ബൈക്കിന് മൈലേജില്ല; ഉടമയ്ക്ക് മുഴുവന്‍ പണവും മടക്കി നല്‍കാന്‍ ഹീറോയോട് കോടതി

By Web DeskFirst Published Jan 22, 2018, 12:17 PM IST
Highlights

കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ സുപ്രധാനവിധിയുമായി ഉപഭോക്തൃകോടതി. മൈലേജ് തീരെയില്ലെന്ന ബെംഗളുരു സ്വദേശിയുടെ പരാതിയില്‍ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോമോട്ടോര്‍കോപ്പിനോട് വാഹനത്തിന്‍റെ മുഴുവന്‍ തുകയും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളൂരുവിലെ ഉപഭോക്തൃപരിഹാര കോടതി ഉത്തരവിട്ടു. കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്.

2013 ജനുവരിയിലാണ്  മഞ്ജുനാഥ് ഹീറോയുടെ അന്നത്തെ ഏറ്റവും പുതിയ മോഡലായ ഇഗ്‌നിറ്റോര്‍ വാങ്ങുന്നത്. 74,796 രൂപ നല്‍കിയായിരുന്നു മഞ്ജുനാഥ് ബൈക്ക് സ്വന്തമാക്കിയത്. ബൈക്കിന് 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ പരസ്യവാഗ്ദാനം. വില്പന സമയത്ത് സെയ്ല്‍സ്മാനും ഇതുസംബന്ധിച്ച് ഉറപ്പുനല്‍കി. അതേസമയം, പതിനൊന്ന് മാസം ഉപയോഗിച്ചിട്ടും ബൈക്കിന് പരമാവധി 35 കീലോമീറ്റര്‍ മാത്രമെ മൈലേജ് ലഭിക്കുന്നുള്ളുവെന്ന് മജ്ഞുനാഥ് പറയുന്നു. തുടര്‍ന്ന് ഡീലര്‍ഷിപ്പില്‍ പരാതിപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വ്വീസില്‍ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പുനല്‍കി. പക്ഷേ അതിനുശേഷവും  പ്രശ്‌നം തുടര്‍ന്നു. മാത്രമല്ല എഞ്ചിനില്‍ നിന്നും അനാവശ്യ ശബ്ദങ്ങളും മറ്റും കേട്ടുതുടങ്ങിയെന്നും മജ്ഞുനാഥ് പറയുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുകയോ പണം മടക്കിനല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹീറോയ്ക്ക് എഴുതിയെങ്കിലും കമ്പനി ആവശ്യം നിരസിച്ചു. ഇതോടെ മഞ്ചുനാഥ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

നീണ്ട നാല് വര്‍ഷത്തെ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബൈക്ക് ഉടമസ്ഥന് ഡ്രൈവിംഗ് വശമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു കോടതിയില്‍ ഹീറോയുടെ വാദം. എന്നാല്‍ ബൈക്ക് തിരിച്ചെടുത്ത ശേഷം  വാഹനത്തിന്‍റെ മുഴുവന്‍ തുകയും ഒപ്പം കോടതിച്ചെലവിലേക്ക് 10,000 രൂപയും നല്‍കാനായിരുന്നു ബംഗളൂരു സെക്കന്‍ഡ് അര്‍ബന്‍ അഡീഷണല്‍ ജില്ലാ ഉപഭോക്ത‍ൃ ഫോറത്തിന്‍റെ ഉത്തരവ്.

click me!