ജെഎസ്‍ഡബ്ല്യുവിന്‍റെ ആദ്യ എസ്‍യുവി: 125 കി.മീ മൈലേജ് രഹസ്യം വെളിയിൽ

Published : Aug 31, 2026, 10:42 PM IST
JSW Jetour T2

Synopsis

ജെഎസ്‍ഡബ്ല്യു മോട്ടോഴ്‌സ്, ചൈനീസ് നിർമാതാക്കളായ ചെറിയുമായി സഹകരിച്ച് ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി 2026 ദീപാവലിക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കും. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും 26.7 kWh ബാറ്ററി പാക്കും സംയോജിപ്പിച്ചെത്തുന്ന ഈ വാഹനത്തിന് ഏകദേശം 125 കി.മീ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ന്ത്യൻ വാഹന വിപണിയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവികളുടെ സാന്നിധ്യം ശക്തമാകുകയാണ്. ജെഎസ്‍ഡബ്ല്യു മോട്ടോഴ്‌സിന്‍റെ ആദ്യ മോഡലായി ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2026 ദീപാവലിക്ക് മുമ്പ് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജെഎസ്‍ഡബ്ല്യു ബാഡ്‍ജിൽ പുതിയ എസ്‌യുവി

ചൈനീസ് വാഹന നിർമാതാക്കളായ ചെറിയുമായി സഹകരിച്ചാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയായിരിക്കും കമ്പനിയുടെ ആദ്യ മോഡലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ വാഹനം ജെറ്റൂർ എന്ന പേരിലായിരിക്കില്ല എത്തുക. ജെഎസ്ഡബ്ല്യു ബ്രാൻഡിന്റെ ബാഡ്ജോടെയായിരിക്കും വിൽപ്പന. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ജെഎസ്ഡബ്ല്യുവിന്റെ പുതിയ പ്ലാന്റിലാണ് എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്യുക.

125 കിലോമീറ്റർ മൈലേജ്?

വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനാണ്. 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും 26.7 കിലോവാട്ട് ബാറ്ററി പാക്കുമാണ് ടി2 ഐ-ഡിഎമ്മിൽ ഉപയോഗിക്കുന്നത്. പെട്രോൾ എൻജിൻ 154 ബിഎച്ച്പി കരുത്തും 220 എൻഎം ടോർക്കും നൽകും.

ആഗോള വിപണിയിൽ ഈ ഹൈബ്രിഡ് സംവിധാനത്തിന് ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് പതിപ്പുകളുണ്ട്. ഇന്ത്യയിലെത്തുന്ന പതിപ്പിൽ ഏത് ഡ്രൈവ് കോൺഫിഗറേഷനായിരിക്കും ലഭിക്കുക എന്നത് ജെഎസ്ഡബ്ല്യു ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 26.7 കിലോവാട്ട് ബാറ്ററിയിൽ 139 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ചാണ് അവകാശപ്പെടുന്നത്. എൻഇഡിസി ടെസ്റ്റ് സൈക്കിളിൽ 0.8 ലിറ്റർ/100 കിലോമീറ്റർ എന്ന സംയുക്ത ഇന്ധന ഉപഭോഗവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഏകദേശം 125 കിലോമീറ്റർ പെർ ലിറ്റർ എന്ന കണക്കിലേക്ക് എത്തുന്നത്. എന്നാൽ സാധാരണ റോഡ് സാഹചര്യത്തിൽ ഒരു ലിറ്റർ പെട്രോളിൽ 125 കിലോമീറ്റർ സഞ്ചരിക്കാമെന്നല്ല ഈ കണക്കിന്റെ അർഥം. പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ ടെസ്റ്റ് ആരംഭിക്കുന്നതിനാൽ ഇലക്ട്രിക് ഡ്രൈവിങ്ങിന്റെ നേട്ടവും ഈ കണക്കിൽ ഉൾപ്പെടുന്നു.

ബാറ്ററി തീർന്നാൽ 18.5 കിലോമീറ്റർ പെർ ലിറ്റർ

ബാറ്ററിയിലെ ചാർജ് പൂർണമായി തീർന്ന ശേഷമുള്ള ഇന്ധനക്ഷമതയും ശ്രദ്ധേയമാണ്. ഏകദേശം 5.4 ലിറ്റർ/100 കിലോമീറ്റർ എന്ന ഉപഭോഗമാണ് അവകാശപ്പെടുന്നത്. ഇത് ഏകദേശം 18.5 കിലോമീറ്റർ പെർ ലിറ്ററായി കണക്കാക്കാം.

ഫീച്ചറുകളുടെ നീണ്ട പട്ടിക

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ എസ്‌യുവി ശ്രദ്ധേയമായേക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കാം. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളും ലഭിച്ചേക്കും. 360 ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ്, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും.

റഗ്ഗഡ് ലുക്കിൽ ജെറ്റൂർ ടി2 ബോക്സി, റഗ്ഗഡ് ഡിസൈനാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റിനുള്ളിലെ ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, പിക്സൽ മാതൃകയിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ, വലുതായ ബമ്പറുകൾ, വീൽ ആർച്ചുകൾ, ഉയർന്ന ബോണറ്റ് എന്നിവ വാഹനത്തിന് കരുത്തുറ്റ രൂപം നൽകുന്നു. ഇന്ത്യയിലെത്തുമ്പോൾ ജെറ്റൂർ ലോഗോയ്ക്ക് പകരം ജെഎസ്‍ഡബ്ല്യു ബാഡ്‍ജായിരിക്കും വാഹനത്തിൽ ഉണ്ടാകുക.

വില എത്ര?

വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെയുള്ള റിപ്പോർട്ടുകളിൽ 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള വില പരിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഉയർന്ന ഫീച്ചർ നിലവാരം കണക്കിലെടുത്ത് അന്തിമ വില ഇതിലും കൂടുതലാകാനുള്ള സാധ്യതയുണ്ട്. 2026 ദീപാവലിക്ക് മുമ്പുള്ള അരങ്ങേറ്റം ലക്ഷ്യമിടുന്ന ജെഎസ്‍ഡബ്ല്യുവിന്റെ ആദ്യ എസ്‌യുവി യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ വിപണിയിലെ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ മത്സരവും കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റംബറിൽ വമ്പൻ മാറ്റങ്ങൾ: നാല് പുതിയ കാറുകൾ വരുന്നു
ഡീസൽ ഓട്ടോമാറ്റിക് കരുത്ത്: 15 ലക്ഷത്തിൽ ഈ താരങ്ങൾ