
മൂന്നാം തലമുറ ഡസ്റ്റർ ആയിരിക്കും ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയിൽ നിന്നുള്ള ഇന്ത്യയിലെ അടുത്ത വലിയ ഉൽപ്പന്ന ലോഞ്ച്. റെനോ-നിസാൻ ചെന്നൈ പ്ലാന്റിൽ എസ്‌യുവിയുടെ ഉത്പാദനം ഈ മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഡസ്റ്ററിനായി, റെനോ മൾട്ടി പവർട്രെയിൻ തന്ത്രം സ്വീകരിക്കും. കൂടാതെ പെട്രോൾ (നാച്ചുറലി ആസ്പിറേറ്റഡ്, ടർബോചാർജ്ഡ്) എഞ്ചിനുകൾ, ഒരു ഹൈബ്രിഡ് പവർട്രെയിൻ, സിഎൻജി ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് ഇത് അവതരിപ്പിക്കും. 2026 ന്റെ ആദ്യ പകുതിയിൽ പുതിയ റെനോ ഡസ്റ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം വിൽപ്പനയ്‌ക്കെത്തും.
പെട്രോൾ വേരിയന്റുകൾ എത്തി ആറ് മുതൽ 12 മാസത്തിനുള്ളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെനോ ഡസ്റ്റർ ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുക്ക് എതിരെയായിരിക്കും ഇത് സ്ഥാനം പിടിക്കുക. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം തലമുറ കിയ സെൽറ്റോസിന്റെ വേൾഡ് പ്രീമിയർ 2025 നവംബറിൽ നടന്നേക്കാം. തുടർന്ന് 2026 ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം.
സമഗ്രമായ രൂപകൽപ്പനയും ഫീച്ചർ അപ്‌ഡേറ്റുകളും സഹിതം 2027-ൽ പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ എത്തും. പുതിയ തലമുറ ക്രെറ്റയും സെൽറ്റോസും അവയുടെ തലമുറ അപ്‌ഗ്രേഡുകൾക്കൊപ്പം ഹൈബ്രിഡിലേക്ക് മാറും. റിപ്പോർട്ടുകൾ കൃത്യമാണെങ്കിൽ, പുതിയ കിയ സെൽറ്റോസ് ഹൈബ്രിഡ് പുതിയ റെനോ ഡസ്റ്റർ ഹൈബ്രിഡിന് മുമ്പായി അരങ്ങേറും. അതേസമയം പുതിയ ക്രെറ്റ ഹൈബ്രിഡ് ഈ രണ്ട് മോഡലുകൾക്ക് ശേഷമായിരിക്കും ഷോറൂമുകളിൽ എത്തുക.
2026 റെനോ ഡസ്റ്ററിന് തുടക്കത്തിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ കഴിയും. ആഗോളതലത്തിൽ വിൽക്കുന്ന ഡസ്റ്റർ ഹൈബ്രിഡ് (ഡാസിയ ഡസ്റ്റർ എന്ന് അറിയപ്പെടുന്നത്) 94hbp, 1.6L പെട്രോൾ എഞ്ചിൻ, ഡ്യുവൽ മോട്ടോറുകൾ, 1.2kWh ബാറ്ററി എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. ഈ കോൺഫിഗറേഷൻ പരമാവധി 140bhp പവർ നൽകുന്നു. ഇന്ത്യ-സ്പെക്ക് ഡസ്റ്ററിനും ഇതേ ഹൈബ്രിഡ് പവർട്രെയിൻ ലഭിച്ചേക്കാം.
ഇന്ത്യൻ വിപണിയിൽ സിഎൻജി, ഇലക്ട്രിക് ഡസ്റ്റർ എന്നിവയും റെനോ പരിഗണിക്കുന്നുണ്ട്. അവതരിപ്പിച്ചാൽ, കിഗറിലും ട്രൈബറിലും നമ്മൾ കണ്ടതുപോലെ, സിഎൻജി വേരിയന്റിനും തേർഡ്-പാർട്ടി സൊല്യൂഷനുകൾ ഉപയോഗിക്കാൻ കഴിയും. എന്നിരുന്നാലും, ഇലക്ട്രിക് പതിപ്പ് ഇപ്പോഴും വിലയിരുത്തലിലാണ്, ഇന്ത്യൻ റോഡുകളിൽ എത്താൻ കൂടുതൽ സമയമെടുത്തേക്കാം.