Latest Videos

നമ്പറില്ലാത്ത വണ്ടിയുമായി റോഡില്‍, ഡീലര്‍ക്കെതിരായി ആര്‍ടിഒ നടപടി ശരിവച്ച് ഹൈക്കോടതി

By Web TeamFirst Published Oct 29, 2021, 9:48 PM IST
Highlights

നിലവിലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനം നിരത്തില്‍ ഇറക്കണമെങ്കില്‍ ഡീലര്‍ഷിപ്പില്‍ നിന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷമായിരിക്കണം. ഇല്ലെങ്കില്‍ ഒരുലക്ഷം രൂപയാണ് പിഴ. 

കൊച്ചി: രജിസ്ട്രേഷന്‍ നടത്താത്ത പുതിയ വണ്ടി ഓഡോമീറ്റര്‍ ഊരിയിട്ട ശേഷം നിരത്തിലോടിച്ച ഡീലറുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ്(Trade certificate) റദ്ദ് ചെയ്ത ആര്‍ടിഒയുടെ(rto) നടപടി ശരിവച്ച് ഹൈക്കോടതി(High court). തൊടുപുഴയിലെ ഇരുചക്രവാഹന ഡീലറുടെ(bike dealer) ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‍ത  ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍റെ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്.

രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത രണ്ട് ഇരുചക്ര വാഹനങ്ങള്‍ തൊഴുപുഴയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയതാണ് കേസിനാസ്‍പദമായ സംഭവം. നിലവിലെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനം നിരത്തില്‍ ഇറക്കണമെങ്കില്‍ ഡീലര്‍ഷിപ്പില്‍ നിന്നും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷമായിരിക്കണം. ഇല്ലെങ്കില്‍ ഒരുലക്ഷം രൂപയാണ് പിഴ. 

രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ ഓരോ വാഹനത്തിനും വ്യത്യസ്‍തമായ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍ തൊടുപുഴയില്‍ പിടികൂടിയ രണ്ട് വാഹനങ്ങള്‍ക്കും കൂടി ഒരു ട്രേഡ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഈ ട്രേഡ് സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഷോറൂം ജീവനക്കാരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും വാഹനങ്ങള്‍ ഓടിയ ദൂരം രേഖപ്പെടുത്തുന്ന ഓഡോമീറ്റര്‍ കേബിളുകള്‍ ഊരിയിട്ട നിലയിലുമായിരുന്നുവെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതോടെ എംവിഡി ഉദ്യോഗസ്ഥര്‍ ഡീലര്‍ക്ക് ഒരുലക്ഷത്തിമൂവായിരം രൂപയുടെ പിഴ നോട്ടീസ് നല്‍കി. ഡീലര്‍ പിഴ അടയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഇടുക്കി ആര്‍ടിഒ നോട്ടീസ് അയച്ചു. എന്നിട്ടും പിഴ അടച്ചില്ല. ഇതോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പക്ഷേ കുറ്റം സമ്മതിച്ചിട്ടും ഡീലര്‍ പിഴ അടയ്ക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഡീലറുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആര്‍ടിഒ റദ്ദാക്കുകയായിരുന്നു. ഒപ്പം വാഹന്‍ വെബ്‍സൈറ്റില്‍ രജിസ്ട്രേഷനുള്ള ഡീലറുടെ പ്രവേശന ശ്രമങ്ങളും ആര്‍ടിഒ ബ്ലോക്ക് ചെയ്‍തു.

ഇതോടെ ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനു പകരം അപ്പീലുമായി ഡീലര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനും വാഹന്‍ വെബ്‍സൈറ്റ് ബ്ലോക്ക് ചെയ്യാനും ആര്‍ടിഒക്ക് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡീലറുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞു.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍  അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പും ആര്‍ടിഒയും സ്വീകരിച്ച നടപടിയില്‍ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ പ്ലീഡര്‍ ഹൈക്കോടതിയില്‍ ഹാജരായി.

tags
click me!