
തിരുവനന്തപുരം: വടക്കഞ്ചേരിയിലെ ദാരുണ ദുരന്തത്തിന് കാരണം ടൂറിസ്റ്റ് ബസ്സിൻ്റെ അമിതവേഗമാണെന്നിരിക്കെ സ്വിഫ്റ്റ് ബസ്സുകൾക്ക് 110 കി.മീ വേഗത നിശ്ചയിച്ച കെഎസ്ആർടിസി തീരുമാനം വിവാദമാകുന്നു. ഉത്തരവ് റദ്ദാക്കേണ്ടിവരുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന സർവ്വീസുകൾക്ക് കേരളത്തിന് പുറത്തുമാത്രമാണ് ഈ വേഗ പരിധി നിശ്ചയിച്ചതെന്നാണ് കെഎസ്ആർടിസി വിശദീകരിക്കുന്നത്
വടക്കഞ്ചേരിയിൽ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്സിൻ്റെ വേഗം മണിക്കൂറിൽ 97.2 കിമീ ആയിരുന്നു. ബസിൻ്റെ ഈ മരണപ്പാച്ചിലിനെ എല്ലാവരും പഴിക്കുമ്പോഴാണ് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ വേഗ പരിധി ചർച്ചയാകുന്നത്. മെയ് 28-ന് ചേർന്ന കെഎസ്ആർടിസി ഉന്നതതല യോഗമാണ് വേഗത 110 ആക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് നാലുവരിപാതയിലടക്കം ബസ്സുകളുടെ പരമാവധി വേഗത 65 കിലോ മീറ്റർ ആയിരിക്കെയാണ് കെ സ്വിഫ്റ്റിനുള്ള ഈ പ്രത്യേക ഇളവ്.
എന്നാൽ അന്തര്‍ സംസ്ഥാന സർവ്വീസുകളിലാണ് ഈ ഇളവ് ബാധകമാവുന്നതെന്നാണ് കെഎസ്ആർടിസി വിശദീകരിക്കുന്നത്. തമിഴ്നാട്ടിലെ നാല് വരി/ആറ് വരി പാതകളിൽ പരമാവധി വേഗപരിധി 110 ആണെന്നും സംസ്ഥാന അതിർത്തി കടന്നാൽ വേഗത കൂട്ടാമെന്നുള്ള അർത്ഥത്തിലാണ് ഇതെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.
അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ, മൾട്ടി ആക്സിൽ ബസ്സുകൾക്കും അതിർത്തി വിട്ടാൽ വേഗം കൂട്ടാമെന്ന സർക്കുലറുമുണ്ട്. സ്വിഫ്റ്റ് ഉത്തരവ് വിവാദമാക്കുന്നതിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നാണ് കെഎസ്ആർടിസി ആക്ഷേംപ. സംസ്ഥാന പാതയിലൂടെ നിയമം ലംഘിച്ച് പോകുന്ന ടൂറിസ്റ്റ് ബസ്സുകൾ വടക്കാഞ്ചേരി അപകടത്തിൻറെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയെ പഴിചാരുകയാണെന്നാണ് ആരോപണം. എന്തായാലും മന്ത്രി പരിശോധിക്കുമെന്ന പറഞ്ഞ സാഹചര്യത്തിൽ ഗതാഗതവകുപ്പ് ഇനി സ്ഫിറ്റിനറെ വേഗത്തിൽ എന്ത് തുടർ നടപടി എടുക്കുമെന്നാണ് ആകാംക്ഷ
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.