നിസാൻ ടെക്‌ടൺ : വിപണി പിടിക്കാൻ പുതിയ എസ്‌യുവി; ക്രെറ്റയ്ക്കും സെൽറ്റോസിനും എതിരാളിയാകും

Published : Oct 07, 2025, 02:12 PM IST
Nissan Tekton SUV

Synopsis

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ, പുതിയ സി-സെഗ്മെന്റ് എസ്‌യുവിയായ ടെക്ടൺ അവതരിപ്പിച്ചു. 2026-ൽ വിപണിയിലെത്തുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോട് മത്സരിക്കും. 

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ ഇന്ത്യ പുതിയ സി-സെഗ്മെന്റ് എസ്‌യുവിയായ ടെക്ടൺ അവതരിപ്പിച്ചു. 2026 ന്റെ രണ്ടാം പാദത്തിൽ കമ്പനി ഈ കാറിനെ വിപണിയിൽ പുറത്തിറക്കും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൺ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന ഒരു പ്രീമിയവും എന്നാൽ പ്രായോഗികവുമായ എസ്‌യുവിയാണ് നിസാൻ ടെക്ടൺ. നിസ്സാൻ, റെനോ എന്നിവയുടെ ചെന്നൈ സംയുക്ത പ്ലാന്റിൽ ഈ എസ്‌യുവി നിർമ്മിക്കുകയും ഇന്ത്യയ്‌ക്കൊപ്പം തിരഞ്ഞെടുത്ത ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

ഡിസൈൻ

രൂപകൽപ്പനയുടെ കാര്യത്തിൽ, നിസ്സാൻ ടെക്റ്റണിൽ ഫ്ലാറ്റ് ബോണറ്റ്, സിഗ്നേച്ചർ വി-മോഷൻ ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടുന്നു. പരുക്കൻ ബമ്പറുകൾ, വലിയ അലോയ് വീലുകൾ, വീതിയേറിയ വീൽ ആർച്ചുകൾ എന്നിവ ഇതിന് ഒരു പരുക്കൻ രൂപം നൽകുന്നു. സൈഡ് പ്രൊഫൈലിൽ ഹിമാലയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു "ഡബിൾ-സി" പാറ്റേൺ ഉണ്ട്, ഇത് ഇതിന് ഒരു ഇന്ത്യൻ ടച്ച് നൽകുന്നു. പിന്നിൽ, ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ് ബാർ, ചതുരാകൃതിയിലുള്ള ലാമ്പുകൾ, പിൻ സ്‌പോയിലർ എന്നിവ അതിന്റെ പ്രീമിയം ആകർഷണം കൂടുതൽ വർദ്ധിപ്പിക്കുന്നു.

ടെക്റ്റൺ എന്ന പേരിനു പിന്നിൽ

ടെക്റ്റൺ എന്ന പേര് കരകൗശല വിദഗ്ധൻ അല്ലെങ്കിൽ ആർക്കിടെക്റ്റ് എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നത്. നിസാൻ പറയുന്നതനുസരിച്ച്, ഈ പേര് അതിന്റെ എഞ്ചിനീയറിംഗ്, ഡിസൈൻ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു. ശക്തി, ശൈലി, നൂതനത്വം എന്നിവ സന്തുലിതമാക്കുന്ന ഒരു എസ്‌യുവി ആണിത്. കമ്പനി പറയുന്നതനുസരിച്ച്, തങ്ങളുടെ കരിയർ, ജീവിതശൈലി, അഭിനിവേശം തുടങ്ങിയവയിലൂടെ സ്വന്തം ഐഡന്‍റിറ്റി സൃഷ്‍ടിക്കുന്ന ഉപഭോക്താക്കൾക്കായാണ് ടെക്റ്റൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പവർട്രെയിൻ

റെനോയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ എസ്‌യുവി നിർമ്മിക്കുക. പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഉയർന്ന വകഭേദങ്ങളിൽ ഓൾ-വീൽ ഡ്രൈവ് (AWD) ഉൾപ്പെടുത്തിയേക്കാം. ഇന്ത്യയിലെ കമ്പനിയുടെ പുതിയ വളർച്ചാ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ് ടെക്‌ടൺ എന്ന് നിസാൻ പറയുന്നു. ഈ ലോഞ്ചിനുശേഷം, നിസാൻ ഒരു സബ്-4 മീറ്റർ എംപിവിയും 7 സീറ്റർ എസ്‌യുവിയും അവതരിപ്പിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്