
ഇത്രകാലവും മുഖ്യ എതിരാളികളായിരുന്നു ജർമ്മൻ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസും ബിഎംഡബ്ല്യുവും. എന്നാൽ ഇപ്പോൾ എഞ്ചിൻ പങ്കാളിത്തം സംബന്ധിച്ച് ഇരു കമ്പനികളും തമ്മിൽ വിപുലമായ ചർച്ചകളിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ചർച്ചകൾ വിജയിച്ചാൽ ജർമ്മൻ വാഹന വ്യവസായത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സഹകരണമായി ഇത് മാറും.
മെഴ്‌സിഡസ് വരാനിരിക്കുന്ന പെട്രോൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളിൽ ബിഎംഡബ്ല്യുവിന്റെ പ്രശസ്തമായ ബി48 ഫോർ-സിലിണ്ടർ ടർബോചാർജ്‍ഡ് എഞ്ചിൻ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ . ബിഎംഡബ്ല്യുവിന്റെയും മിനിയുടെയും നിരവധി കാറുകളിൽ ഈ എഞ്ചിൻ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. വ്യത്യസ്‍ത കാർ പ്ലാറ്റ്‌ഫോമുകളിൽ ഈ എഞ്ചിൻ ഘടിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇക്കാരണത്താൽ മെഴ്‌സിഡസിന്റെ സിഎൽഎ , ജിഎൽഎ, ജിഎൽബി, സി- ക്ലാസ്, ഇ- ക്ലാസ്, വരാനിരിക്കുന്ന ലിറ്റിൽ ജി എസ്‌യുവി തുടങ്ങിയ കാറുകൾക്കും ഇത് അനുയോജ്യമായിരിക്കും .
നിലവിൽ മെഴ്‌സിഡസിന് 1.5 ലിറ്റർ M252 എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് മികച്ചതാണ്. പക്ഷേ ഇതൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് അല്ലെങ്കിൽ റേഞ്ച്-എക്സ്റ്റെൻഡർ ആയി ഉപയോഗിക്കാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, B48 എഞ്ചിന് ആ വിടവ് നികത്താൻ കഴിയും.
ഈ പങ്കാളിത്തത്തിന് കീഴിൽ, ഓസ്ട്രിയയിലെ ബിഎംഡബ്ല്യുവിന്റെ സ്റ്റെയർ പ്ലാന്റിൽ എഞ്ചിൻ നിർമ്മിക്കാൻ കഴിയും . ഇതിനുപുറമെ ഇറക്കുമതി തീരുവ വർദ്ധിക്കുന്നത് ഒഴിവാക്കുന്നതിനായി അമേരിക്കയിൽ ഒരു സംയുക്ത ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇരു കമ്പനികളും ആലോചിക്കുന്നുണ്ട്.
ഈ സഹകരണം ഇരു കമ്പനികൾക്കും മികച്ച നേട്ടങ്ങൾ ഉണ്ടാക്കും. സർട്ടിഫൈഡ്, യൂറോ-7 അനുസൃത എഞ്ചിനുകൾ വലിയ ഗവേഷണ-വികസന ചെലവുകളില്ലാതെ ഉടനടി ലഭ്യമാകും എന്നതാണ് ഈ ഇടപാടിൽ നിന്ന് മെഴ്‌സിഡസ് ബെൻസിനുണ്ടാകുന്ന നേട്ടങ്ങൾ. ഇതുപയോഗിച്ച്, കമ്പനിക്ക് അവരുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് ശ്രേണി വളരെ വേഗത്തിൽ വികസിപ്പിക്കാൻ സാധിക്കും. അതേസമയം ഈ കരാർ മെഴ്‌സിഡസിന് മാത്രമല്ല, ബിഎംഡബ്ല്യുവിനും ഗുണം ചെയ്യും. ഇത് ബിഎംഡബ്ല്യുവിന്റെ ഉൽപ്പാദന ശേഷി പൂർണ്ണമായി ഉപയോഗിക്കാൻ അനുവദിക്കുകയും എഞ്ചിൻ വിതരണം വർദ്ധിക്കുന്നത് ഫാക്ടറിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.