത്തിനും അപകടത്തിനും കാരണമായേക്കും എന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളെ യാത്രക്കാര്‍ക്കൊപ്പം കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. പ്രത്യേക അനുമതി പത്രം വാങ്ങിയ ശേഷം ഇവയെ ലഗേജ് കമ്പാര്‍ട്ട്‌മെന്റിലാക്കിയാണ് അയയ്ക്കുക.

click me!