
വരും വർഷങ്ങളിൽ പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കി തങ്ങളുടെ ഇവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. XEV 9e, BE6 എന്നിവ ഇതിനകം തന്നെ കമ്പനിക്ക് മികച്ച വിൽപ്പന നൽകുന്നുണ്ട്. വരാനിരിക്കുന്ന മഹീന്ദ്ര XUV 3XO EV, BE6 റാൾ-ഇ ഓഫ്-റോഡർ എന്നിവ 2026 ൽ ഷോറൂമുകളിൽ എത്തും. മഹീന്ദ്ര BE 6 റാൾ-ഇയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. അടുത്തിടെ ഈ പരീക്ഷണ വാഹനത്തിന്‍റെ ചില വിവരങ്ങൾ പുറത്തുവന്നിരുന്നു.
പരീക്ഷണത്തിനിടെ കണ്ടെത്തിയ ടെസ്റ്റ് പതിപ്പ് അതിന്റെ ഡിസൈൻ വിശദാംശങ്ങളിൽ ഭൂരിഭാഗവും മറച്ചുവെച്ച നിലയിൽ ആയിരുന്നു. എങ്കിലും കറുത്ത വീൽ ആർച്ച് ക്ലാഡിംഗുകൾ, പച്ച ഡെക്കൽ, വെള്ള കളർ സ്‍കീം, സ്റ്റീൽ വീലുകൾ തുടങ്ങിയ ചില ഡിസൈൻ ഘടകങ്ങൾ വ്യക്തമായി കാണാമായിരുന്നു.
2023 ലെ മഹീന്ദ്ര ഇവി ഫാഷൻ ഫെസ്റ്റിവലിലാണ് ആദ്യമായി BE 6 റാൾ-ഇയെ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ കണ്ടത്. ഇത് അടിസ്ഥാനപരമായി BE 6 ന്റെ ഓഫ്-റോഡ് ഫോക്കസ്‍ഡ് പതിപ്പാണ്, അതിൽ ഹെവി-ക്ലാഡഡ് ഫ്രണ്ട് ബമ്പർ, സി-ആകൃതിയിലുള്ള ഡിആർഎല്ലുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, പരുക്കൻ ടയറുകൾ, സ്‌പോർട്ടി റിയർ ബമ്പർ, സി-ആകൃതിയിലുള്ള ടെയിൽലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. പ്രദർശിപ്പിച്ച കൺസെപ്റ്റിൽ മുകളിൽ ഒരു സ്പെയർ വീൽ, മേൽക്കൂരയിൽ ഘടിപ്പിച്ച കാരിയർ, രണ്ട് ജെറി ക്യാനുകൾ എന്നിങ്ങനെ നിരവധി ആക്‌സസറികളും ഉണ്ടായിരുന്നു. മഹീന്ദ്ര BE 6 Rall E യുടെ പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണവും വലിയ ബാറ്ററി പായ്ക്കും ഇലക്ട്രിക് ഓഫ്-റോഡിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 389 bhp (290kW) ഉം 480 Nm ടോർക്കും ഉത്പാദിപ്പിക്കും.
കമ്പനിയിൽ നിന്നുള്ള മറ്റ് അപ്‌ഡേറ്റുകളിൽ, മഹീന്ദ്ര അടുത്തിടെ മൂന്ന് അപ്‌ഡേറ്റ് ചെയ്ത ഥാർ 3-ഡോർ, ബൊലേറോ, ബൊലേറോ നിയോ എസ്‌യുവികൾ പുറത്തിറക്കിയിരുന്നു. എല്ലാ മോഡലുകൾക്കും കാര്യമായ ഫീച്ചർ അപ്‌ഗ്രേഡുകൾക്കൊപ്പം കുറഞ്ഞ ഡിസൈൻ മാറ്റങ്ങളും ലഭിക്കുന്നു. അതേസമയം നിലവിലുള്ള എഞ്ചിൻ സജ്ജീകരണങ്ങൾ നിലനിർത്തുന്നു. 2026 ന്റെ തുടക്കത്തിൽ, മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റും മഹീന്ദ്ര XEV 7e ഉം കമ്പനി അവതരിപ്പിക്കും . XEV 9e യിൽ നിന്ന് കടമെടുത്ത ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, പുതിയ സൗണ്ട് സിസ്റ്റം, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവയോടെയായിരിക്കും അപ്‌ഡേറ്റ് ചെയ്‌ത XUV700 വരുന്നത്. വരാനിരിക്കുന്ന മഹീന്ദ്ര XEV 7e, XEV 9e യുടെ 7 സീറ്റർ പതിപ്പായിരിക്കും, അതിന്റെ പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, സവിശേഷതകൾ, നിരവധി ഘടകങ്ങൾ എന്നിവ പങ്കിടുന്നു.