
2025 ൽ വിവിധ സെഗ്‌മെന്റുകളിലും വില പരിധികളിലുമായി നിരവധി എസ്‌യുവികൾ പുറത്തിറങ്ങിക്കഴിഞ്ഞു. വീണ്ടും നിരവധി മോഡലുകൾ വിപണിയിലേക്ക് വരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര നാല് കാർ നിർമ്മാതാക്കളായ മാരുതി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ഫാൻസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.
മഹീന്ദ്ര XEV 7e
XEV 9e കൂപ്പെ എസ്‌യുവിയുടെ മൂന്ന് നിര പതിപ്പായ മഹീന്ദ്ര XEV 7e 2025 അവസാനത്തോടെ പുറത്തിറങ്ങും. XEV 9e-യിൽ നിന്ന് കടമെടുത്ത 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഈ ഇലക്ട്രിക് എസ്‌യുവിയിൽ വാഗ്‍ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇതിന്റെ റേഞ്ച് 550 കിലോമീറ്ററിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിൻ ലേഔട്ടും സവിശേഷതകളും XEV 9e-യുമായി സാമ്യമുള്ളതായിരിക്കും. എങ്കിലും ഇത് നീളമുള്ളതായിരിക്കും, കൂടാതെ സീറ്റുകളുടെ ഒരു അധിക നിരയും ഉണ്ടായിരിക്കും.
മാരുതി എസ്ക്യുഡോ
2025 സെപ്റ്റംബർ 3 -ന് മാരുതി സുസുക്കി ഒരു പുതിയ എസ്‌യുവി അവതരിപ്പിക്കും. അത് എസ്‌ക്യുഡോ ആയിരിക്കാനാണ് സാധ്യത. ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിച്ച് ഗ്രാൻഡ് വിറ്റാരയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായി ഇത് വരും. മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും ഇത് വിൽക്കുക. 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ മാരുതി എസ്‌ക്യുഡോ വാഗ്‍ദാനം ചെയ്യൂ എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കുറഞ്ഞ വില കൈവരിക്കുന്നതിന് ചില ആധുനിക സവിശേഷതകൾ ഒഴിവാക്കിയേക്കാം.
പുതുതലമുറ ഹ്യുണ്ടായി വെന്യു
സമഗ്രമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉൾപ്പെടുന്ന പുതിയ ഹ്യുണ്ടായി വെന്യു നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തും. പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ്, പുതിയ അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വലിയ ഇൻഫർമേഷൻ സിസ്റ്റം, നവീകരിച്ച ലെവൽ 2, പിൻ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ സബ്‌കോംപാക്റ്റ് എസ്‌യുവിയിൽ വരാൻ സാധ്യതയുണ്ട്.
ടാറ്റ സിയറ
ഈ ദീപാവലി സീസണിൽ ഐക്കണിക് ടാറ്റ സിയറ ഗംഭീര തിരിച്ചുവരവ് നടത്തും. പുത്തൻ ഡിസൈൻ ശൈലി, കൂടുതൽ ഉയർന്ന നിലവാരമുള്ളതും ആധുനികവുമായ ഇന്റീരിയർ, ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ എന്നിവയുമായാണ് ഈ എസ്‌യുവി വരുന്നത്. ടർബോചാർജ്ഡ് യൂണിറ്റിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സിയറ ഐസിഇ പതിപ്പ് തുടക്കത്തിൽ വാഗ്ദാനം ചെയ്യുന്നത്. ഹാരിയർ ഇവിയിൽ നിന്ന് 65kWh, 75kWh LFP ബാറ്ററികൾ ഇലക്ട്രിക് മോഡൽ കടമെടുത്തേക്കാം.