
ഇന്ത്യൻ വിപണിക്കായി ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട ഒരു വൻ പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ എസ്‌യുവി നിര വികസിപ്പിക്കുന്നതിലും പുതിയൊരു ആഗോള പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലും പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ പദ്ധതി. വരാനിരിക്കുന്ന ശ്രേണിയിൽ ഇലക്ട്രിക് എലിവേറ്റ്, മൂന്ന് നിര എസ്‌യുവി (എലിവേറ്റിനെ അടിസ്ഥാനമാക്കി), ഒരു സബ്‌കോംപാക്റ്റ് എസ്‌യുവി, ZR-V, പുതുതലമുറ സിറ്റി സെഡാൻ എന്നിവ ഉൾപ്പെടും. വരാനിരിക്കുന്ന ഹോണ്ട എസ്‌യുവികളെക്കുറിച്ചുള്ള ഒരു അവലോകനം ഇതാ.
ഹോണ്ട 7 സീറ്റർ എസ്‌യുവി
വരാനിരിക്കുന്ന ഹോണ്ട 7 സീറ്റർ എസ്‌യുവി ബ്രാൻഡിന്റെ പുത്തൻ PF3 ആർക്കിടെക്ചറിന്റെ അരങ്ങേറ്റമായിരിക്കും. ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോണ്ട എസ്‌യുവികളിൽ ഒന്നാണിത്. 2027 ഒക്ടോബറിൽ ഈ മോഡൽ പരമ്പര ഉൽപാദനത്തിലേക്ക് പ്രവേശിക്കും, തുടർന്ന് ലോഞ്ച് ചെയ്യും. എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണ്. എന്നിരുന്നാലും, എലിവേറ്റ് എസ്‌യുവിയുമായി 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി സെഡാനുമായി ശക്തമായ ഹൈബ്രിഡ് പവർട്രെയിനും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ട ഇന്ത്യയുടെ ഇൻപുട്ടുകൾ ഉപയോഗിച്ച് ഹോണ്ടയുടെ ജപ്പാൻ, തായ്‌ലൻഡ് ഗവേഷണ വികസന കേന്ദ്രങ്ങളാണ് ഇതിന്റെ രൂപകൽപ്പനയും വികസന പ്രവർത്തനങ്ങളും നടത്തുന്നത്.
ഹോണ്ട ZR-V
ഹോണ്ട കാസ് ഇന്ത്യയ്ക്കായി ZR-V ഹൈബ്രിഡ് എസ്‌യുവി പരിഗണിക്കുന്നു . ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നുമില്ലെങ്കിലും, 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ ഇത് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണികളിൽ, ഹോണ്ട ZR-V 2.0L പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഒരു ഇലക്ട്രിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ സജ്ജീകരണം ഏകദേശം 180bhp സംയോജിത പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു, എന്നിരുന്നാലും ഇത് വിപണി അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇന്ത്യയിൽ, ZR-V 1.5L ടർബോ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യാം, ഇത് ഒരു സിവിടി ഗിയർബോക്സും ഒരു എഡബ്ല്യുഡി സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു.
ഹോണ്ട എലിവേറ്റ് ഇവി
ഹോണ്ട എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് 2026 ൽ ഇന്ത്യൻ റോഡുകളിൽ എത്തും. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ടാറ്റ കർവ്വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ഇസഡ്എസ് ഇവി, വരാനിരിക്കുന്ന മാരുതി ഇ വിറ്റാര എന്നിവയ്‌ക്കെതിരെ ഇത് നേരിട്ട് മത്സരിക്കും. ഹോണ്ട അതിന്റെ ഡിസൈനിലും ഇന്റീരിയറിലും ചില ഇലക്ട്രിക്ക് അനുസൃത മാറ്റങ്ങൾ വരുത്തും. ഹോണ്ട എലിവേറ്റ് ഇവി ബ്രാൻഡിന്റെ എസിഇ (ഏഷ്യൻ കോംപാക്റ്റ് ഇലക്ട്രിക്) പ്രോജക്റ്റിന് കീഴിലായിരിക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 50-70 ശതമാനം മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് എലിവേറ്റ് കയറ്റുമതിക്കായി നീക്കിവയ്ക്കും.
ഹോണ്ട സബ്കോംപാക്റ്റ് എസ്‌യുവി
ഹോണ്ടയുടെ വരാനിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവി PF2 പ്ലാറ്റ്‌ഫോമിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് പുതുതലമുറ സിറ്റിയെയും 7 സീറ്റർ എസ്‌യുവിയെയും പിന്തുണയ്ക്കും. ഈ മോഡൽ 2029 ന്റെ ആദ്യ പകുതിയിൽ എത്താൻ സാധ്യതയുണ്ട്. ഹോണ്ട എലിവേറ്റുമായി നിരവധി ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കാർ നിർമ്മാതാവിന് മത്സരാധിഷ്ഠിത വില കൈവരിക്കാൻ സഹായിക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെടുത്തിയേക്കാം.