
ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ മാരുതി സുസുക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിൽ 7 പുതിയ എസ്‌യുവികളും ഉൾപ്പെടും. ഹൈബ്രിഡ്, ഇലക്ട്രിക്, സി.എൻ.ജി, ഐ.സി.ഇ തുടങ്ങിയ വിവിധ പവർട്രെയിനുകളുമായി വിപണി വിപുലീകരിക്കാനാണ് മാരുതിയുടെ നീക്കം. നിലവിൽ മാരുതി സുസുക്കിയുടെ ഏക ഇലക്ട്രിക് മോഡൽ ഇ-വിറ്റാരയാണ്. ഇതിന് പിന്നാലെ മൂന്ന് നിര സീറ്റുകളുള്ള പുതിയ ഇലക്ട്രിക് എംപിവി കൂടി എത്തും. വൈഎംസി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മോഡൽ ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ആദ്യത്തോടെ വിൽപ്പന ആരംഭിച്ചേക്കും.
മാരുതിയുടെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ
ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയതും വിലകുറഞ്ഞതുമായ 7 സീറ്റർ മോഡലായിരിക്കും പുതിയ വൈ.എം.സി. അടിസ്ഥാന വേരിയന്റിന് ഏകദേശം 14 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. ഇതോടെ കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും വാഹനത്തിന്റെ വിപണി പ്രവേശനം. ബാറ്ററി-ആസ്-എ-സർവീസ് എന്ന ബാറ്ററി വാടക പദ്ധതിയും വാഹനത്തിന്റെ പ്രാരംഭ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കാൻ സഹായിക്കും. വൈ.എം.സിയുടെ അടിസ്ഥാനത്തിൽ ടൊയോട്ടയും പിന്നീട് സ്വന്തം പതിപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
500 കിലോമീറ്ററിലേറെ റേഞ്ച്
പുതിയ മാരുതി 7 സീറ്റർ ഇലക്ട്രിക് എം.പി.വിയുടെ ഔദ്യോഗിക സാങ്കേതിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഇ-വിറ്റാരയിൽ ഉപയോഗിക്കുന്ന 49 കിലോവാട്ട്, 61 കിലോവാട്ട് ബാറ്ററി പാക്കുകൾ വൈ.എം.സിയിലും ലഭിച്ചേക്കുമെന്നാണ് സൂചന. രണ്ട് ബാറ്ററി ഓപ്ഷനുകളും മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിനൊപ്പം ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തിൽ എത്തിയേക്കും. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലേറെ സഞ്ചരിക്കാൻ വാഹനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇ-വിറ്റാരയിൽ നിന്ന് പ്രചോദനം
നിലവിൽ പരീക്ഷണയോട്ടത്തിലാണ് പുതിയ മാരുതി 7 സീറ്റർ ഇലക്ട്രിക് എം.പി.വി. പരീക്ഷണത്തിനിടെ നിരവധി തവണ വാഹനം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിലൂടെ വാഹനത്തിന്റെ രൂപകൽപ്പന സംബന്ധിച്ച ചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉയരം കൂടിയ ബോക്സി ഡിസൈനാകും വാഹനത്തിന് ലഭിക്കുക. ഇ-വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻ ബമ്പറും എയർ ഇൻടേക്കുകളും എയറോഡൈനാമിക് ഡിസൈനിലുള്ള അലോയ് വീലുകളും വാഹനത്തിലുണ്ടാകും. പിന്നിലെ വിൻഡ്സ്ക്രീനിന് ചുറ്റുമായി നൽകിയിരിക്കുന്ന ലംബമായി ക്രമീകരിച്ച ടെയിൽ ലാമ്പുകൾ മാരുതി എർട്ടിഗയിൽ നിന്ന് കടമെടുത്തതാകാമെന്നാണ് സൂചന.
ഫീച്ചറുകളിലും ശ്രദ്ധ
ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ഇലക്ട്രിക് എം.പി.വി സമ്പന്നമായിരിക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്നു. പ്രീമിയം ശബ്ദ സംവിധാനം, ഓട്ടോ ഡിമ്മിംഗ് ഐ.ആർ.വി.എം, മുൻ-പിൻ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനം, ഒന്നിലധികം എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ലഭിച്ചേക്കും. കൂടുതൽ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും മാരുതിയുടെ പുതിയ ഇലക്ട്രിക് 7 സീറ്റർ എംപിവി വിപണിയിൽ എത്തുക.