ഹ്യുണ്ടായി ഇലക്ട്രിക് സിറ്റി കാർ 2023ൽ എത്തും

By Web TeamFirst Published Aug 28, 2021, 10:15 PM IST
Highlights

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പി(എച്ച് എം ജി)ന്റെ പുതിയ വൈദ്യുത കാർ 2023ല്‍ നിരത്തിലെത്തും എന്ന് റിപ്പോര്‍ട്ട്. നഗരയാത്രകൾക്കായി ഉപയോഗിക്കാവുന്ന, ബാറ്ററിയിൽ ഓടുന്ന കാറാണ് ഹ്യുണ്ടേയിയുടെ പദ്ധതിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പി(എച്ച് എം ജി)ന്റെ പുതിയ വൈദ്യുത കാർ 2023ല്‍ നിരത്തിലെത്തും എന്ന് റിപ്പോര്‍ട്ട്. നഗരയാത്രകൾക്കായി ഉപയോഗിക്കാവുന്ന, ബാറ്ററിയിൽ ഓടുന്ന കാറാണ് ഹ്യുണ്ടേയിയുടെ പദ്ധതിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരങ്ങളിലെ റോഡുകള്‍ ലക്ഷ്യമിട്ട് എത്തുന്നതിനാൽ ഈ കാറിന്റെ നീളം 3.50 മീറ്ററിനും 3.70 മീറ്ററിനും ഇടയിലാവുമെന്നാണു റിപ്പോര്‍ട്ടുകള്‍. കാറിലെ വൈദ്യുത പവർട്രെയ്ൻ പരമാവധി 135 കിലോവാട്ട് അവർ(അഥവാ 181 ബി എച്ച് പി) കരുത്താണു സൃഷ്ടിക്കുക. വാഹനത്തിലെ മൊഡ്യുലർ ഇൻവെർട്ടർ മോട്ടോറിന്റെ കരുത്ത് 100 ബി എച്ച് പി നിലവാരത്തിൽ നിലനിർത്തുമെന്നതിനാൽ പെട്രോൾ എൻജിനുള്ള ‘ഐ ടെന്നി’നോടു കിട പിടിക്കുന്ന പ്രകടനമാവും ഈ ഇലക്ട്രിക്ക് കാർ കാഴ്ചവയ്ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറിനായി പുതിയ സംയോജിത ഇലക്ട്രിക് ഡ്രൈവ് മൊഡ്യൂളാവും ബോർഗ്വാർണർ ലഭ്യമാക്കുക; മോട്ടോറും ഗീയർബോക്സും ഒറ്റ ബോൾട്ടിൽ ഘടിപ്പിക്കാവുന്ന യൂണിറ്റാവുമെന്നതാണ് പ്രധാന സവിശേഷത. സ്ഥലം ലാഭിക്കാമെന്നതും നിലവിലെ വൈദ്യുത ഡ്രൈവ്ട്രെയ്നുകളെ അപേക്ഷിച്ചു ഭാരം കുറവാണെന്നതുമൊക്കെയാണ് ഈ സംയോജിത ഇലക്ട്രിക് ഡ്രൈവ് മൊഡ്യൂളിന്റെ നേട്ടങ്ങൾ.

ഹ്യുണ്ടേയിയുടെ വൈദ്യുത കാറായ ‘കോന’യിലെ 400 വോൾട്ട് ആർക്കിടെക്ചർ തന്നെയാവും പുതിയ മോഡലിലും കമ്പനി പിന്തുടരുക. 50 കിലോവാട്ട് അവർ അതിവേഗ ഡി സി ചാർജർ ഉപയോഗിച്ച് അര മണിക്കൂർ ബാറ്ററി ചാർജ് ചെയ്താർ 160 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്) നേടാം. ‘കോന ഇ വി’യെ അപേക്ഷിച്ച് ചെറിയ ബാറ്ററി പായ്ക്കോടെയാവും ഈ സിറ്റി കാറിന്റെ വരവ്; 40 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പായ്ക്കിന്റെ ‘റേഞ്ച്’ ഓരോ ചാർജിലും 350 കിലോമീറ്ററാവും.

പുതിയ വൈദ്യുത കാർ വികസനം സംബന്ധിച്ച് എച്ച് എം ജിയും ബോർഗ്വാർണറുമായി കരാറും ഒപ്പിട്ടു. ഗ്രൂപ്പിലെ ഏതു ബ്രാൻഡിലാവും ഈ കാർ വിപണിയിലെത്തുകയെന്നു കരാറിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഹ്യുണ്ടേയ്, കിയ ബ്രാൻഡുകളിൽ ഒന്നിൽ ഈ വൈദ്യുത സിറ്റി കാർ വിൽപ്പനയ്ക്കെത്താനാണു സാധ്യത.

2025 ഓടെ ആഗോളതലത്തില്‍ ആകെ 44 ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുമെന്ന് ഈ വര്‍ഷം ആദ്യം ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സോളിലെ കമ്പനി ആസ്ഥാനത്ത് നടന്ന പുതുവത്സര ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ (ഇവിസി) യൂസുന്‍ ചുങായിരുന്നു കമ്പനിയുടെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഹ്യുണ്ടായി മോട്ടോര്‍ കമ്പനി, കിയ മോട്ടോഴ്‌സ്, ജെനസിസ് മോട്ടോര്‍ എന്നീ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ്.

44 ഇലക്ട്രിക് വാഹന മോഡലുകളില്‍ 11 എണ്ണം പൂര്‍ണ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആഗോളതലത്തില്‍ 24 ഇലക്ട്രിക് വാഹന മോഡലുകളാണ് ഹ്യുണ്ടായുടെ പക്കലുള്ളത്. 2025 ഓടെ ഈ എണ്ണം ഇരട്ടിയോളമെത്തിക്കുകയാണ് ലക്ഷ്യം.

click me!