
പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളിലൊന്നായ ചെറി ഓട്ടോമൊബൈൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് പ്രവേശിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നു. ഇന്ത്യയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി (ഐപി) ഡയറക്ടറിയിൽ കമ്പനി മൂന്ന് പുതിയ വാഹനങ്ങളുടെ ഡിസൈൻ പേറ്റന്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ബ്രാൻഡുകളായ ജെഎസ്‍ഡബ്ല്യു മോട്ടോഴ്‌സ് പോലുള്ള കമ്പനികളുമായി സഹകരിച്ചായിരിക്കാം ചെറി ഇന്ത്യയിൽ വാഹനങ്ങൾ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ചെറി പേറ്റന്റ് നേടിയ മൂന്ന് മോഡലുകളിൽ ഫുൾവിൻ എക്‌സ്3എൽ, ലെപാസ് എൽ4, എക്‌സീഡ് എക്‌സ്‌ലാന്റിക്സ് ഇഎസ്7 ജിടി എന്നിവ ഉൾപ്പെടുന്നു. വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഈ വാഹനങ്ങൾ ആധുനിക സാങ്കേതികവിദ്യയും ഉയർന്ന പ്രകടന ശേഷിയുമാണ് വാഗ്‍ദാനം ചെയ്യുന്നത്.
ചെറിയുടെ ഫുൾവിൻ എക്‌സ്3എൽ പരുക്കൻ രൂപകൽപ്പനയുള്ള ബോക്‌സി എസ്‌യുവിയാണ്. കമ്പനിയുടെ കുൻപെങ് ഗോൾഡൻ റിഇവി (റേഞ്ച് എക്സ്റ്റൻഡിംഗ് ഇലക്ട്രിക് വെഹിക്കിൾ) സാങ്കേതികവിദ്യയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ,33.7 കിലോവാട്ട് അവറിന്റെ ബാറ്ററിയുമായി എത്തുന്ന വാഹനത്തിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് റേഞ്ച് എക്സ്റ്റൻഡറായി പ്രവർത്തിക്കുന്നത്. പൂർണ ഇലക്ട്രിക് മോഡിൽ ഏകദേശം 215 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി) പതിപ്പിന് ഏകദേശം 422 ബിഎച്ച്പി കരുത്ത് ലഭിക്കും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് വെറും 4.7 സെക്കൻഡ് മാത്രം മതിയാകും.
ചെറിയുടെ രണ്ടാമത്തെ മോഡലായ ലെപാസ് എൽ4 ഒരു കോംപാക്ട്, സ്പോർട്ടി എസ്‌യുവിയാണ്. ഇലക്ട്രിക് പതിപ്പിന് പിന്നാലെയാണ് പെട്രോൾ എൻജിനുള്ള മോഡലിന് കമ്പനി പേറ്റന്റ് നേടിയിരിക്കുന്നത്. ക്രോം ഫിനിഷുള്ള ഗ്രിൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാംപുകൾ, സ്പോർട്ടി അലോയ് വീലുകൾ, താഴ്ന്ന രീതിയിലുള്ള റൂഫ് ലൈൻ എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഡിസൈൻ സവിശേഷതകൾ. അകത്തളത്തിൽ 13.2 ഇഞ്ച് പോർട്രെയിറ്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിങ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ഇത് 145 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ചെറിയുടെ പേറ്റന്റ് നേടിയ മൂന്നാമത്തെ വാഹനവും ഏറ്റവും ശ്രദ്ധേയവുമായ മോഡലാണ് എക്‌സീഡ് എക്‌സ്‌ലാന്റിക്സ് ഇഎസ്7 ജിടി. ഉയർന്ന പ്രകടനം ലക്ഷ്യമിടുന്ന ഈ ഷൂട്ടിംഗ് ബ്രേക്ക് സ്റ്റേഷൻ വാഗൺ സ്പോർട്ടി ഡിസൈനുമായാണ് എത്തുന്നത്. 1000 വോൾട്ട് ഇവി ആർക്കിടെക്ചറും ട്രിപ്പിൾ മോട്ടോർ സംവിധാനവും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3 സെക്കൻഡ് മാത്രം മതിയാകും. 41 കിലോവാട്ട് അവറിന്റെ ബാറ്ററിയും 1.5 ലിറ്റർ റേഞ്ച് എക്സ്റ്റൻഡർ പെട്രോൾ എൻജിനുമാണ് വാഹനത്തിലുള്ളത്. പൂർണ ചാർജും പെട്രോൾ ടാങ്ക് നിറച്ചും ചേർന്ന് ഏകദേശം 1,700 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ചെറിയുടെ പേറ്റന്റ് അപേക്ഷകൾ ഇന്ത്യയിൽ പ്രീമിയം വാഹനങ്ങൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വാഹനങ്ങളിൽ ലെതർ ഇന്റീരിയർ, 15.6 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 12.3 ഇഞ്ച് പാസഞ്ചർ സ്ക്രീൻ, ഫാൽക്കൺ 700 എഡിഎഎസ് സുരക്ഷാ സംവിധാനം തുടങ്ങിയ ആധുനിക ഫീച്ചറുകൾ പ്രതീക്ഷിക്കാം.
ചെറി ഓട്ടോമൊബൈൽ ഇന്ത്യയിലെ ഈ മൂന്ന് വാഹനങ്ങളുടെ ലോഞ്ച് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മികച്ച റേഞ്ച്, ഉയർന്ന പ്രകടനം, ആധുനിക സാങ്കേതികവിദ്യ എന്നിവയുമായി ഈ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിയാൽ നിലവിലെ വാഹന നിർമാതാക്കൾക്ക് ശക്തമായ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.