
എംജി ഹെക്ടറിന്റെ ആരാധകർക്ക് പുതിയൊരു ഓപ്ഷൻ കൂടി. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 2026 ഹെക്ടർ ബ്ലാക്ക്‌സ്റ്റോം, സ്നോസ്റ്റോം പ്രത്യേക പതിപ്പുകൾ രാജ്യത്ത് അവതരിപ്പിച്ചു. അഞ്ച് സീറ്റർ ഹെക്ടറിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകളാണിവ. രണ്ട് പതിപ്പുകൾക്കും 19,99,800 രൂപ ആണ് എക്സ് ഷോറൂം വില. പുതിയ പതിപ്പുകളിൽ ഡിസൈൻ, നിറം, ഇന്റീരിയർ, ആക്‌സസറികൾ എന്നിവയിൽ നിരവധി മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. 143 പിഎസ് പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിൻ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സിൽ മാത്രമാണ് ലഭ്യമാക്കുന്നത്.
പേരിന് അനുസരിച്ചുള്ള വ്യത്യസ്‍ത നിറങ്ങളാണ് രണ്ട് പ്രത്യേക പതിപ്പുകളുടെയും പ്രധാന ആകർഷണം. ഹെക്ടർ ബ്ലാക്ക്‌സ്റ്റോമിന് പൂർണമായും കറുപ്പ് നിറത്തിലുള്ള എക്സ്റ്റീരിയർ തീമാണ് നൽകിയിരിക്കുന്നത്. സ്നോസ്റ്റോം പതിപ്പിൽ പേൾ വൈറ്റ് ബോഡിയോടൊപ്പം സ്റ്റാറി ബ്ലാക്ക് റൂഫും ലഭിക്കുന്നു. രണ്ട് എസ്‌യുവികളിലും സ്റ്റോം ഹെക്സ് ഗ്രിൽ, ഡാർക്ക് ക്രോം എംജി ലോഗോ, പിയാനോ ബ്ലാക്ക് റൂഫ് റെയിലുകൾ, സ്മോക്ക്ഡ് കണക്റ്റഡ് ടെയിൽ ലാമ്പുകൾ, കറുപ്പ് നിറത്തിലുള്ള ഹെഡ്‌ലാമ്പ് ബെസലുകൾ എന്നിവയുണ്ട്. ഓറ സ്റ്റോം ബ്ലേഡ് അലോയ് വീലുകൾക്ക് പിന്നിൽ ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും നൽകിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ്, ടെയിൽഗേറ്റ് എന്നിവയ്ക്കും ഡാർക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്.
പുറത്തെ ഡിസൈനിന് സമാനമായി ക്യാബിനിലും കറുപ്പ് നിറത്തിലുള്ള തീമാണ് നൽകിയിരിക്കുന്നത്. കറുത്ത ലെതർ സീറ്റുകൾക്കൊപ്പം മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിൽ പ്രത്യേക പതിപ്പിന്റെ പേര് എംബോസ് ചെയ്തിട്ടുണ്ട്. ഗൺമെറ്റൽ ഫിനിഷുള്ള ലെതർ സ്റ്റിയറിംഗ് വീൽ, 8 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.
ഹെക്ടർ ബ്ലാക്ക്‌സ്റ്റോം, സ്നോസ്റ്റോം പതിപ്പുകളിൽ 35.56 സെന്റിമീറ്റർ പോർട്രെയ്റ്റ് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും 17.78 സെന്റിമീറ്റർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. സ്മാർട്ട് ബൂസ്റ്റ് സംവിധാനം ടച്ച്‌സ്‌ക്രീനിന്റെ പ്രോസസ്സിംഗ് വേഗത മെച്ചപ്പെടുത്തുന്നു. 2, 3 വിരലുകൾ ഉപയോഗിച്ചുള്ള ആംഗ്യങ്ങളിലൂടെ കാലാവസ്ഥ, നാവിഗേഷൻ, സംഗീതം തുടങ്ങിയവ നിയന്ത്രിക്കാൻ ഐ-സ്വൈപ്പ് സംവിധാനവും ലഭ്യമാണ്. ഐ-സ്മാർട്ട് കണക്റ്റഡ് സംവിധാനം വഴി 70ൽ അധികം കണക്റ്റഡ് ഫീച്ചറുകൾ ഉപയോഗിക്കാം. ഡിജിറ്റൽ ബ്ലൂടൂത്ത് കീ, കീ പങ്കിടൽ, പ്രവചനാത്മക പരിപാലന അലേർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. ഓഡിയോ, എസി, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഫോണിൽ നിന്ന് നിയന്ത്രിക്കാനും സാധിക്കും.
സുരക്ഷയ്ക്കായി 360 ഡിഗ്രി എച്ച്ഡി ക്യാമറ, വീൽ വ്യൂ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്. എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയും ലഭ്യമാണ്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ എഡിഎഎസ്, മഴ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വൈപ്പറുകൾ എന്നിവയും ഈ പ്രത്യേക പതിപ്പുകളിൽ ഉൾപ്പെടുന്നു.
3+3+3 വാറന്റിയും പ്രത്യേക പതിപ്പുകൾക്കൊപ്പം സ്റ്റോം പാക്കേജും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേക ബാഡ്ജ്, ചുവപ്പ് ടെയിൽഗേറ്റ് ആക്‌സന്റ്, ഫോഗ് ലാമ്പ് ഡീറ്റെയിലിംഗ്, ഒആർവിഎം പ്രൊട്ടക്ടറുകൾ, സൈഡ് സ്റ്റെപ്പുകൾ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് 84 മാസം വരെ ഓൺ റോഡ് വിലയുടെ 100% ധനസഹായം ലഭ്യമാക്കുമെന്ന് എംജി അറിയിച്ചു. എംജി ഷീൽഡ് 3+3+3 പാക്കേജിന്റെ ഭാഗമായി 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ സേവനങ്ങൾ എന്നിവയും ലഭിക്കും.