ബജാജ് - ട്രയംഫ് ആദ്യമോഡല്‍ റോയല്‍ എന്‍ഫീല്‍ഡിനെ വെള്ളംകുടിപ്പിക്കും

Published : Aug 28, 2017, 02:27 PM ISTUpdated : Oct 05, 2018, 12:27 AM IST
ബജാജ് - ട്രയംഫ് ആദ്യമോഡല്‍ റോയല്‍ എന്‍ഫീല്‍ഡിനെ വെള്ളംകുടിപ്പിക്കും

Synopsis

ഇന്ത്യയിലെ തദ്ദേശീയ ഇരുചക്രവാഹന നിർമാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസും കൈകോര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഈ മാസം ആദ്യമാണ്. ഈ കൂട്ടുകെട്ടില്‍ നിന്നും രൂപമെടുക്കുന്ന ആദ്യത്തെ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡിന്‍റെ സ്വപ്‍നമായ 750 സി സി ബുളളറ്റിനെ എതിരിടുന്നതാകുമെന്നാണ് വാഹനലോകത്തു നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

റോയൽ‌ എൻഫീൽഡ് മിഡ് വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് പുറത്തിറക്കുന്ന 750 സിസി ബൈക്കുമായിട്ടായിരിക്കും ബജാജ്–ട്രയംഫ് ബൈക്ക് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയനു ശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പുതിയ മോഡലുമായിരിക്കും 750 സിസി ബൈക്ക്.

ട്രയംഫ് നിലവില്‍ 675 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളാണ് നിര്‍മിക്കുന്നത്. അതിനിടെ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ട്രയംഫ്  പ്രാദേശിക അസംബ്ലിങ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കർണാടകത്തിൽ 850 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിർമാണശാലയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതിയിൽ നിന്നും കഴിഞ്ഞ വർഷം ട്രയംഫ് പിൻമാറിയിരുന്നു. ഇതിനു പകരമായി പുണെയ്ക്കടുത്ത് ചക്കനിലുള്ള ബജാജിന്റെ നിര്‍മ്മാണശാല ഇനി പ്രയോജനപ്പെടുത്താനാവും ട്രയംഫിന്റെ പുതിയ നീക്കം.

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റി അയക്കുന്നുണ്ട്. ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ കെ.ടി.എമ്മില്‍ ബജാജിന് 48 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബജാജ് എത്തിയതോടെ കെ.ടി.എമ്മിന്റെ വാര്‍ഷിക വില്പന കുതിച്ചുയര്‍ന്നിരുന്നു. ആഗോള തലത്തില്‍ മുന്‍നിര ബൈക്ക് നിര്‍മാണ കമ്പനികള്‍ക്കൊപ്പമെത്താനും ട്രയംഫുമായുള്ള കൂട്ടുകെട്ട് ഗുണകരമാകുമെന്നാണ് വാഹന ലോകം കരുതുന്നത്. നിലവിലുള്ള ബജാജ് — കെ ടി എം സഖ്യ മാതൃകയാവും ട്രയംഫും പിന്തുടരുകയെന്നാണു സൂചന.

രാജ്യത്തെ ഐക്കണിക്ക് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡ് ചരിത്രത്തിൽ ആദ്യമായി ട്വിൻ സിലിണ്ടർ എൻജിനോടെ കരുത്തു കൂടിയ പുതിയ ബുള്ളറ്റ് അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് ഏറെക്കാലമായി. പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ആദ്യം കഫേ റെയ്സറിൽ 750 സിസി എൻജിൻ ഘടിപ്പിച്ചായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്‍റെ പരീക്ഷണമെങ്കിൽ ഇപ്പോൾ രണ്ടു തരത്തിലുള്ള ബൈക്കുകളിൽ 750 സിസി എൻജിൻ ഘടിപ്പിച്ച് പരീക്ഷണയോട്ടം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ.  

യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കുമെന്നും യൂറോപ്യൻ വിപണി കൂടി മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം  പുതിയ ബൈക്ക് നിരത്തിലിറങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബജാജ് ഡൊമിനറിന്‍റെ പരസ്യം റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളുന്നതാണെന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് പുതിയ വാര്‍ത്തകളെന്നതാണ് മറ്റൊരു കൗതുകം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്