
2026 മെയ് മാസത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്തം വിൽപ്പന 242,688 യൂണിറ്റായി ഉയർന്നു. മുൻ വർഷം ഇതേ മാസത്തെ 180,777 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.
ആഭ്യന്തര വിപണിയിൽ കമ്പനി റെക്കോർഡ് 193,535 യൂണിറ്റുകൾ വിറ്റഴിച്ചു. മറ്റ കമ്പനികൾക്ക് 7,239 യൂണിറ്റുകൾ വിതരണം ചെയ്യുകയും 41,914 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു. എൽസിവി (ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ) ഉൾപ്പെടെയുള്ള മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന 2026 മെയ് മാസത്തിൽ 193,535 യൂണിറ്റായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 138,690 യൂണിറ്റായിരുന്നു.
പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിൽ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ തുടങ്ങിയ കോംപാക്റ്റ്, ഇടത്തരം മോഡലുകൾ 81,555 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 61,960 യൂണിറ്റായിരുന്നു. ഫ്രോങ്ക്സ്, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വെഹിക്കിൾ (യുവി) വിഭാഗത്തിന്റെ മൊത്തം വിൽപ്പന 2025 മെയ് മാസത്തിൽ 54,899 യൂണിറ്റുകളിൽ നിന്ന് 79,267 യൂണിറ്റുകളായി ഉയർന്നു.
മാരുതി സുസുക്കി ഈക്കോ വാനിന്റെ 13,240 യൂണിറ്റുകളും സൂപ്പർ കാരി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിളിന്റെ 3,198 യൂണിറ്റുകളും റീട്ടെയിൽ ചെയ്തു. മറ്റ് കമ്പനികളിലേക്കുള്ള വിതരണം 2025 മെയ് മാസത്തിൽ 10,168 യൂണിറ്റുകളിൽ നിന്ന് 7,239 യൂണിറ്റുകളായി കുറഞ്ഞു. എങ്കിലും കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 31,219 യൂണിറ്റുകളിൽ നിന്ന് 41,914 യൂണിറ്റായി വർദ്ധിച്ചു. 2026 ഏപ്രിൽ, മെയ് കാലയളവിൽ മാരുതി സുസുക്കി 482,334 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രേഖപ്പെടുത്തി. 2025 ലെ ഇതേ കാലയളവിൽ ഇത് 359,868 യൂണിറ്റുകൾ ആയിരുന്നു.
അതേസമയം, മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ കാർ 2026 ജൂൺ 5 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അത് മാരുതി വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ അല്ലെങ്കിൽ മാരുതി ഫ്രോങ്ക്സ് ഫ്ലെക്സ് ഫ്യൂവൽ ആകാൻ സാധ്യത ഉണ്ട്. രണ്ട് മോഡലുകളും ഇതിനകം തന്നെ കൺസെപ്റ്റ് രൂപത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
ഫ്ലെക്സ്-ഫ്യുവൽ ലോഞ്ചിനുശേഷം, സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ഉപയോഗിച്ച് മാരുതി സുസുക്കി ബ്രെസ , ബലേനോ ഫെയ്‌സ്‌ലിഫ്റ്റുകൾ അവതരിപ്പിക്കും . രണ്ട് മോഡലുകളും അവയുടെ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പ്രീമിയം മൂന്നുവരി എസ്‌യുവിയും മാരുതി സുസുക്കി പുറത്തിറക്കും . വരാനിരിക്കുന്ന മോഡൽ അഞ്ച് സീറ്റർ ഗ്രാൻഡ് വിറ്റാരയുമായി പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, ഘടകങ്ങൾ, സവിശേഷതകൾ, നിരവധി ഡിസൈൻ ഘടകങ്ങൾ എന്നിവ പങ്കിടും.