ഹ്യുണ്ടായിയുടെ വമ്പൻ പ്രഖ്യാപനം! അമ്പരപ്പിക്കും മൈലേജുമായി 18 പുതിയ മോഡലുകൾ

Published : Sep 23, 2025, 10:03 AM IST
Lady Driver

Synopsis

ന്യൂയോർക്കിൽ നടന്ന സിഇഒ നിക്ഷേപക ദിനത്തിൽ ഹ്യുണ്ടായ് തങ്ങളുടെ ഭാവി ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. 2030-ഓടെ 18-ൽ അധികം ഹൈബ്രിഡ് മോഡലുകൾ, ഇന്ത്യക്കായി ഒരു പുതിയ ഇവി, ക്രെറ്റയുടെ ഹൈബ്രിഡ് പതിപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ന്യൂയോർക്കിൽ അടുത്തിടെ നടന്ന ഹ്യുണ്ടായ് സിഇഒ നിക്ഷേപക ദിനത്തിൽ, അടുത്ത അഞ്ച് വർഷത്തേക്കുള്ള ഉൽപ്പന്ന തന്ത്രം ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി പ്രഖ്യാപിച്ചു. ഉൽപ്പന്ന വിപുലീകരണം, നിർമ്മാണ മെച്ചപ്പെടുത്തലുകൾ, സാങ്കേതിക പുരോഗതി തുടങ്ങിയ കാര്യങ്ങളിൽ കമ്പനിയുടെ ഭാവി പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2030 ആകുമ്പോഴേക്കും ആഗോളതലത്തിൽ 5.55 ദശലക്ഷം വാഹന വിൽപ്പന കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം വിൽപ്പനയുടെ 60 ശതമാനവും വടക്കേ അമേരിക്ക, യൂറോപ്പ്, കൊറിയ തുടങ്ങിയ വിപണികളിലെ വൈദ്യുതീകരിച്ച വാഹനങ്ങളിൽ നിന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2030 ആകുമ്പോഴേക്കും 18 ൽ അധികം മോഡലുകൾ അവതരിപ്പിക്കുന്നതിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ വ്യാപനമാണ് പ്രഖ്യാപനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഹ്യുണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് 2026 മുതൽ പുതിയ ഹൈബ്രിഡ് മോഡലുകളുമായി വികസിപ്പിക്കും. മെച്ചപ്പെട്ട പ്രകടനവും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ ഹ്യുണ്ടായി പാലിസേഡ് ഹൈബ്രിഡ് ബ്രാൻഡിന്റെ അടുത്ത തലമുറ TMED-II സാങ്കേതികവിദ്യയുമായി അരങ്ങേറുമെന്നും സ്ഥിരീകരിച്ചു.

2030 ന് മുമ്പ് വടക്കേ അമേരിക്കയിലെ ഇടത്തരം പിക്കപ്പ് ട്രക്ക് വിഭാഗത്തിലേക്ക് പ്രവേശിക്കാനും ഹ്യുണ്ടായി പദ്ധതിയിടുന്നു. ആദ്യത്തെ ഹ്യുണ്ടായി എക്സ്റ്റെൻഡഡ് റേഞ്ച് ഇവികൾ (EREV-കൾ) 2027 ൽ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ മോഡലുകളിൽ ഉയർന്ന പ്രകടനമുള്ള ബാറ്ററികളും മോട്ടോറുകളും ഉണ്ടായിരിക്കും. ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി-എഞ്ചിൻ സംയോജനത്തിലൂടെ 960 കിലോമീറ്ററിലധികം (600 മൈൽ) റേഞ്ചുള്ള ഇവി പോലുള്ള ഡ്രൈവിംഗ് അനുഭവങ്ങൾ ഉറപ്പാക്കുന്നുവെന്നും കമ്പനി പറയുന്നു.

തിരഞ്ഞെടുത്ത വിപണികൾക്കായി പ്രദേശാധിഷ്ഠിത ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുമെന്ന് ഹ്യുണ്ടായ് മോട്ടോർ കമ്പനി സ്ഥിരീകരിച്ചു. പ്രാദേശിക വിതരണ ശൃംഖലയുടെ പിന്തുണയോടെ, പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഹ്യുണ്ടായ് ഇവി ഇന്ത്യയ്ക്ക് ലഭിക്കും. ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഈ ഹ്യുണ്ടായ് ഇലക്ട്രിക് കാർ 2030 ന് മുമ്പ് റോഡുകളിൽ എത്തും.

കൂടാതെ, 2030 ആകുമ്പോഴേക്കും 1.2 ദശലക്ഷം യൂണിറ്റുകൾ കൂടി കൂട്ടിച്ചേർത്തുകൊണ്ട് ആഗോള ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുമെന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെ പൂനെ മൾട്ടി-മോഡൽ എക്‌സ്‌പോർട്ട് ഹബ്ബിൽ നിന്നുള്ള 250,000 യൂണിറ്റുകളും, HMGAMA (ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് മെറ്റാപ്ലാന്റ് അമേരിക്ക) യിൽ നിന്നുള്ള 500,000 യൂണിറ്റുകളും ഉൽസാനിലെ ഇവി പ്ലാന്‍റിൽ നിന്നും 200,000 യൂണിറ്റുകളും ഉൾപ്പെടും.

2027 ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ ആദ്യ ഹൈബ്രിഡ് വാഹനമായ ന്യൂ-ജെൻ ക്രെറ്റ അവതരിപ്പിക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന്റെ ഹൈബ്രിഡൈസ്‍ഡ് പതിപ്പ് ഈ എസ്‌യുവിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. 2027 ൽ പുതിയ മൂന്ന് നിര ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിക്കാനും ഹ്യുണ്ടായി പദ്ധതിയിട്ടിട്ടുണ്ട്. ഈ ഹൈബ്രിഡ് എസ്‌യുവി പുതിയ ക്രെറ്റ ഹൈബ്രിഡുമായി പവർട്രെയിൻ പങ്കിടാൻ സാധ്യതയുണ്ട്. ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ പാലിസേഡും 2028 ൽ ഇന്ത്യയിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും
ഇതിഹാസത്തിന്‍റെ പുനർജന്മം; ഹോണ്ട NSX വരുന്നു, പേര് ടെൻസി