
ലോകമെമ്പാടുമായി ഏകദേശം 3,31,000 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ച് ജർമ്മൻ ഓട്ടോ ഭീമനായ ബിഎംഡബ്ല്യു. വാഹനങ്ങളുടെ സ്റ്റാർട്ടർ മോട്ടോറിലെ തകരാറാണ് ഈ തിരിച്ചുവിളിക്ക് കാരണം. ഇത് തീപിടുത്ത സാധ്യത വർദ്ധിപ്പിക്കും. തകരാർ ബാധിച്ച വാഹനങ്ങളിലെ സ്റ്റാർട്ടർ മോട്ടോറിൽ വെള്ളം കയറിയേക്കാം എന്ന് ബിഎംഡബ്ല്യു പറയുന്നു. അതുവഴി ഷോർട്ട് സർക്യൂട്ട് സംഭവിക്കാം എന്നും വാഹനത്തിന് തീപിടിക്കാം എന്നും കമ്പനി പറയുന്നു. ഈ അപകടം കണക്കിലെടുത്ത്, വാഹനം നന്നാക്കുന്നതുവരെ വീടിന് പുറത്തായും കെട്ടിടങ്ങളിൽ നിന്ന് അകലെയും പാർക്ക് ചെയ്യണമെന്ന് കമ്പനി വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2015 നും 2021 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകം. ഇതിൽ നിരവധി ജനപ്രിയ മോഡലുകളും ഉൾപ്പെടുന്നു. 2019-2022 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു Z4, 2019-2021 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു 330i, 2020-2022 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു X3, 2020-2022 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു X4, 2020-2022 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു 530i, 2021-2022 കാലയളവിൽ നിർമ്മിച്ച ബിഎംഡബ്ല്യു 430i (സ്റ്റാൻഡേർഡ്, കൺവേർട്ടിബിൾ), 2022 നും 2020-2022 നും ഇടയിൽ നിർമ്മിച്ച ബിഎംഡബ്ല്യു 230i, 2020 നും 2022 നും ഇടയിൽ നിർമ്മിച്ച ടൊയോട്ട സുപ്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൊയോട്ട സുപ്ര നിർമ്മിച്ചത് ബിഎംഡബ്ല്യു ആണ്. അമേരിക്കയിൽ നിന്ന് മാത്രം 1,95,000 കാറുകളെയും ജർമ്മനിയിൽ നിന്ന് 1,36,000 കാറുകളെയും മറ്റ് രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കാറുകളെയും തിരിച്ചുവിളിക്കൽ ബാധിക്കുന്നു.
അറ്റകുറ്റപ്പണികൾ സൗജന്യമായിരിക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. സ്റ്റാർട്ടർ മോട്ടോർ, ആവശ്യമെങ്കിൽ ബാറ്ററി ഉൾപ്പെടെ കമ്പനി മാറ്റിസ്ഥാപിക്കും. എങ്കിലും പാർട്‌സ് ക്ഷാമം കാരണം, തിരിച്ചുവിളിക്കൽ ഘട്ടം ഘട്ടമായി നടത്തും. നവംബർ 14 മുതൽ ഉപഭോക്താക്കൾക്ക് ആദ്യ അറിയിപ്പ് അയയ്ക്കും. റിപ്പയർ പാർട്‌സ് ലഭ്യമാകുമ്പോൾ രണ്ടാമത്തെ അറിയിപ്പ് അയയ്ക്കും.
യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും (NHTSA) ഇതുസംബന്ധിച്ച് ഒരു പ്രധാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങളുടെ വാഹനം തിരിച്ചുവിളിക്കൽ പട്ടികയിൽ ഇല്ലെന്ന് സ്ഥിരീകരിക്കുന്നതുവരെ ബിഎംഡബ്ല്യു കാർ ഉടമകൾ വീടുകൾക്ക് പുറത്തായും മറ്റ് വാഹനങ്ങളിൽ നിന്ന് അകലെയും വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അവർ നിർദ്ദേശിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷന്‍റെ വെബ്‍സൈറ്റ് സന്ദർശിച്ച് വാഹനത്തിന്‍റെ വിൻ നമ്പർ നൽകി തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് കാർ ഉടമകൾക്ക് പരിശോധിക്കാം.
ഇത് ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ പ്രധാന തിരിച്ചുവിളിയല്ല. മുമ്പ്, ബ്രേക്കിംഗ് സിസ്റ്റത്തിലെ തകരാർ കാരണം കമ്പനി 1.5 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.