
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ വർഷം നവംബറിൽ ആണ് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവികളായ BE 6, XEV 9e എന്നിവ അവതരിപ്പിച്ചത്. മാർച്ച് പകുതിയോടെ ഡെലിവറികൾ (പാക്ക് 3 മാത്രം) ആരംഭിച്ചു. ലോഞ്ച് ചെയ്ത് വെറും 70 ദിവിസത്തിനുള്ളിൽ കമ്പനി 10,000 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവികൾ അതത് ഉപഭോക്താക്കൾക്ക് കൈമാറി. രണ്ട് ഇവികൾക്കും വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏപ്രിലിൽ മാത്രം BE6, XEV 9e എന്നിവയുടെ 3,000 യൂണിറ്റിൽ അധികം വിറ്റഴിക്കപ്പെട്ടതിൽ നിന്ന് ഇത് വ്യക്തമാണ്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പാക്ക് ടു, എൻട്രി ലെവൽ പാക്ക് വൺ എന്നിവയുടെ ഡെലിവറികൾ ആരംഭിക്കുന്നതിനാൽ വരും മാസങ്ങളിൽ വിൽപ്പന സംഖ്യ കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര BE6 ന്റെ വില 18.90 ലക്ഷം രൂപയിൽ ആരംഭിച്ച് 26.90 ലക്ഷം രൂപ വരെ ഉയരും. അതേസമയം XEV 9e യുടെ വില 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ്. ഈ രണ്ട് ഇലക്ട്രിക് വാഹനങ്ങളും പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവിയുടെ നേരിട്ടുള്ള എതിരാളികളാണ് . ആകെ ബുക്കിംഗുകളിൽ BE 6 ന്റെ പങ്ക് 44% ആണ്. അതേസമയം, XEV 9e യുടെ പങ്ക് 56% ആണ്.
മഹീന്ദ്ര BE6 രണ്ട് ബാറ്ററി പാക്കുകളോടെയാണ് വരുന്നത് - 59kWh ഉം 79kWh ഉം - യഥാക്രമം 231bhp ഉം 286bhp ഉം പവർ നൽകുന്നു. രണ്ട് ബാറ്ററികൾക്കും 380Nm ടോർക്ക് ഔട്ട്പുട്ട് നൽകുന്നു. RWD (റിയർ-വീൽ ഡ്രൈവ്) സിസ്റ്റത്തിൽ മാത്രമേ BE6 ലഭ്യമാകൂ. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 682 കിലോമീറ്ററും ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 556 കിലോമീറ്ററും എആർഎഐ ക്ലെയിം ചെയ്ത റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര XEV 9e നിരയിൽ പാക്ക് വൺ, പാക്ക് ടു, പാക്ക് ത്രീ സെലക്ട് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. പാക്ക് വൺ, പാക്ക് ടു എന്നിവ 59kWh ബാറ്ററിയുമായി വരുന്നു, ഇത് 231bhp കരുത്തും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ പൂർണ്ണ ചാർജിൽ 542km എഐഡിസി റേഞ്ചും ഉത്പാദിപ്പിക്കുന്നു. പാക്ക് ത്രീ വേരിയന്റ് 79kWh ബാറ്ററിയുമായി മാത്രമായി വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ 286bhp കരുത്തും 380Nm ടോക്കും സൃഷ്‍ടിക്കും. ഈ കോൺഫിഗറേഷൻ 656km റേഞ്ച് അവകാശപ്പെടുന്നു.
മഹീന്ദ്ര BE6 ടാങ്കോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, ഡെസേർട്ട് മിസ്റ്റ്, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, ഡെസേർട്ട് മിസ്റ്റ് സാറ്റിൻ, എവറസ്റ്റ് വൈറ്റ് സാറ്റിൻ എന്നിങ്ങനെ ആറ് നിറങ്ങളിൽ ലഭ്യമാണ് . മഹീന്ദ്ര XEV 9e യുടെ നാല് വകഭേദങ്ങളും ഏഴ് പെയിന്റ് സ്കീമുകളിൽ ലഭ്യമാണ്. ടാങ്കോ റെഡ്, എവറസ്റ്റ് വൈറ്റ്, ഡെസേർട്ട് മിസ്റ്റ്, നെബുല ബ്യൂ, റൂബി വെൽവെറ്റ്, ഡീപ് ഫോറസ്റ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ.