
2025 ജൂൺ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിന് അത്ര മികച്ച മാസമായിരുന്നില്ല. 2024 ജൂണിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള വാഹന കയറ്റുമതിയും വിൽപ്പനയും യഥാക്രമം 6.4 ശതമാനവും 9.1 ശതമാനവും കുറഞ്ഞു. കഴിഞ്ഞ മാസം ഏകദേശം 3.17 ലക്ഷം പാസഞ്ചർ വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.39 ലക്ഷം യൂണിറ്റായിരുന്നു. 1,18,906 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി. എങ്കിലും വാർഷികാടിസ്ഥാനത്തിൽ 13.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
പുതിയ ഇലക്ട്രിക് വാഹനങ്ങളും ശക്തമായ എസ്‌യുവി പോർട്ട്‌ഫോളിയോയും കാരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടർച്ചയായ മൂന്നാം മാസവും ഹ്യുണ്ടായിയെ മറികടന്ന് രണ്ടാം സ്ഥാനം നിലനിർത്തി. 44,024 യൂണിറ്റുകളുടെയും (12.1% കുറവ്) 37,083 യൂണിറ്റുകളുടെയും (14.8% കുറവ്) വിൽപ്പനയുമായി ഹ്യുണ്ടായിയും ടാറ്റയും മൂന്നും നാലും സ്ഥാനങ്ങൾ നേടി. 26,453 യൂണിറ്റുകളുടെ വിൽപ്പനയോടെ ടൊയോട്ട കിസ്‌ലോസ്‌കർ മോട്ടോർ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി ഉയർന്നുവന്നു.
എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയെക്കുറിച്ച് പറയുമ്പോൾ, 15,786 യൂണിറ്റ് വിൽപ്പനയുമായി ഹ്യുണ്ടായി ക്രെറ്റ ഒന്നാം സ്ഥാനം നേടി. എങ്കിലും, വാർഷികാടിസ്ഥാനത്തിൽ വിൽപ്പന മൂന്ന് ശതമാനം കുറഞ്ഞു. ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവികളിൽ മാരുതി ബ്രെസയും മഹീന്ദ്ര സ്കോർപിയോയും യഥാക്രമം 14,507 യൂണിറ്റുകളും 12,740 യൂണിറ്റുകളും വിൽപ്പന രേഖപ്പെടുത്തി രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ബ്രെസയുടെ വാർഷിക വിൽപ്പന 10 ശതമാനം വർദ്ധിച്ചപ്പോൾ, സ്കോർപിയോയുടെ വിൽപ്പന നാല് ശതമാനം നേരിയ വളർച്ച കൈവരിച്ചു.
ടാറ്റയുടെ ജനപ്രിയ നെക്‌സോൺ, പഞ്ച് കോംപാക്റ്റ് എസ്‌യുവികളുടെ വാർഷിക വിൽപ്പനയിൽ യഥാക്രമം നാല് ശതമാനത്തിന്റെയും 43 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി. 2024 ജൂണിൽ ഇത് 12,066 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം ആകെ 11,602 യൂണിറ്റ് നെക്‌സോൺ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 18,238 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ പഞ്ചിന് 10,446 യൂണിറ്റുകൾ മാത്രമാണുണ്ടായത്.
മാരുതി ഫ്രോങ്ക്സ് 9,815 യൂണിറ്റ് വിൽപ്പനയോടെ വിൽപ്പനയിൽ ആറാം സ്ഥാനം നിലനിർത്തി, മഹീന്ദ്ര താറും ടൊയോട്ട ഹൈറൈഡറും തൊട്ടുപിന്നിൽ. 2024 ജൂണിൽ 5,376 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് മഹീന്ദ്ര 9,542 യൂണിറ്റ് ഥാറിനെ വിറ്റഴിച്ചു. 77 ശതമാനം ഗണ്യമായ വളർച്ച രേഖപ്പെടുത്തി. ടൊയോട്ട ഹൈറൈഡർ 7,462 യൂണിറ്റുകൾ വിറ്റഴിച്ച് 75 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. മഹീന്ദ്ര XUV 3XO (7,089 യൂണിറ്റുകൾ) ഉം ഹ്യുണ്ടായി വെന്യു (6,858 യൂണിറ്റുകൾ) ഉം യഥാക്രമം ഒമ്പതാം സ്ഥാനത്തും പത്താം സ്ഥാനത്തും എത്തി.