ബസ്റ്റാന്‍ഡിനു നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്തയാള്‍ക്ക് കിട്ടിയ മുട്ടന്‍പണി!

By Web DeskFirst Published Feb 21, 2018, 6:07 PM IST
Highlights

പലരും തങ്ങളുടെ മാത്രം സൗകര്യം കണക്കിലെടുത്താവും വാഹനം പാര്‍ക്ക് ചെയ്യുന്നത്. മറ്റുള്ളവര്‍ക്കുണ്ടാകുന്ന അസൗകര്യമോ ബുദ്ധിമുട്ടോ ഒന്നും ഇത്തരക്കാര്‍ ശ്രദ്ധിക്കാറേയില്ല. സ്വന്തം വീട്ടുമുറ്റത്താണെന്ന ലാഘവത്തോടെ കിട്ടുന്നിടത്ത് വാഹനം പാര്‍ക്ക് ചെയ്ത് പുറത്തുപോകുന്ന ഇത്തരക്കാരിലൊരാള്‍ക്ക് കിട്ടിയ മുട്ടന്‍പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.

ബസ് സ്റ്റേഷന്‍റെ നടുവില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കടന്നുകളഞ്ഞയാള്‍ക്കാണ് ഈ എട്ടിന്‍റെ പണി കിട്ടിയത്. പണി എന്താണെന്നല്ലേ? അയാള്‍ തിരികെ വന്നുനോക്കുമ്പോള്‍ കാര്‍ നിലത്തല്ല, സമീപത്തുള്ള കെട്ടിടത്തിന്‍റെ മുകളിലാണ് കിടക്കുന്നത്!

ചൈനയിലെ സിഷുമി കൗണ്ടിയിലെ ഹുബൈ പ്രവശ്യയിലാണ് സംഭവം. ബസ് സ്റ്റേഷന്‍റെ നടുക്ക് പാര്‍ക്ക് ചെയ്ത എസ്‍യുവി സ്റ്റേഷന്‍ മാനേജര്‍ ക്രെയിന്‍ ഉപയോഗിച്ച് സമീപത്തെ കെട്ടിടത്തിന്‍റെ മുകളിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു. വാഹനം തൂക്കിയെടുത്ത് കെട്ടിടത്തിന്‍റെ മുകളിലേക്കു വയ്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചൈനയിലെ തന്നെ ബെന്‍ക്സി സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. അപ്പാര്‍ട്ട്മന്‍റില്‍ സന്ദര്‍ശനത്തിനെത്തിയ യുവതി പാര്‍ക്കിംഗ് ഫീസിനെ ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി സ്റ്റേഷന്‍റെ മുകളില്‍ വാഹനം കയറ്റിയിട്ടിരുന്നു.

click me!