
കിയ ഇന്ത്യ അടുത്തിടെ കാരൻസ് ക്ലാവിസ് പുറത്തിറക്കി. മെയ് 23 ന് വില പ്രഖ്യാപനം നടക്കും. 25,000 രൂപ ടോക്കൺ തുകയ്ക്ക് പുതിയ എംപിവി ബുക്കിംഗിന് ലഭ്യമാണ്. വാഹന നിർമ്മാതാക്കളുടെ വെബ്‌സൈറ്റ് വഴിയോ ഡീലർഷിപ്പുകൾ വഴിയോ ഇത് ബുക്ക് ചെയ്യാം. ഇപ്പോഴിതാ കമ്പനി ഈ എംപിവിയുടെ മൈലേജ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നു. എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നമ്പറുകളാണ് കമ്പനി പരസ്യമാക്കിയത്.
കിയ കാരൻസ് ക്ലാവിസിന് രാജ്യത്ത് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഇതിൽ 1.5 ലിറ്റർ നാച്ച്വറലി ആസ്‍പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. അതേസമയം, ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് എംടി, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് എടി എന്നിവ ഉൾപ്പെടുന്നു. ഇതിൽ, എംടി ഉള്ള ഡീസൽ എഞ്ചിൻ പരമാവധി 19.54 കിമി മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഏറ്റവും കുറഞ്ഞ മൈലേജ് മാനുവൽ ട്രാൻസ്‍മിഷൻ, iMT എന്നിവയുള്ള ടർബോ-പെട്രോൾ ആണ്. 15.95 കിമി ആണ് ഇതിന്‍റെ മൈലേജ്.
അതേസമയം, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഡീസൽ എഞ്ചിൻ 17.50 കിമി മൈലേജ് നൽകുന്നു, ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുള്ള ടർബോ പെട്രോൾ എഞ്ചിൻ 16.66 കിമി മൈലേജ് നൽകുന്നു. പവർട്രെയിനുകളുടെ ഈ കോമ്പിനേഷനുകൾ ഏഴ് ട്രിമ്മുകളിൽ ലഭ്യമാകും. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയാണ് ഈ ട്രിമ്മുകൾ. 1.5 ലിറ്റർ നാച്ച്വറലി ആസ്‍പിരേറ്റഡ് പെട്രോൾ എഞ്ചിൻ 113 hp പവറും 144 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു. അതേസമയം, ഡീസൽ എഞ്ചിന് 250 Nm ടോർക്കിൽ 113 hp-യിൽ സമാനമായ ഔട്ട്‌പുട്ട് ഉണ്ട്. 156 എച്ച്പിയും 253 എൻഎം ടോർക്കും നൽകുന്ന ടർബോ-പെട്രോൾ ആണ് ഏറ്റവും കരുത്തുറ്റത്.
ഫീച്ചറുകളുടെ കാര്യത്തിൽ, 26.62 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേകൾ, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മൊബൈൽ കണക്റ്റിവിറ്റിയുള്ള ഡ്യുവൽ-ക്യാമറ ഡാഷ് കാം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ബിൽറ്റ്-ഇൻ നാവിഗേഷൻ, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിങ്ങനെ വിവിധ ഹൈ-എൻഡ് ഓപ്ഷനുകൾ ക്ലാവിസിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട ലെഗ്‌റൂമിനും സുഖസൗകര്യങ്ങൾക്കുമായി രണ്ടാം നിര യാത്രക്കാർക്ക് സഹ-ഡ്രൈവറുടെ സീറ്റിന്റെ സ്ഥാനം ഇലക്ട്രോണിക് ആയി ക്രമീകരിക്കാൻ അനുവദിക്കുന്ന ഒരു ബോസ് മോഡ് ഇതിൽ ഉൾപ്പെടുന്നു.
കിയ ക്ലാവിസിൽ ബ്ലാക്ക്-ഓഫ് ഗ്രിൽ, ത്രീ-പോഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ത്രികോണാകൃതിയിലുള്ള ഹൗസിംഗിൽ എൽഇഡി ഡിആർഎല്ലുകളും മുൻവശത്ത് സിൽവർ ഫോക്സ് സ്‌കിഡ് പ്ലേറ്റുള്ള സ്‌പോർട്ടി ബമ്പറും ഉണ്ടാകും. പിന്നിൽ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലാമ്പുകൾ ഇതിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. എംപിവി വിഭാഗത്തിൽ മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി എക്സ്എൽ6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകളോടായിരിക്കും പുതിയ കാരൻസ് ക്ലാവിസ് മത്സരിക്കുക.