
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ആഗോള ഭാവി ഉൽപ്പന്ന പദ്ധതികൾ പ്രഖ്യാപിച്ചു. കമ്പനിയുടെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഹൈബ്രിഡ് വിഭാഗത്തിൽ പ്രവേശിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനൊപ്പം, കിയ ഇന്ത്യ അതിന്റെ രണ്ട് ജനപ്രിയ എസ്‌യുവികളായ സെൽറ്റോസിലും സോണറ്റിലും പ്രധാന തലമുറ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കും.
രണ്ടാം തലമുറ കിയ സെൽറ്റോസ് 2025 നവംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് 2026 ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ച് സമയക്രമത്തെയും വിശദാംശങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന ഇതുവരെ വന്നിട്ടില്ല. നിലവിലുള്ള എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ തുടരുമ്പോൾ തന്നെ, പുതിയ സെൽറ്റോസിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഏറ്റവും വലിയ നവീകരണം ഹൈബ്രിഡ് പവർട്രെയിനിന്റെ രൂപത്തിലായിരിക്കും. 2027 ൽ ഹൈബ്രിഡൈസ്‍ഡ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി ഈ ഇടത്തരം എസ്‌യുവി അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ ശക്തമായ ഹൈബ്രിഡ് പവർട്രെയിനിലൂടെ, പുതിയ കിയ സെൽറ്റോസ് മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, വരാനിരിക്കുന്ന പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡ് എന്നിവയുമായി മത്സരിക്കും. ഹൈബ്രിഡ് സെൽറ്റോസ് ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
2020 ൽ ആദ്യമായി പുറത്തിറങ്ങിയ കിയ സോണറ്റ് ഇന്ത്യയിൽ വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. ആധുനിക ഡിസൈൻ, സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയർ, ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ, കിയയുടെ പ്രീമിയം ബ്രാൻഡ് മൂല്യം എന്നിവയാൽ സബ്‌കോംപാക്റ്റ് എസ്‌യുവി നിരന്തരം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു എന്നിവയുൾപ്പെടെയുള്ള അതിന്റെ മുഖ്യ എതിരാളികൾ അവരുടെ അടുത്ത തലമുറ അപ്‌ഗ്രേഡുകൾക്ക് തയ്യാറായതിനാൽ, സോണറ്റും ഒരു പ്രധാന അപ്‌ഡേറ്റിനായി ഒരുങ്ങുന്നു.
നിലവിൽ, ഇന്ത്യയിലെ ലോഞ്ച് സമയക്രമം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട് . പുതുതലമുറ കിയ സോണെറ്റ് 2027 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച രീതിയിൽ മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ, കൂടുതൽ സവിശേഷതകൾ എന്നിവയോടെ സബ് കോംപാക്റ്റ് എസ്‌യുവി എത്തിയേക്കും. വാഹനത്തിലെ എഞ്ചിൻ , ഗിയർബോക്‌സ് കോമ്പിനേഷനുകൾ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.