
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് എംജി വിൻഡ്‌സർ ഇവി. 2024 ഒക്ടോബറിൽ ബുക്കിംഗ് ആരംഭിച്ച ഉടൻ തന്നെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി ഇത് തുടർച്ചയായി മാറിയിരുന്നു. ഇപ്പോൾ കമ്പനിക്ക് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു വലിയ 55kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഇത് പുറത്തിറക്കാൻ ഒരുങ്ങുകയണെന്നാണ് റിപ്പോട്ടുകൾ. മെയ് മാസത്തിൽ കമ്പനി പുതിയ എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയേക്കും.
കാറിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, എംജി വിൻഡ്‌സർ ഇവിയിൽ 38kWh ലിഥിയം-അയൺ-ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 331 കിലോമീറ്റർ സഞ്ചരിക്കാൻ ഈ ബാറ്ററിക്ക് കഴിയും. അതേസമയം, വരാനിരിക്കുന്ന പുതിയ വിൻഡ്‌സർ ഇവിയിൽ നൽകിയിരിക്കുന്ന 55kWh ബാറ്ററി ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. പുതിയ വിൻഡ്‌സർ ഇവിയിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) നൽകാനും കഴിയും. ഇതിനുപുറമെ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ഇവിയിൽ നൽകാം.
വെറും 6 മാസത്തിനുള്ളിൽ 20,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട്, ഈ നാഴികക്കല്ല് പിന്നിട്ട രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായി എംജി വിൻഡ്‌സർ മാറിയിരുന്നു. വിൻഡ്‌സർ ഇവി നിരയിൽ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില. പേൾ വൈറ്റ്, സ്റ്റാർട്ട്ബേർസ്റ്റ് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ക്ലേ ബീജ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. നിലവിൽ, ഈ ഇലക്ട്രിക് എംപിവി 38kWh LFP ബാറ്ററി പായ്ക്കിൽ ലഭ്യമാണ്. ഇത് 331 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് നൽകുന്നു. ഇതിന് ഫ്രണ്ട് ആക്‌സിൽ-മൗണ്ടഡ് മോട്ടോർ ഉണ്ട്, ഇത് പരമാവധി 136bhp പവറും 200Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വിൻഡ്‌സർ ഇവിയിൽ ഇക്കോ+, ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 45kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 55 മിനിറ്റ് എടുക്കും. ഈ ഇവിയിൽ 3.3kW, 7.7kW AC ചാർജറുകൾ ഉണ്ട്, ഇത് യഥാക്രമം 14 മണിക്കൂറും 6.5 മണിക്കൂറും കൊണ്ട് ബാറ്ററി പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യുന്നു.