വ്യാജ ഡ്രൈവിങ് ലൈസന്‍സ് നല്‍കി യുവാവിനെ ഗള്‍ഫിലേക്ക് അയച്ചെന്ന് പരാതി

By Web DeskFirst Published Apr 10, 2018, 11:40 PM IST
Highlights

യു.എ.ഇയില്‍ എത്തി ജോലിക്ക് കയറിയശേഷം നടന്ന പരിശോധനയിലാണ് ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞത്

കോഴിക്കോട്ട്: വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി ട്രാവല്‍ ഏജന്‍സി, തമിഴ്നാട് സ്വദേശിയെ വിദേശത്ത് ജോലിക്ക് അയച്ചതായി പരാതി. ലൈസന്‍സ് വ്യാജമെന്ന് കണ്ടെത്തിയതോടെ ജോലി നഷ്‌ടപ്പെട്ട യുവാവ്, ഏജന്‍സിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണം ട്രാവല്‍ ഏജന്‍സി നിഷേധിച്ചു.

തമിഴ്നാട് രാമേശ്വരം സ്വദേശി മുഹമ്മദ് മുഹാദിറാണ് കോഴിക്കോട്ടെ ത്രീ സ്റ്റാര്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യു.എ.ഇയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹാദിര്‍ വിസക്ക് സമീപിച്ചു. ഒറിജിനല്‍ ലൈസന്‍സ് നഷ്‌ടപ്പെട്ടതിനനാല്‍ തമിഴ്നാട് ലൈസന്‍സിന്റെ പകര്‍പ്പ് നല്‍കി. എന്നാല്‍ ഇത് ആവശ്യമില്ലെന്നും പകരം സംവിധാനം ശരിയാക്കിതരാമെന്നും ട്രാവല്‍സ് ഉടമകള്‍ അറിയിച്ചു. തുടര്‍ന്ന് ഫോട്ടോ വാങ്ങുകയും കോഴിക്കോട് ആര്‍.ടി.ഓഫീസില്‍ നിന്ന് ഇഷ്യു ചെയ്ത രീതിയിലുള്ള കേരളാ ലൈസന്‍സ് വിദേശത്തേക്ക് കൊറിയറായി അയച്ചു നല്‍കിയെന്നും യുവാവ് പറയുന്നു. 

യു.എ.ഇയില്‍ എത്തി ജോലിക്ക് കയറിയശേഷം നടന്ന പരിശോധനയിലാണ് ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ നാട്ടിലെത്തി ട്രാവല്‍സ് ഉടമകളെ സമീപിച്ചെങ്കിലും ഇവര്‍ ഭീഷണിപെടുത്തിയതായി മുഹാദിര്‍ പറഞ്ഞു. 85,000രൂപയാണ് വിസക്ക് നല്‍കിയത്. വേറെ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് പാസ്സ്‌പോര്‍ട്ടും ട്രാവല്‍സ് ഉടമകള്‍ പിടിച്ചുവെച്ചുവെന്ന് യുവാവ് പറയുന്നു. വ്യാജ ലൈസന്‍സ് ഉണ്ടാക്കിയ ആള്‍ക്കെതിരെ കേസ്സെടുക്കണമെന്നും വിസയുടെ  പണം തിരികെ കിട്ടണമെന്നുമാണ് യുവാവിന്റെ ആവശ്യം. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും യുവാവ് എത്തിച്ച രേഖകള്‍ മാത്രമാണ് കൊറിയറായി അയച്ചു നല്‍കിയതെന്ന് ട്രാവല്‍സ് ഉടമ അറിയിച്ചു.

click me!