ഇഷ്ടനമ്പറിനായി കാര്‍ രജിസ്റ്റര്‍ ചെയ്തില്ല; പിഴ എട്ട് ലക്ഷം!

By Web DeskFirst Published Sep 26, 2017, 2:45 PM IST
Highlights

അറുപത് ലക്ഷം രൂപമുടക്കി സ്വന്തമാക്കിയ കാര്‍ ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി  രജിസ്റ്റര്‍ ചെയ്യാതെ  കാത്തുനിന്നതിന് കാസര്‍കോട് സ്വദേശി പിഴയായി അടയ്ക്കേണ്ടിവന്നത് എട്ടു ലക്ഷം രൂപ. ഒടുവില്‍ ലേലത്തില്‍ നമ്പറിനുവേണ്ടി ചെലവഴിക്കേണ്ടിവന്നത് 1.05 ലക്ഷം രൂപയും. കാസര്‍കോട് ചെങ്കള തൈവളപ്പ് സ്വദേശി അന്‍സാറാണ് ഇഷ്ടനമ്പറിനുവേണ്ടി ഇത്രയും തുക ചെലവഴിച്ചതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് അന്‍സാര്‍. എട്ടുമാസം മുന്‍പ് 60 ലക്ഷം രൂപയ്ക്കാണ് അന്‍സാര്‍ ബെന്‍സ് കാര്‍ വാങ്ങിയത്. തുടര്‍ന്ന് കെ എല്‍14-വി 1' എന്ന നമ്പര്‍ ലഭിക്കാന്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാതെ കാത്തിരുന്നു. കാര്‍ വാങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കഴിഞ്ഞമാസം ടൗണ്‍ പൊലീസ് വാഹനം പിടികൂടുകയും എട്ടുലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ തിങ്കളാഴ്ച നടന്ന ലേലത്തിലാണ് ഇഷ്ടനമ്പര്‍ ലഭിച്ചത്. അന്‍സാറടക്കം ഏഴുപേരാണ് ഈ നമ്പറിനായി അപേക്ഷ നല്‍കിയിരുന്നതെന്നും ഈ നമ്പറിനോട് അന്‍സാറിനുള്ള ഇഷ്ടവും കാത്തിരിപ്പും മനസ്സിലാക്കിയ മറ്റുള്ളവര്‍ കൂടുതല്‍ സംഖ്യ ലേലം വിളിക്കാതെ വിട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!