
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഇന്ത്യൻ വിപണിയിൽ പുതിയ സബ്-4 മീറ്റർ എംപിവിയെ ഇന്ന് അവതരിപ്പിക്കും. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന ഈ മോഡൽ നിസാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ മാസ്-മാർക്കറ്റ് ഏഴ് സീറ്റർ എംപിവി ആയിരിക്കും. കോർ പ്ലാറ്റ്‌ഫോമും മെക്കാനിക്കലുകളും റെനോ ട്രൈബറുമായി പങ്കിടും.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, എംപിവി നിരവധി തവണ റോഡുകളിൽ പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. വളരെക്കാലമായി വിൽപ്പനയിലുള്ള റെനോ ട്രൈബറിനോട് സമാനമായ ഒരു ഡിസൈൻ സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നു. എങ്കിലും പൂർണ്ണമായും പുതിയൊരു രൂപം നൽകുന്നതിനായി നിസ്സാൻ നിരവധി ഡിസൈൻ ഘടകങ്ങൾ മാറ്റിയിരിക്കുന്നു. ടെസ്റ്റിംഗ് മോഡലിൽ പുതിയ ഫ്രണ്ട് ഫാസിയ, വലിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പുതിയ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, പുതിയ റിയർ ബമ്പർ, ടെയിൽ ലാമ്പ് ഡിസൈൻ എന്നിവ ട്രൈബറിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
പുതിയ കാറിന്‍റെ ഇന്റീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, പുതിയ ഡാഷ്‌ബോർഡ് മെറ്റീരിയലുകൾ ഉപയോഗിച്ച് എംപിവിയിൽ പൂർണ്ണമായും പുതിയ ഇന്റീരിയറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, ട്രൈബറുമായി ചില സാമ്യതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറ്റവും പ്രധാനമായി, ഈ എംപിവി മൂന്ന്-വരി സീറ്റിംഗ് ക്രമീകരണത്തോടെയാണ് വരുന്നത്, ഇത് ഉപഭോക്താക്കൾക്ക് 5, 6, അല്ലെങ്കിൽ 7-സീറ്റ് കോൺഫിഗറേഷനുകളുടെ ഓപ്ഷൻ നൽകുന്നു.
പുതിയ നിസ്സാൻ എംപിവിയിലും 72 എച്ച്പിയും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ട്രൈബറിലെ അതേ 1.0 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും കരുത്ത് പകരുന്നത്. ട്രൈബറിലേതുപോലെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കുക. മികച്ച ഡ്രൈവബിലിറ്റിക്കായി നിസാൻ എഞ്ചിനും ഗിയർബോക്‌സും ഒപ്റ്റിമൈസ് ചെയ്‌തേക്കാം, പക്ഷേ അടിസ്ഥാന മെക്കാനിക്കൽ സജ്ജീകരണം അതേപടി തുടരും.
ഫീച്ചറുകളുടെ കാര്യത്തിൽ 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, കൂൾഡ് സെൻട്രൽ സ്റ്റോറേജ്, സ്ലൈഡ്-ആൻഡ്-റീക്ലിനിംഗ് രണ്ടാം നിര സീറ്റുകൾ തുടങ്ങിയ ഹൈടെക് സവിശേഷതകളോടെയാണ് ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്കായുള്ള നിസാന്‍റെ വിശാലമായ ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ എംപിവി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. പുതിയ ട്രൈബർ അധിഷ്‍ഠിത എംപിവി ഇതിൽ ആദ്യത്തേതായിരിക്കും. 2026 ഫെബ്രുവരിയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു. തുടർന്ന് റെനോ ഡസ്റ്റർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടെക്‌ടൺ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കും. ഇത് 2026 ജൂണിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പൈപ്പ്‌ലൈനിലെ മൂന്നാമത്തെ ഉൽപ്പന്നം 2027 ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഏഴ് സീറ്റർ എസ്‌യുവിയാണ്.