
പെട്രോൾ വാഹനങ്ങൾക്ക് മാത്രമല്ല, സിഎൻജി വാഹനങ്ങൾക്കും വിപണിയിൽ വലിയ ഡിമാൻഡാണ്. അതുകൊണ്ടാണ് വാഹന കമ്പനികൾ അവരുടെ ജനപ്രിയ മോഡലുകളുടെ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിൽ സിഎൻജി കാറുകളുടെ ആവശ്യകതയിൽ വലിയ കുതിച്ചുചാട്ടമുണ്ട്. ഇന്ന് ഉപഭോക്താക്കൾ പെട്രോൾ മോഡലുകളേക്കാൾ സിഎൻജി വാഹനങ്ങളാണ് ഇഷ്‍ടപ്പെടുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2020 സാമ്പത്തിക വർഷത്തിൽ സിഎൻജി വാഹനങ്ങളുടെ വിപണി വിഹിതം 6.3 ശതമാനം മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് മൂന്നിരട്ടിയിലധികം വർദ്ധിച്ച് 19.5 ശതമാനമായി. 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിഎൻജി വാഹനങ്ങളെക്കുറിച്ച് പരിശോധിക്കാം.
1,29,920 യൂണിറ്റുകളുമായി മാരുതി സുസുക്കി എർട്ടിഗ സിഎൻജി ഒന്നാം സ്ഥാനത്തും 1,02,128 യൂണിറ്റുകളുമായി മാരുതി സുസുക്കി വാഗൺആർ സിഎൻജി രണ്ടാം സ്ഥാനത്തും 89015 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി ഡിസയർ സിഎൻജി മൂന്നാം സ്ഥാനത്തും എത്തിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച് സിഎൻജി നാലാം സ്ഥാനത്തും 70928 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി ബ്രെസ സിഎൻജി അഞ്ചാം സ്ഥാനത്തും എത്തി.
59,520 യൂണിറ്റുകൾളുമായി മാരുതി സുസുക്കി ഇക്കോ സിഎൻജി പട്ടികയിലെ ആദ്യ ആറിലും 49464 യൂണിറ്റുകളുമായി ഹ്യുണ്ടായി ഓറ സിഎൻജി ആദ്യ ഏഴിലും 42051 യൂണിറ്റുകളുമായി മാരുതി സുസുക്കി ഫ്രോങ്ക്സ് സിഎൻജി ആദ്യ എട്ടിലും ഇടം നേടി. 34712 യൂണിറ്റുകളുമായി ടാറ്റ നെക്‌സോൺ സിഎൻജി ഒമ്പതാം സ്ഥാനത്തും 24220 യൂണിറ്റുകളുമായി മാരുതി സുസുക്കി ബലേനോ സിഎൻജി പത്താം സ്ഥാനത്തും എത്തി. ടോപ്പ് 10 പട്ടിക നോക്കുമ്പോൾ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് എന്നീ മൂന്ന് കമ്പനികളും സിഎൻജി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന് വ്യക്തമാണ്. എന്നാൽ പട്ടികയിലെ ആദ്യ അഞ്ച് എണ്ണത്തിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ നാല് വാഹനങ്ങൾ മാരുതി സുസുക്കിയിൽ നിന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയം.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിഎൻജി കാറായ എർട്ടിഗ സിഎൻജി പതിപ്പിന്‍റെ എക്സ്-ഷോറൂം വില 896500 രൂപ മുതൽ 13, 25,500 രൂപ വരെയാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് ഈ കാറിന് ഒരു കിലോഗ്രാമിൽ 26.11 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും എന്നാണ്. ഈ കാറിന്റെ പെട്രോൾ മാനുവൽ വേരിയന്റിന് ഒരു ലിറ്റർ ഇന്ധനത്തിൽ 20.51 കിലോമീറ്റർ വരെയും ഓട്ടോമാറ്റിക് പെട്രോൾ വേരിയന്‍റിന് ഒരുലിറ്റർ ഇന്ധനത്തിൽ 20.30 കിലോമീറ്റർ വരെയും ഓടാൻ സാധിക്കും എന്നും കമ്പനി പറയുന്നു.