സുരക്ഷകൂട്ടി മോഹവിലയില്‍ പുത്തന്‍ മാരുതി ഇക്കോ

By Web TeamFirst Published Apr 3, 2019, 11:49 AM IST
Highlights

സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ

2020ല്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) അനുസരിച്ച് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ. എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളോടെ എത്തുന്ന പുത്തന്‍ ഇക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് ദില്ലി എക്‌സ്‌ഷോറൂം വില. 

ഇക്കോയുടെ ഇന്‍റീരിയറും എക്സ്റ്റീരിയറും ഉള്‍പ്പെടെയുള്ള രൂപത്തില്‍ വലിയ മാറ്റമില്ല. ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്.  ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാലാണിത്. 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും.  

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് പുതിയ ഇക്കോയുടെയും ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 73 എച്ച്പി പവറും 101 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുമ്പോള്‍ ഇക്കോ സിഎന്‍ജിയില്‍ 63 എച്ച്പി പവറും 85 എന്‍എം ടോര്‍ക്കും ലഭിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പെട്രോളില്‍ 15.37 കിലോമീറ്ററും സിഎന്‍ജിയില്‍ 21.94 കിലോമീറ്ററും മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി അവതരിപ്പിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണം നിരത്തൊഴിയുന്ന ഓംനിക്ക് പകരമാണ് മാരുതി ഇക്കോയെ പരിഷ്‌കരിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

click me!