മാരുതി സുസുക്കി ഹാച്ച്ബാക്കുകളുടെ അമ്പരപ്പിക്കുന്ന വിൽപ്പന രഹസ്യം

Published : Nov 22, 2026, 11:01 PM IST
Wagon R 2, Maruti Suzuki hatchback sales, Maruti Suzuki Wagon R, Maruti Suzuki Wagon R Safety

Synopsis

ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ വാഗൺആർ, ബലേനോ, സ്വിഫ്റ്റ് മോഡലുകൾ വൻ വിൽപ്പന വളർച്ച നേടി. ഒക്ടോബറിൽ മികച്ച ഫീച്ചറുകളും ഉയർന്ന മൈലേജുമായി ഈ മോഡലുകൾ റെക്കോർഡ് വിൽപ്പനയാണ് സ്വന്തമാക്കിയത്.

ഇന്ത്യൻ വാഹന വിപണിയിലെ ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ആധിപത്യം തുടർന്ന് മാരുതി സുസുക്കി. വാഗൺആർ, ബലേനോ, സ്വിഫ്റ്റ് എന്നീ മൂന്ന് ജനപ്രിയ മോഡലുകൾക്കും 2026 ഒക്ടോബറിൽ മികച്ച വിൽപ്പനയാണ് ലഭിച്ചത്. ഈ മൂന്ന് കാറുകളും ചേർന്ന് 63,532 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 51,385 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം വളർച്ച കൈവരിക്കാൻ മാരുതിയുടെ ഈ ഹാച്ച്ബാക്ക് നിരയ്ക്ക് സാധിച്ചു. ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കളുടെ ഹാച്ച്ബാക്ക് മോഡലുകളെക്കാൾ മികച്ച വിൽപ്പനയാണ് മാരുതിയുടെ ഈ മൂന്ന് കാറുകൾ സ്വന്തമാക്കിയത്. വാഗൺആറും സ്വിഫ്റ്റും അരീന ഡീലർഷിപ്പുകൾ വഴിയും ബലേനോ നെക്‌സ ഡീലർഷിപ്പുകൾ വഴിയുമാണ് വിൽക്കുന്നത്.

വിൽപ്പനയിൽ മുന്നിൽ വാഗൺആർ

2026 ഒക്ടോബറിൽ 23,747 യൂണിറ്റുകൾ വിറ്റഴിച്ച വാഗൺആറാണ് ഈ മൂന്ന് മോഡലുകളിലും ഒന്നാമത്. 2025 ഒക്ടോബറിൽ 18,970 യൂണിറ്റുകളായിരുന്നു വിൽപ്പന. വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം വളർച്ചയാണ് മോഡൽ നേടിയത്. ബലേനോയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 16,873 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ വിൽപ്പന 20,919 യൂണിറ്റുകളായി ഉയർന്നു. 24 ശതമാനമാണ് വളർച്ച. സ്വിഫ്റ്റ് 18,866 യൂണിറ്റുകളുടെ വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 15,542 യൂണിറ്റുകളായിരുന്നു വിൽപ്പന. വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വളർച്ചയാണ് സ്വിഫ്റ്റ് രേഖപ്പെടുത്തിയത്.

മാരുതി വാഗൺആർ: 34 കിലോമീറ്റർ വരെ മൈലേജ്

1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് വാഗൺആർ എത്തുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. 1.0 ലിറ്റർ പെട്രോൾ പതിപ്പിന് ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. സിഎൻജി പതിപ്പിൽ കിലോഗ്രാമിന് ഏകദേശം 34 കിലോമീറ്റർ മൈലേജും ലഭിക്കും. 1.2 ലിറ്റർ എൻജിൻ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 24.43 കിലോമീറ്ററാണ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ, 6 എയർബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എഎംടി പതിപ്പിൽ ഹിൽ ഹോൾഡ് അസിസ്റ്റും ലഭ്യമാണ്.

മാരുതി ബലേനോ: 360 ഡിഗ്രി ക്യാമറയും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും

1.2 ലിറ്റർ ഇസഡ്12ഇ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ബലേനോയുടെ കരുത്ത്. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. മാനുവൽ പതിപ്പിൽ ലിറ്ററിന് 23.80 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ 24.77 കിലോമീറ്ററുമാണ് മൈലേജ്. സിഎൻജി പതിപ്പിൽ മാനുവൽ മോഡലിന് കിലോഗ്രാമിന് 33.61 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് 34.47 കിലോമീറ്ററും മൈലേജ് ലഭിക്കും. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആർക്കാമിസ് ഓഡിയോ സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 6 എയർബാഗുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണ്.

മാരുതി സ്വിഫ്റ്റ്: സിഎൻജിയിൽ 35.34 കിലോമീറ്റർ മൈലേജ്

1.2 ലിറ്റർ ഇസഡ്12ഇ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ സ്വിഫ്റ്റിലുള്ളത്. 80 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. 5 സ്പീഡ്മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്.

മാനുവൽ പതിപ്പിൽ ലിറ്ററിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ 25.75 കിലോമീറ്ററുമാണ് മൈലേജ്. സിഎൻജി പതിപ്പിൽ കിലോഗ്രാമിന് 35.34 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, ഡ്യുവൽ ചാർജിങ് പോർട്ടുകൾ, റിയർ വ്യൂ ക്യാമറ എന്നിവയും സ്വിഫ്റ്റിലുണ്ട്. മികച്ച ഇന്ധനക്ഷമതയും ആധുനിക ഫീച്ചറുകളും താങ്ങാനാവുന്ന വിലയുമാണ് മാരുതിയുടെ ഈ മൂന്ന് ഹാച്ച്ബാക്കുകൾക്കും വിപണിയിൽ ആവശ്യക്കാർ വർധിക്കാൻ പ്രധാന കാരണങ്ങൾ. പ്രത്യേകിച്ച് സിഎൻജി പതിപ്പുകളുടെ ഉയർന്ന മൈലേജ് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകമാണ്.

PREV
Read more Articles on
click me!

Recommended Stories

മാരുതി വിക്ടോറിസിന്‍റെ വിസ്‍മയക്കുതിപ്പ്: 13 മാസത്തിൽ റെക്കോർഡ്
കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന സൺറൂഫ് കാറുകൾ