
ഇന്ത്യൻ വാഹന വിപണിയിൽ പുതിയ പാസഞ്ചർ വാഹന ബിസിനസിന് തുടക്കമിടാൻ ഒരുങ്ങുകയാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്സ്. ചൈനീസ് വാഹന നിർമാതാക്കളായ ചെറി ഓട്ടോമൊബൈലുമായി സഹകരിച്ചാണ് ജെഎസ്ഡബ്ല്യു പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി 1,000 കിലോമീറ്ററിലേറെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയും ഇന്ത്യൻ വിപണിയിലെത്തും.
സംയുക്ത സംരംഭത്തിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡൽ ജെറ്റോർ ടി2 പ്ലഗ്-ഇൻ ഹൈബ്രിഡ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജെഎസ്ഡബ്ല്യു കോംബാറ്റ് എന്ന പേരിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. ഏകദേശം 30 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയായിരിക്കും എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹോണ്ട ഇസഡ്‌ആർ-വി ഉൾപ്പെടെയുള്ള മോഡലുകളുമായാകും പുതിയ എസ്‌യുവി മത്സരിക്കുക.
ജെറ്റോർ ടി2 ഐ-ഡിഎം പ്ലഗ്-ഇൻ ഹൈബ്രിഡിന് സമാനമായ പവർട്രെയിനായിരിക്കും ജെഎസ്ഡബ്ല്യു കോംബാറ്റിലും ലഭിക്കുകയെന്നാണ് സൂചന. 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനൊപ്പം 2 ഇലക്ട്രിക് മോട്ടോറുകളും 26.7 കിലോവാട്ട്-അവർ ബാറ്ററി പാക്കും വാഹനത്തിലുണ്ടാകും. 381 ബിഎച്ച്പി സംയുക്ത കരുത്തും 610 എൻഎം ടോർക്കും നൽകാൻ ഈ സംവിധാനത്തിന് കഴിയും. 3 സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനായിരിക്കും വാഹനത്തിലുണ്ടാകുക.
എൻഇഡിസി മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 139 കിലോമീറ്റർ വരെ വൈദ്യുത റേഞ്ചാണ് ജെറ്റോർ ടി2 പ്ലഗ്-ഇൻ ഹൈബ്രിഡിന് അവകാശപ്പെടുന്നത്. ഹൈബ്രിഡ് സംവിധാനത്തിൽ 1,000 കിലോമീറ്ററിലേറെ സംയുക്ത റേഞ്ചും ലഭിക്കും. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ മോഡലായി വാഹനത്തെ മാറ്റുന്നതാണ് ഈ സവിശേഷത.
6.6 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് ബാറ്ററി 30 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ വേണ്ടിവരും. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 30 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 27 മിനിറ്റ് മതിയാകും. ആഗോള വിപണിയിൽ ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് പതിപ്പുകളിൽ ജെറ്റോർ ടി2 ലഭ്യമാണ്. എന്നാൽ ഇന്ത്യയിലെത്തുന്ന ജെഎസ്ഡബ്ല്യു കോംബാറ്റിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സംവിധാനം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് പ്രതീക്ഷ.
ഫീച്ചറുകളുടെ കാര്യത്തിലും ജെഎസ്ഡബ്ല്യു കോംബാറ്റ് ശ്രദ്ധേയമായിരിക്കും. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.6 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 540 ഡിഗ്രി ക്യാമറ തുടങ്ങിയവ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും വാഹനത്തിൽ ഇടംപിടിച്ചേക്കും.
ഡിസൈൻ സംബന്ധിച്ചും ജെറ്റോർ ടി2യുമായി വലിയ സാമ്യം ജെഎസ്ഡബ്ല്യു കോംബാറ്റിനുണ്ടാകും. ജെഎസ്ഡബ്ല്യു ബാഡ്ജോടുകൂടിയ സ്പോർട്ടി ഗ്രിൽ, സ്ക്വയർ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ലംബമായി നൽകിയ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ പ്രധാന സവിശേഷതകളായിരിക്കും. റൂഫ് റെയിലുകൾ, ബൂട്ട് ലിഡിൽ ഘടിപ്പിച്ച സ്പെയർ വീൽ, ഉയർന്നതും ബോക്സി രൂപത്തിലുള്ളതുമായ എസ്‌യുവി ഡിസൈൻ എന്നിവയും വാഹനത്തിന്റെ രൂപത്തിന് കൂടുതൽ കരുത്തുറ്റ ഭാവം നൽകും. ഇന്ത്യൻ വിപണിയിൽ പ്രീമിയം ഹൈബ്രിഡ് എസ്‌യുവി വിഭാഗത്തിൽ ജെഎസ്ഡബ്ല്യുവിന്റെ നിർണായക ചുവടുവയ്പ്പായിരിക്കും കോംബാറ്റ്.