
ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവി നിര തുടർച്ചയായി പുതുക്കുകയാണ് മഹീന്ദ്ര. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി മോഡലുകൾക്ക് അപ്ഡേറ്റുകൾ നൽകിയതിന് പിന്നാലെ, കമ്പനിയുടെ ജനപ്രിയ എസ്‌യുവിയായ എക്സ്‌യുവി 3എക്സ്ഒയിലും മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിലാണ് മഹീന്ദ്രയെന്നാണ് റിപ്പോർട്ടുകൾ. 2026 ഒക്ടോബർ 15ന് എക്സ്‌യുവി 3എക്സ്ഒയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം മഹീന്ദ്ര ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ മോഡൽ എക്സ്‌യുവി 3എക്സ്ഒയുടെ സിഎൻജി പതിപ്പായിരിക്കുമെന്നാണ് വാഹന വിപണിയിലെ അഭ്യൂഹങ്ങൾ. അങ്ങനെയെങ്കിൽ ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി സംവിധാനവുമായി എത്തുന്ന മഹീന്ദ്രയുടെ ആദ്യ വാഹനമായിരിക്കും ഇത്.
2024ലാണ് മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ വിപണിയിലെത്തിച്ചത്. തുടക്കം മുതൽ മികച്ച വിൽപ്പന നേടുന്ന മോഡലിന് പിന്നീട് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിരവധി വകഭേദങ്ങളും കമ്പനി അവതരിപ്പിച്ചിരുന്നു. എക്സ്‌യുവി 3എക്സ്ഒയുടെ സിഎൻജി പതിപ്പ് പുറത്തിറക്കുകയാണെങ്കിൽ, മഹീന്ദ്രയുടെ വാഹന നിരയിലെ തന്നെ പുതിയ അധ്യായമാകും ഇത്. പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ സിഎൻജി വാഹനങ്ങളുടെ ആവശ്യകതയും വർധിക്കുന്നുണ്ട്. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനൊപ്പം ഭാവിയിലെ കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാനും സിഎൻജി മോഡൽ മഹീന്ദ്രയെ സഹായിച്ചേക്കും.
നിലവിൽ എക്സ്‌യുവി 3എക്സ്ഒയിൽ 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ഉൾപ്പെടെയുള്ള പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 1.2 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനുകളും വാഹനത്തിൽ ലഭ്യമാണ്. സിഎൻജി പതിപ്പിനായി 1.2 ലിറ്റർ ടർബോചാർജ്ഡ് എംപിഎഫ്ഐ എൻജിൻ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ പതിപ്പിൽ ഈ എൻജിൻ 111 പിഎസ് കരുത്തും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ സിഎൻജി ഉപയോഗിക്കുമ്പോൾ കരുത്തിലും ടോർക്കിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്. സിഎൻജി പതിപ്പിനൊപ്പം മാനുവൽ ഗിയർബോക്സായിരിക്കും തുടക്കത്തിൽ ലഭിക്കുകയെന്നാണ് സൂചന. സിഎൻജി ഓട്ടോമാറ്റിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും മഹീന്ദ്ര നൽകിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
സിഎൻജി സംവിധാനം ഘടിപ്പിക്കുന്നതിനായി എക്സ്‌യുവി 3എക്സ്ഒയിൽ ചില സാങ്കേതിക മാറ്റങ്ങൾ ആവശ്യമായി വരും. സസ്പെൻഷൻ, ഇലക്ട്രോണിക് നിയന്ത്രണ സംവിധാനം എന്നിവയിൽ ആവശ്യമായ പരിഷ്‌കരണങ്ങൾ കമ്പനി വരുത്തിയേക്കും. സിഎൻജി ടാങ്ക് ബൂട്ട് ഭാഗത്തായിരിക്കും സ്ഥാപിക്കുക. ടാറ്റയും ഹ്യുണ്ടായിയും സ്വീകരിച്ചിട്ടുള്ള ഇരട്ട സിലിണ്ടർ സംവിധാനം മഹീന്ദ്ര ഉപയോഗിക്കുമോ, അതോ വലിയ ഒറ്റ സിലിണ്ടർ ടാങ്ക് നൽകുമോ എന്നത് വ്യക്തമല്ല. ടാങ്കിന്റെ വലുപ്പവും ഘടനയും അനുസരിച്ച് ബൂട്ട് സ്പേസിനെ ഇത് ബാധിച്ചേക്കാം.
നിലവിൽ എക്സ്‌യുവി 3എക്സ്ഒയുടെ വില 7.79 ലക്ഷം രൂപ മുതൽ 15.04 ലക്ഷം രൂപ വരെയാണ്. എക്സ്-ഷോറൂം വിലയാണിത്. സിഎൻജി പതിപ്പ് പുറത്തിറക്കുകയാണെങ്കിൽ പെട്രോൾ മോഡലിനേക്കാൾ അൽപ്പം ഉയർന്ന വില പ്രതീക്ഷിക്കാം. എന്നാൽ പുതിയ മോഡലിന്റെ വില സംബന്ധിച്ച് മഹീന്ദ്ര ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ടാറ്റ നെക്സോണിനും ബ്രെസയ്ക്കും എതിരാളിടാറ്റ നെക്സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ് തുടങ്ങിയ മോഡലുകളുമായാണ് എക്സ്‌യുവി 3എക്സ്ഒയുടെ മത്സരം. നെക്സോണും ബ്രെസ്സയും ഇതിനകം ഫാക്ടറി ഘടിപ്പിച്ച സിഎൻജി പതിപ്പുകളിൽ ലഭ്യമാണ്. അതിനാൽ എക്സ്‌യുവി 3എക്സ്ഒയുടെ സിഎൻജി പതിപ്പ് എത്തുകയാണെങ്കിൽ, ഈ വിഭാഗത്തിൽ മഹീന്ദ്രയുടെ മത്സരശേഷി കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 15ന് പുതിയ മോഡൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളിൽ മഹീന്ദ്ര ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതിനാൽ ലോഞ്ച് തീയതിയും സിഎൻജി പതിപ്പിന്റെ സാങ്കേതിക വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വ്യക്തതയാകൂ.