
ഓഗസ്റ്റ് മാസത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി ഹ്യുണ്ടായി. കമ്പനിയുടെ ജനപ്രിയ 5 സീറ്റർ സെഡാനായ വെർണയ്ക്ക് ഈ മാസം 95,000 രൂപ വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ മോഡൽ വാങ്ങുന്നവർക്ക് പരമാവധി 95,000 രൂപ വരെയും പുതിയ വെർണയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യം ലഭിക്കും. ക്യാഷ് ഡിസ്‍കൌണ്ടിന് പുറമെ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യം തുടങ്ങിയ ഓഫറുകളും ലഭ്യമായേക്കും. ഓഫറുകൾ നഗരത്തിനും ഡീലർഷിപ്പിനും അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഹ്യുണ്ടായി ഷോറൂമുമായി ബന്ധപ്പെടണമെന്ന് കമ്പനി നിർദേശിക്കുന്നു.
പുതിയ ഹ്യുണ്ടായി വെർണയുടെ ഡിസൈൻ സ്പോർട്ടിയും ആധുനികവുമാണ്. മുൻവശത്ത് മുഴുവൻ വീതിയിലുമുള്ള എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റും വലിയ പാരാമെട്രിക് ഗ്രില്ലും വാഹനത്തിന് ശ്രദ്ധേയമായ രൂപം നൽകുന്നു. ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള റൂഫ് ലൈൻ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഡിസൈനിന്റെ പ്രത്യേകതകളാണ്. ഇന്റീരിയറിൽ ഡ്യുവൽ-ടോൺ തീം, ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി പ്രീമിയം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങളിലും വെർണ മുൻപന്തിയിലാണ്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. കൂടാതെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിന്റെ ഭാഗമാണ്. ഇതിനുപുറമെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയും സുരക്ഷ വർധിപ്പിക്കുന്നു.
വെർണയിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി നൽകുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ 115 ബി.എച്ച്.പി. കരുത്ത് ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഐ.വി.ടി. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിലാണ് ഇത് ലഭിക്കുന്നത്. രണ്ടാമത്തെ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 160 ബി.എച്ച്.പി. കരുത്ത് നൽകുന്നു. ആറ് സ്പീഡ് മാനുവലിനും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഒപ്പമാണ് ഈ എൻജിൻ ലഭ്യമാകുന്നത്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിൻ ലിറ്ററിന് 18.6 മുതൽ 19.6 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടർബോ പെട്രോൾ പതിപ്പിന് 18.2 മുതൽ 20.6 കിലോമീറ്റർ വരെയാണ് ഇന്ധനക്ഷമത. ഹ്യുണ്ടായി വെർണയുടെ എക്‌സ് ഷോറൂം വില ഏകദേശം 11 ലക്ഷം രൂപ മുതൽ 17.48 ലക്ഷം രൂപ വരെയാണ്. ഓഗസ്റ്റിലെ പ്രത്യേക ഓഫറുകൾ കൂടി ലഭിക്കുന്നതിനാൽ പ്രീമിയം സെഡാൻ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് മികച്ച അവസരമായി മാറിയിരിക്കുകയാണ്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.