
പുതിയ തലമുറ 3 സീരീസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു. പെട്രോൾ പതിപ്പിന് പിന്നാലെ ഇലക്ട്രിക് മോഡലും എത്തിയതോടെ വിവിധ പവർട്രെയിൻ ഓപ്ഷനുകളാണ് പുതിയ 3 സീരീസിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. പുതിയ ഡിസൈൻ, പരിഷ്കരിച്ച ഇന്റീരിയർ, നൂതന ഡ്രൈവിങ് സഹായ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
ഇലക്ട്രിക് ശ്രേണിയിൽ ഐ3 40 എക്സ്ഡ്രൈവ്, ഐ3 50 എക്സ്ഡ്രൈവ് എന്നീ മോഡലുകളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇതിൽ ഐ3 50 എക്സ്ഡ്രൈവിന് 108.7 കിലോവാട്ട് മണിക്കൂർ ബാറ്ററിയും 345 കിലോവാട്ട്, അതായത് 469 എച്ച്പി കരുത്തുമുണ്ട്. ഒറ്റ ചാർജിൽ 912 കിലോമീറ്റർ വരെ ഡബ്ല്യുഎൽടിപി റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 400 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന വാഹനത്തിന് ഉയർന്ന പവർ ചാർജിങ് സംവിധാനത്തിലൂടെ 10 മിനിറ്റിൽ 423 കിലോമീറ്റർ വരെ റേഞ്ച് കൂട്ടിച്ചേർക്കാനാകുമെന്നും ബിഎംഡബ്ല്യു പറയുന്നു. കൂടുതൽ കരുത്തേറിയ ഐ3 എം60 എക്സ്ഡ്രൈവ് 2027ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഎംഡബ്ല്യുവിന്റെ 'ന്യൂ ക്ലാസ്' ഡിസൈൻ ഭാഷയാണ് പുതിയ 3 സീരീസിന് നൽകിയിരിക്കുന്നത്. ഇലക്ട്രിക്, പെട്രോൾ പതിപ്പുകൾക്ക് സമാനമായ ഡിസൈൻ ആണുള്ളത്. പുതിയ കിഡ്‌നി ഗ്രിൽ, ഇരട്ട ഹെഡ്‌ലൈറ്റുകൾ, തിരശ്ചീന പിൻ ലൈറ്റുകൾ, പുതിയ വീൽ ഡിസൈൻ എന്നിവ കാറിന്റെ പ്രധാന സവിശേഷതകളാണ്.
പെട്രോൾ ശ്രേണിയിൽ 330, 330 എക്സ്ഡ്രൈവ് മോഡലുകൾക്ക് 2.0 ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ എൻജിനാണ്. 255 എച്ച്പിയും 400 എൻഎം ടോർക്കുമാണ് കരുത്ത്. മുകളിലെ എം350 എക്സ്ഡ്രൈവിൽ 3.0 ലിറ്റർ ടർബോചാർജ്ഡ് 6 സിലിണ്ടർ എൻജിനും 48V മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. 437 എച്ച്പി കരുത്തും 580 എൻഎം ടോർക്കും ലഭിക്കും. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.1 സെക്കൻഡ് മാത്രം മതിയാകും.
ക്യാബിനിൽ 17.9 ഇഞ്ച് സെൻട്രൽ ഡിസ്പ്ലേ, പനോരമിക് ഐഡ്രൈവ്, ഓപ്ഷണൽ 3ഡി ഹെഡ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഹാർമൻ കാർഡൺ ഓഡിയോ സംവിധാനം തുടങ്ങിയവ ലഭിക്കും. ബിഎംഡബ്ല്യു ഓപ്പറേറ്റിങ് സിസ്റ്റം എക്സ്, മെച്ചപ്പെടുത്തിയ ഡിജിറ്റൽ സേവനങ്ങൾ, ആമസോൺ അലക്സ പ്ലസ് വോയ്സ് സാങ്കേതികവിദ്യ എന്നിവയും വാഹനത്തിലുണ്ട്.
ലെവൽ 2 എഡിഎഎസ് സംവിധാനമാണ് സുരക്ഷയ്ക്കായി നൽകിയിരിക്കുന്നത്. തിരഞ്ഞെടുത്ത വിപണികളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗിന് സഹായിക്കുന്ന 'മോട്ടോർവേ അസിസ്റ്റന്റ്' സംവിധാനവും ലഭിക്കും. എന്നാൽ ഡ്രൈവർ നിരീക്ഷണം ആവശ്യമാണ്. 2027 മുതൽ നാവിഗേഷൻ ഗൈഡഡ് അർബൻ അസിസ്റ്റൻസ് സംവിധാനവും അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. ഇലക്ട്രിക് ഐ3യുടെ നിർമാണം മ്യൂണിക്കിലും പെട്രോൾ പതിപ്പുകളുടെ നിർമാണം ഡിംഗോൾഫിംഗിലുമാണ് നടക്കുക.