
ഫ്രഞ്ച് വാഹന ബ്രാൻഡായ സിട്രോൺ ഇന്ത്യ തങ്ങളുടെ എൻട്രി ലെവൽ കാറായ C3 സിഎൻജി വേരിയന്റിൽ പുറത്തിറക്കി. വാങ്ങുന്നവർക്ക് രാജ്യവ്യാപകമായി ഏത് സിട്രോൺ ഡീലർഷിപ്പിലും ഹാച്ച്ബാക്കിന്റെ നാല് വകഭേദങ്ങളിലേക്കും സിഎൻജി കിറ്റ് പുതുക്കി ഘടിപ്പിക്കാം. സിഎൻജി വേരിയന്റുകൾ പെട്രോൾ എതിരാളികളേക്കാൾ 93,000 രൂപ കൂടുതലാണ്. സിട്രോൺ സി3 ലൈവ്, ഫീൽ സിഎൻജി വേരിയന്റുകൾക്ക് യഥാക്രമം 7.16 ലക്ഷം രൂപയും 7.41 ലക്ഷം രൂപയും വിലയുണ്ട്. ഫീൽ (ഒ) ഉം ടോപ്പ്-എൻഡ് ഷൈൻ സിഎൻജി വേരിയന്റുകളും യഥാക്രമം 8.45 ലക്ഷം രൂപയും 9.09 ലക്ഷം രൂപയുമാണ് വില. മേൽ സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. മത്സരത്തിന്റെ കാര്യത്തിൽ, സിട്രോൺ സി3 സിഎൻജി ടാറ്റ പഞ്ച് ഐസിഎൻജിയെ നേരിടുന്നു. ഇത് 7.30 ലക്ഷം രൂപ മുതൽ 10.17 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ലഭ്യമാണ്.
C3 ഹാച്ച്ബാക്കിനായി ലൊവാറ്റോ ഗ്യാസ് ഇന്ത്യ സിഎൻജി കിറ്റ് വിതരണം ചെയ്യും. 55 ലിറ്റർ ശേഷിയുള്ള സിംഗിൾ ഗ്യാസ് സിലിണ്ടറാണ് ഈ കിറ്റിലുള്ളത്. ഇത് 170-200 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്‍ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സിഎൻജി കിറ്റ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിൻ പരമാവധി 82 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും നൽകുന്നു.
സിഎൻജി പതിപ്പിന്റെ പവർ, ടോർക്ക് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, സിട്രോൺ സി3 സിഎൻജി ARAI-റേറ്റുചെയ്ത 28.1 കിലോമീറ്റർ/കിലോഗ്രാം ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. 5-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ, ഹാച്ച്ബാക്കിന്റെ പിൻ സസ്‌പെൻഷനും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
ആക്സസ് ചെയ്യാവുന്നതും സാമ്പത്തികവും പരിസ്ഥിതി സൗഹൃദപരവുമായ മൊബിലിറ്റി പരിഹാരങ്ങൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് സിട്രോൺ സി3-ന് സിഎൻജി റിട്രോഫിറ്റ്‌മെന്റ് ഓപ്ഷൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ ഓട്ടോമോട്ടീവ് ബ്രാൻഡ്‌സ് ബിസിനസ് ഹെഡും ഡയറക്ടറുമായ കുമാർ പ്രിയേഷ് പറഞ്ഞു. സിഎൻജിയുടെ ചെലവ്-കാര്യക്ഷമതയും പാരിസ്ഥിതിക നേട്ടങ്ങളും പ്രയോജനപ്പെടുത്തുന്നതിനൊപ്പം സിട്രോൺ സുഖവും രൂപകൽപ്പനയും അനുഭവിക്കാൻ ഈ സംരംഭം തങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തമാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.