ഔഡി ക്യു 2 ഇന്ത്യയില്‍ എത്തി

By Web TeamFirst Published Oct 18, 2020, 9:16 PM IST
Highlights

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡലായ ക്യു2വിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്‌യുവി മോഡലായ ക്യു2വിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.  യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ട് എത്തുന്ന വാഹനത്തിന് 34.99 ലക്ഷം രൂപ മുതല്‍ 48.89 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില എന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ഔഡിയുടെ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ് സൈറ്റുകളിലൂടെയുമാണ് ബുക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

ആഗോളതലത്തില്‍ അവതരിപ്പിച്ചിട്ടുള്ള Q2-ന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അഞ്ച് വേരിയന്റുകളിലായി ഇപ്പോള്‍  ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. സ്റ്റാന്റേഡ്, പ്രീമിയം, പ്രീമിയം പ്ലസ്-1, പ്രീമിയം പ്ലസ്-2, ടെക്‌നോളജി എന്നീ അഞ്ച് വേരിയന്റുകളിലാണ് Q2 വിപണിയില്‍ എത്തിയിട്ടുള്ളത്. ഔഡിയുടെ മറ്റൊരു എസ്യുവി മോഡലായ Q3-യുടെ തൊട്ടുതാഴെയാണ് ഈ വാഹനത്തിന്റെ സ്ഥാനം.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. ഇത് 190 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ക്യൂ2-ന് സാധിക്കും.

2020-ല്‍ ഔഡി ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഔഡി ക്യൂ2.   ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എം.ബി.ക്യു. പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കുന്ന  ഈ കുഞ്ഞന്‍ എസ്‌യുവി  പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കിയായിരിക്കും എത്തുക. ഔഡി Q സീരീസ് എസ്.യു.വികളില്‍ നിന്ന് വ്യത്യസ്തമായി ക്രോസ് ഓവര്‍ സ്വഭാവം കാണിക്കുന്ന വാഹനമാണ് Q2.   

ഔഡിയുടെ ഡിസൈന്‍ ശൈലി പുന്‍തുടര്‍ന്നുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു  മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുക. വിദേശത്ത് നിര്‍മിക്കുന്ന വാഹനങ്ങളുടെ 2500 യൂണിറ്റ് വരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് അനുമതിയുള്ളത്. അതുകൊണ്ട് കുറഞ്ഞ എണ്ണം മാത്രമേ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ളൂ. ബിഎംഡബ്ല്യു എക്‌സ്1, മിനി കണ്‍ട്രിമാന്‍, നിരത്തുകളിലെത്താനൊരുങ്ങുന്ന മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ. തുടങ്ങിയവരായിരിക്കും എതിരാളികള്‍.

click me!