ഒരു മണിക്കൂറില്‍ 80 ശതമാനം ചാര്‍ജ്; വിപണി കീഴടക്കാന്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് നാളെയെത്തും

By Web TeamFirst Published Dec 18, 2019, 8:33 PM IST
Highlights

28.8 kWh ശേഷിയുള്ള ബാറ്ററിയാവും നെക്‌സോണ്‍ ഇലക്ട്രിക്കിന്‍റെ ഹൃദയം

ജനപ്രിയ കോംപാക്ട് എസ്‍യുവി നെക്സോണിന്‍റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 19ന് നിരത്തിലെത്തുകയാണ്. അവതരണത്തിന് തൊട്ടുമുമ്പ് തന്നെ ഈ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ.

28.8 kWh ശേഷിയുള്ള ബാറ്ററിയാവും നെക്‌സോണ്‍ ഇലക്ട്രിക്കിന്‍റെ ഹൃദയം. ഈ ബാറ്ററി 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്‌സോണ്‍ ഇലക്ട്രിക്കിനു സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

ടിഗോറിനു പിന്നാലെ ടാറ്റ അവതരിപ്പിക്കുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണിത്. സിപ്ട്രോൺ സാങ്കേതിക വിദ്യയില്‍ പേഴ്‍സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്കാണ് ആദ്യത്തെ നെക്‌സോൺ ഇവി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സാധാരണ നെക്‌സോണിന് സമാനമാണ് ഇലക്ട്രിക് വകഭേദം.  ഹില്‍ അസിസ്റ്റ് ഫങ്ഷന്‍, എനര്‍ജി റീജനറേഷന്‍ ഫീച്ചര്‍ എന്നിവ നെക്‌സോണ്‍ ഇവിയിലുണ്ട്. റിയര്‍ ആക്‌സിലില്‍ സെമി ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനാണ് ഒരുക്കുന്നത്. എട്ട് വര്‍ഷത്തേയും 1,60,000 കിലോമീറ്ററിന്റെയും വാറന്റിയാണ് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിന് നല്‍കുന്നത്.

ഹാരിയര്‍ എസ്‍യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍. സ്‍മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റിയും വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‍സും വാഹനത്തിലുണ്ടാകും.

റഗുലര്‍ നെക്സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായാണ് ഇലക്ട്രിക്കിലെ ചാര്‍ജിങ് പോര്‍ട്ടിന്‍റെ സ്ഥാനം. 300കിലോമീറ്റർ  റേഞ്ചിനു പുറമേ പുതിയ സാങ്കേതിക വിദ്യയിലൂടെ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, എട്ടു വർഷത്തെ വാറണ്ടിയുള്ള മോട്ടോർ,  ബാറ്ററി, ഐപി 67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ടാകും.

3995 എംഎം നീളവും 1811 എംഎം വീതിയും 1607 എംഎം ഉയരവും 2498 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്. റെഗുലര്‍ മോഡലിലേക്കാള്‍ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇവിയില്‍. 209 എംഎം ആണ് പുതിയ നെക്സോണിന്‍റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

രണ്ട് വേരിയന്റുകളിലെത്തുന്ന നെക്‌സോണ്‍ ഇവിയില്‍ ഓട്ടോമാറ്റിക് ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, പവര്‍ ഫോള്‍ഡിങ് മിറര്‍ എന്നിവ പുറത്തെ അധിക ഫീച്ചറുകളാണ്. റിവേഴ്‌സ് ക്യാമറ-പാര്‍ക്കിംങ് സെന്‍സര്‍ എന്നിവയുമായി ബന്ധിപ്പിച്ച ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറില്‍ നല്‍കുന്നത്.

ഇലക്ട്രിക് എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദത്തിലാവും ടാറ്റ കണക്ട്‌നെക്‌സറ്റ് കണക്ടിവിറ്റി ഒരുക്കുക. വോയിസ് കമാന്റ് ഉള്‍പ്പെടെ നിരവധി ആപ്പ് അനുബന്ധ ഫീച്ചറുകള്‍ കണക്ട്‌നെക്‌സറ്റിലുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട് വിത്ത് സ്മാര്‍ട്ട് കീ എന്നിവയും ഉയര്‍ന്ന വകഭേദത്തില്‍ ഇടംപിടിക്കും.

15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്‍റെ വില. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300 ഇലക്ട്രിക്കായിരിക്കും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളി. ഡിസംബര്‍ 19ന് അവതരിപ്പിക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക.

ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ മാത്രമാണ് വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും ടാറ്റ നെക്സോണ്‍ ഇലക്ട്രിക് ആദ്യം സാന്നിധ്യമറിയിക്കുന്നത്.

വാഹനം വിവിധ പരീക്ഷണ കടമ്പകള്‍ അനയാസേനെ കടക്കുന്ന ടീസര്‍ വീഡിയോ അടുത്തിടെ ടാറ്റ പുറത്തുവിട്ടിരുന്നു. പ്രത്യേകമായി സജ്ജീകരിച്ച വാഹന പരീക്ഷണ ട്രാക്കില്‍ ഗ്രേഡിയബിലിറ്റി ടെസ്റ്റ്, വാട്ടര്‍ വാഡിങ് ടെസ്റ്റ്, ക്ലൈമറ്റ് ചേംമ്പര്‍, റോബോട്ടിക് സ്റ്റിയറിങ്, ലൈന്‍ ചേഞ്ച്, സ്‌കിഡ് പാഡ്, ആക്‌സലറേഷന്‍, ബ്രേക്കിങ് തുടങ്ങിയ നിരവധി ടെസ്റ്റുകളെയാണ് ഇലക്ട്രിക് നെക്‌സോണ്‍ അതിജീവിച്ചത്.

click me!