
ഇന്ധനക്ഷമതയ്ക്കും പരിസ്ഥിതി സൗഹൃദ മൊബിലിറ്റി ബദലുകൾക്കും ഉപഭോക്താക്കൾ നൽകുന്ന മുൻഗണന വർദ്ധിച്ചുകൊണ്ട്രിക്കുന്ന കാലമാണ്. ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വളർച്ചയ്ക്ക് കാരണമാകുന്നു. 2024 ൽ ഹൈബ്രിഡ് കാർ വിൽപ്പന 27 ശതമാനം വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച മന്ദഗതിയിലായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന വിപണി ചലനാത്മകത കണക്കിലെടുക്കുമ്പോൾ മാരുതി സുസുക്കി, കിയ, മഹീന്ദ്ര, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികൾ 2025 - 2026 ൽ പുതിയ ഹൈബ്രിഡ് എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ വരാനിരിക്കുന്ന മികച്ച അഞ്ച് ഹൈബ്രിഡ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.
മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ്
മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ഉൾക്കൊള്ളുന്ന ആദ്യ മോഡലായിരിക്കും 2026 മാരുതി ഫ്രോങ്ക്സ് . ഈ കോംപാക്റ്റ് ക്രോസ്ഓവറിൽ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിൻ, ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കും. ഇതിന്റെ ഹൈബ്രിഡ് പതിപ്പ് 35 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അപ്‌ഡേറ്റ് ചെയ്ത ഫ്രോങ്ക്സിൽ നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ തുടർന്നും ഉണ്ടായിരിക്കും. 'ഹൈബ്രിഡ്' ബാഡ്‍ജ് ഒഴികെ, വലിയ ഡിസൈൻ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
ടൊയോട്ട ഫോർച്യൂണർ എംഎച്ച്ഇവി
ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഫോർച്യൂണർ എംഎച്ച്ഇവി (മൈൽഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ) യുടെ ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരും മാസങ്ങളിൽ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ജോടിയാക്കിയ 2.8L ഡീസൽ എഞ്ചിനാണ് ഈ എസ്‌യുവിയിൽ ഉണ്ടാകുക. ഈ കോൺഫിഗറേഷൻ 201bhp യുടെ സംയോജിത പവറും 500Nm ടോർക്കും നൽകുന്നു. സാധാരണ ഡീസൽ-പവർ ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈബ്രിഡ് പതിപ്പ് 5 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും. ഫോർച്യൂണർ MHEV യിൽ ചില അധിക മാറ്റങ്ങളും വരുത്തും.
ഹോണ്ട ഇസെഡ്ആർ-വി
ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഹോണ്ട ഇസെഡ്ആർ-വി ശക്തമായ ഹൈബ്രിഡ് എസ്‌യുവി ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്ക് എത്തിയേക്കും. എങ്കിലും, ഇതേക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവുമില്ല. ആഗോളതലത്തിൽ ഇസെഡ്ആർ-വി 2.0L പെട്രോൾ എഞ്ചിനുമായി ലഭ്യമാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ബാറ്ററി പായ്ക്കും ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ സംയോജിത പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ യഥാക്രമം 180bhp ഉം 315Nm ഉം ആണ്. എസ്‌യുവിയിൽ ഇസിവിടി ഗിയർബോക്‌സും ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ട്.
മഹീന്ദ്ര XUV3XO ഹൈബ്രിഡ്
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ്, റേഞ്ച്-എക്സ്റ്റെൻഡർ ഹൈബ്രിഡ് വാഹനങ്ങളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പരിഗണിക്കുന്നുണ്ട്. ഹൈബ്രിഡ് പവർട്രെയിൻ ഫീച്ചർ ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായി XUV3XO സബ്‌കോംപാക്റ്റ് എസ്‌യുവി മാറിയേക്കാം. ഒരിക്കൽ ലോഞ്ച് ചെയ്താൽ, 2029-ൽ പുറത്തിറങ്ങാനിരിക്കുന്ന മാരുതി ബ്രെസ ഹൈബ്രിഡിന് (പുതിയ തലമുറ) എതിരാളിയായി ഇത് മത്സരിക്കും. മഹീന്ദ്ര XUV3XO ഹൈബ്രിഡിൽ 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുതലമുറ കിയ സെൽറ്റോസ്
സമഗ്രമായ ഡിസൈൻ മാറ്റങ്ങൾ, ഫീച്ചർ, മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എന്നിവയോടെ 2026-ൽ രണ്ടാം തലമുറ കിയ സെൽറ്റോസ് എത്തും. 1.5L MPi പെട്രോൾ, 1.5L പെട്രോൾ, 1.5L ഡീസൽ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സജ്ജീകരണത്തിനൊപ്പം ശക്തമായ ഹൈബ്രിഡ് പവർട്രെയിനോടെയാണ് എസ്‌യുവി വാഗ്‍ദാനം ചെയ്യുന്നത്. 2026 കിയ സെൽറ്റോസ് ഹൈബ്രിഡിൽ ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് സിസ്റ്റവും ജോടിയാക്കിയ 1.6L പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കാം. ഡിസൈൻ മാറ്റങ്ങൾ ഇവി5-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. അതേസമയം 30 ഇഞ്ച് ട്രിനിറ്റി ഡിസ്‌പ്ലേ, പിൻ വായുസഞ്ചാരമുള്ള സീറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഇന്റീരിയർ സവിശേഷതകൾ സിറോസിൽ നിന്ന് കടമെടുത്തേക്കാം.